ദൗത്യം പൂർത്തിയായി; സ്വന്തം വര്‍ഗത്തെ രക്ഷിച്ച് ഡിയാഗോ ആമ തിരിച്ചെത്തി

Tortoise with species-saving sex drive returns to Galapagos
SHARE

ഗലപാഗോസ് ദ്വീപിലെ ഭീമന്‍ ആമകള്‍ ലോകത്തിലേക്ക് വച്ച് ഏറ്റവും വെല്ലുവിളി നേരിടുന്ന ജീവിവര്‍ഗമായിരുന്നു ആറ് പതിറ്റാണ്ട് മുന്‍പ് വരെ. ഇരുപതില്‍ താഴെ മാത്രം ഉണ്ടായിരുന്ന ഈ ആമകളില്‍ നിന്ന് ഈ വംശത്തെ രക്ഷിച്ചെടുക്കുന്നതില്‍ നിര്‍ണായകമായത് ഡിയാഗോ എന്ന ആമ മുത്തച്ഛനാണ്.  ഇന്ന് രണ്ടായിരത്തിലേറെ ഭീമന്‍ ആമകള്‍ ഗലപാഗോസ് ദ്വീപിലുണ്ട്. ഇവയില്‍ 800 ആമകളുടെ പിതാവ് ഡിയാഗോ ആണ്. അതായത് ഇന്ന് ഭൂമിയിലുള്ള ഭീമന്‍ ആമകളിലെ മൂന്നില്‍ ഒന്നിലേറെ ആമകളെ ഉൽപാദിപ്പിച്ചത് ഈ 100 വയസ്സുള്ള ആമ മുത്തച്ഛനാണ്.

തന്‍റെ വംശത്തെ രക്ഷിക്കാനുള്ള ദൗത്യത്തിനായി ആറ് പതിറ്റാണ്ട് മുന്‍പാണ് ഡിയേഗോ ജന്മനാടായ ഗലപാഗോസ് വിട്ടുപോയത്. ഡിയേഗോയ്ക്ക് ഒപ്പം 19 ആമകളെ കൂടി ഗവേഷകര്‍ പ്രജനന കേന്ദ്രമായ സാന്താക്രൂസ് ദ്വീപിലേക്ക് കൊണ്ടുപോയിരുന്നു. ഇവയില്‍ 8 ആണ്‍ ആമകളും 12 പെണ്‍ ആമകളുമാണുണ്ടായിരുന്നത്.  എന്നാല്‍ ഭീമന്‍ ആണ്‍ ആമകളുടെ പ്രധാന പ്രശ്നം അവയുടെ ഇണ ചേരാനുള്ള താൽപര്യക്കുറവാണ്. പക്ഷേ ഇക്കാര്യത്തില്‍ ഡിയാഗോയുടെ താാൽപര്യം മറിച്ചായിരുന്നു. ഇണ ചേരാനുള്ള ഡിയാഗോയുടെ ഈ താൽപര്യം തന്നെയാണ് ഇന്ന് ഭീമന്‍ ആമകളെ സുരക്ഷിതമായ എണ്ണത്തിലേക്കെത്തിച്ചതും. ഡിയാഗോ ജന്‍മം നല്‍കിയ കുട്ടികളും പിന്നീട് പ്രത്യുൽപാദനം നടത്തി ഭീമന്‍ ആമകളുടെ അംഗസംഖ്യ വർധിക്കുന്നതില്‍ പങ്കു വഹിക്കുന്നുണ്ട്. 

1960 ലാണ് ഭീമന്‍ ആമകളുടെ സംരക്ഷണത്തിനായുള്ള പദ്ധതി സാന്‍റാക്രൂസ് ദ്വീപില്‍ ആരംഭിക്കുന്നത്. ഭീമന്‍ ആമകളുടെ എണ്ണം ആരോഗ്യകരമായ നിലയില്‍ എത്തിയതോടെയാണ് ഇപ്പോള്‍ ഈ പദ്ധതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെയാണ് ഡിയേഗോ ഗലപാഗോസ് ദ്വീപിലേക്ക് തിരികെയെത്തിയതും. ഗലപാഗോസ് ദ്വീപസമൂഹത്തിലെ തന്നെ  എസ്പനാളോദ്വീപിലാണ് ഡിയാഗോ ഇപ്പോഴുള്ളത്. ഡിയാഗോയുടെ ജന്മദേശമായി കണക്കാക്കുന്നതും ഈ ദ്വീപാണ്.

നിലവില്‍ 1800 ഭീമന്‍ ആമകളാണ് ഗലപാഗോസ് ദ്വീപിലുള്ളത്. ഇപ്പോള്‍ ഇവയിലൊരാളാണ് ഡിയാഗോയും. അതേസമയം ദ്വീപിലെ 40 ശതമാനം ഭീമന്‍ ആമകളുടെയും പിതാവ് ഡിയാഗോ ആണെന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. 1970 ല്‍ 14 ആമകള്‍ മാത്രമാണ് ഗലപാഗോസ് ദ്വീപസമൂഹത്തിലുണ്ടായിരുന്നത്. ഇവയില്‍ 12 പെണ്‍ ആമകളും രണ്ട് ആണ്‍ ആമകളും ആണ് ഉള്‍പ്പെട്ടിരുന്നത്. അന്നത്തെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് ഇന്നത്തെ ഭീമന്‍ ആമകളുടെ എണ്ണം സന്തോഷം നല്‍കുന്ന കാഴ്ചയാണെന്ന് ഗലപാഗോസ് നാഷണല്‍ പാര്‍ക്ക് സര്‍വീസ് ഡയറക്ടര്‍ ജോര്‍ജ് കാരിയോണ്‍ പറയുന്നു.

ഏതാണ്ട് 80 വര്‍ഷം മുന്‍പാണ് ഗലപാഗോസ് ദ്വീപിലേയ്ക്കെത്തിയ ഗവേഷക സംഘം ഡിയാഗോയെ കൊണ്ടുപോയതെന്നാണ് കരുതുന്നത്. ഇവര്‍ അമേരിക്കയിലെ സാന്‍ഡിയാഗോ മൃഗശാലയില്‍ ഡിയാഗോയെ പിന്നീടെത്തിച്ചത്. സാന്താക്രൂസ് ദ്വീപിലെ പ്രജനന ദൗത്യത്തിന് 1960 ല്‍ ഡിയാഗോയെ എത്തിക്കുന്നത് സാന്‍ഡിയാഗോ മൃഗശാലയില്‍ നിന്നായിരുന്നു. 

യുനസ്കോ ലോക പൈതൃക പദവി നല്‍കിയ പ്രകൃതിമേഖലകളില്‍ ഒന്നാണ് ഗലപാഗോസ് ദ്വീപസമൂഹം. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജൈവവ്യവസ്ഥ നിലനില്‍ക്കുന്ന മേഖലകളില്‍ ഒന്നാണ് ഗലപാഗോസ്. ഡിയാഗോ ഉള്‍പ്പെടുന്ന ഭീമന്‍ ആമകളും ഭൂമിയിലെ തന്നെ ഏറ്റവും പുരാതന ജീവിവര്‍ഗങ്ങളില്‍ ഒന്നാണ്. പസിഫിക്കില്‍ തെക്കേ അമേരിക്കയിലെ ഇക്വഡോറില്‍  നിന്ന് ഏതാണ്ട് 906 കിലോമീറ്റര്‍ അകലെയാണ് ഗലപാഗോസ് ദ്വീപ സമൂഹം സ്ഥിതി ചെയ്യുന്നത്.  ഗലപാഗോസിലെ ആമകളും, ഇഗ്വാനകളും അടങ്ങുന്ന ജീവവര്‍ഗമാണ് ചാള്‍സ് ഡാര്‍വിന് പരിണാമ സിദ്ധാന്തം രൂപീകരിക്കാന്‍ പ്രചോദനമായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA