കാട്ടാനയ്ക്കെന്താ ഹോട്ടലിൽ കാര്യം? ഹോട്ടലിന്റെ അകത്തളങ്ങളിലൂടെ ആനയുടെ യാത്ര; ദൃശ്യങ്ങൾ

Curious Elephant Walks Into Hotel
SHARE

സാധാരണ മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ കാട്ടാനകളിറങ്ങാറുണ്ടെങ്കിലും കൃഷിയിടങ്ങളൊക്കെ ചവിട്ടിമെതിച്ച് കടന്നു പോവുകയാണ് പതിവ്. എന്നാൽ ഇവിടെയൊരു കാട്ടാന പതിവായി സന്ദർശനം നടത്തുന്നത് ഒരു ഹോട്ടലിലാണ്. ശ്രീലങ്കയിലെ ജെറ്റ്‌വിങ് യാലാ ഹോട്ടലിലാണ് നാട്ടാ കോട്ടാ എന്ന വിളിപ്പേരുള്ള ഈ കാട്ടാനയുടെ സന്ദർശനം. നാട്ടാ കോട്ടാ എന്ന പേരിന്റെ അർത്ഥം മുറിവാലൻ എന്നാണ്. ഏതോ അപകടത്തിൽ പെട്ട് ആനയുടെ വാലിന്റെ അറ്റം മുറിഞ്ഞുപോയതിനാലാണ് ഇങ്ങനെയൊരു പേരു കിട്ടിയത്.

നാട്ടാ കോട്ടാ ഈ ഹോട്ടലിലെ പതിവ് സന്ദർശകനാണ്. അതുകൊണ്ട് തന്നെ കാട്ടാനയാണെങ്കിലും ഇവിടെയുള്ള ജീവനക്കാർക്ക് നാട്ടാ കോട്ടായെ ഭയമില്ല. സന്ദർശനം എന്നു പറയുമ്പോൾ ഹോട്ടലിന്റെ മുന്നിൽ വന്ന് നിന്നിട്ട് പോകുകയാണെന്ന് കരുതരുത്. ഹോട്ടലിന്റെ അകത്തുകൂടിയാണ് നാട്ടാ കോട്ടായുടെ യാത്ര. വിനോദസഞ്ചാരികൾ ഏറെയെത്തുന്ന ഹോട്ടലാണിത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ കൗതുകം പകരുന്നതാണ് നാട്ടാ കോട്ടായുടെ സന്ദർശനം.

ഇവിടെയെത്തിയ വിനോദ സഞ്ചാരിയാണ് ഹോട്ടലിനുള്ളിലൂടെ കൂളായി നടക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഹോട്ടലിനുള്ളിലൂടെ ലാഘവത്തോടെ സഞ്ചരിക്കുന്ന കാട്ടാന തുമ്പിക്കൈ ഉപയോഗിച്ച് ഒരു ലാമ്പ് താഴെയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹോട്ടലിന്റെ അകത്തളങ്ങൾ അരിച്ചുപെറുക്കിയാണ് നാട്ടാ കോട്ടായുടെ നടപ്പ്. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. 6 മില്യണിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ ജെറ്റ്‌വിങ് ഹോട്ടലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും നാട്ടാ കോട്ടായുടെ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. പ്രിയപ്പെട്ട താമസക്കാരൻ എന്നു വിശേഷിപ്പിച്ചാണ്  നാട്ടാ കോട്ടായുടെ ദൃശ്യങ്ങൾ പങ്കുവച്ചത്. ഹോട്ടലിലെ പതിവ് സന്ദർശകനാണെങ്കിലും വിനോദസഞ്ചാരികളോട് നാട്ടാ കോട്ടായിൽ നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകാറുണ്ട്.കാരണം നാട്ടാ കോട്ടാ ഒരു കാട്ടാനയാണ്. അതുകൊണ്ട് തന്നെ എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കാനാവില്ല. ഇതുവരെ നാട്ടാ കോട്ടാ ഹോട്ടലിലെത്തി അതിക്രമങ്ങളൊന്നും കാട്ടിയിട്ടില്ല.  വന്യമൃഗങ്ങളെ അവരെ വഴിക്ക് വിടുക എന്ന സമീപനമാണ് ഹോട്ടലിന്റേത്. അതുകൊണ്ട് തന്നെ വന്യമൃഗങ്ങളുമായി അനാവശ്യ സംഘടനങ്ങളും ഇവിടെ പതിവില്ല. എന്നാൽ വന്യമൃഗങ്ങളുമായി ഒരു നിശ്ചിത അകലം പാലിക്കണമെന്ന നിർദേശവും ഹോട്ടലുകാർ നൽകുന്നു. 

English Summary: Curious Elephant Walks Into Hotel, Knocks Over Lamp

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA