മാലിന്യവും സ്പൈഡർമാനും തമ്മിലെന്താ ബന്ധം? തെരുവുകൾ വൃത്തിയാക്കുന്ന സ്പൈഡർമാൻ

This Man Dresses Up As Spider-Man To Clean Trash
SHARE

മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ പൊതുമേഖലാ സംവിധാനങ്ങൾ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതിനാൽ ഏറ്റവുമധികം ബുദ്ധിമുട്ടുന്ന ജനങ്ങളാണ് ഇന്തോനീഷ്യയിലുള്ളത്. എന്നാൽ ഇതിനൊരു പരിഹാരം കണ്ടെത്താനായി തെരുവുകൾ വൃത്തിയാക്കാൻ ഇറങ്ങിയിരിക്കുന്നതാകട്ടെ സാക്ഷാൽ സ്പൈഡർമാനും.

ഇന്തോനീഷ്യയിലെ തെരുവുകളിലും കടൽത്തീരങ്ങളിലുമെല്ലാം മാലിന്യം നിറഞ്ഞ അവസ്ഥ കണ്ടാണ് അവ വൃത്തിയാക്കുവാൻ ഒരു കഫേ ജോലിക്കാരനായ റൂഡി ഹർട്ടോനോ തുനിഞ്ഞിറങ്ങിയത്. എന്നാൽ ഇതിലേക്ക് തീരദേശത്തെ ജനങ്ങളെക്കൂടി ആകർഷിച്ച് പ്രധാന പ്രദേശങ്ങൾ പൂർണമായും മാലിന്യ വിമുക്തമാക്കാനുള്ള റൂഡിയുടെ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെടുകയായിരുന്നു.  ഒടുവിൽ  ഇതിനൊരു പരിഹാരമാർഗവും 36 കാരനായ അദ്ദേഹം കണ്ടെത്തി. അങ്ങനെയാണ് അനന്തരവനെ രസിപ്പിക്കാനായി വാങ്ങിയ സ്പൈഡർമാൻ വേഷം ധരിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യാൻ റൂഡി ഇറങ്ങിയത്. സ്പൈഡർമാനായി എത്തിയത് മുതൽ ജനങ്ങളുടെ പ്രതികരണം വളരെ വലുതാണെന്ന് റൂഡി പറയുന്നു.

ജനസംഖ്യയിൽ ലോകത്തിലെതന്നെ നാലാം സ്ഥാനത്തുള്ള ഇന്തോനീഷ്യയിൽ നിന്നും പ്രതിവർഷം പുറംതള്ളുന്നത് 3.2 മില്യൺ ടൺ മാലിന്യമാണെന്നാണ് കണക്കുകൾ. ഇതിൽ തന്നെ പകുതിയിലേറെ പ്രധാനമായും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഇവ സമുദ്രങ്ങളിലും നദികളിലും ചെന്നു പതിക്കുകയാണ് ചെയ്യുന്നതെന്ന് 2015 ൽ നടത്തിയ പഠനത്തിൽ പറയുന്നു. ഇതിനു പരിഹാരം കണ്ടെത്തണമെന്ന ആഗ്രഹമാണ് തന്റേതായ ഒരു വഴി തിരഞ്ഞെടുക്കാൻ റൂഡിയെ പ്രേരിപ്പിച്ചത്.

വൈകുന്നേരം ഏഴുമണിക്ക് കഫെ ജോലിക്ക് പോകുന്നതിനു മുൻപുള്ള സമയമാണ് മാലിന്യങ്ങൾ നീക്കം ചെയ്യാനായി അദ്ദേഹം വിനിയോഗിക്കുന്നത്. സ്പൈഡർമാൻ വേഷം ശ്രദ്ധയാകർഷിച്ചതോടെ നിരവധി മാധ്യമങ്ങളും റൂഡിയെ തേടിയെത്തിത്തുടങ്ങി.  ഇപ്പോൾ ദേശീയതലത്തിൽ തന്നെ മാലിന്യ പ്രശ്നത്തിലേക്കു വെളിച്ചം വീശാൻ റൂഡിയുടെ പരിശ്രമങ്ങൾക്ക്  സാധിച്ചിട്ടുണ്ട്.

17000ൽ പരം ദ്വീപുകളുള്ള ഇന്തോനീഷ്യയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രത്തിലേക്കെത്തിക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ളത്. ആദ്യ സ്ഥാനം ചൈനയ്ക്കാണ്. മാലിന്യ നിർമാർജനത്തിനു ഭരണകൂടം കൂടുതൽ ഊന്നൽ നൽകുകയും നിയമങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്നാണ് റൂഡിയുടെ പ്രതീക്ഷ. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുക എന്നതാണ് ഏറെ പ്രധാനമെന്ന് റൂഡി പറയുന്നു.

English Summary: Why This Man Dresses Up As Spider-Man To Clean Trash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA