ലക്ഷങ്ങളുടെ ജീവൻ രക്ഷിക്കുന്ന 'മഗാവ'; എലിയെ തേടിയെത്തിയത് ധീരതയ്ക്കുള്ള സ്വർണ്ണമെഡൽ

Landmine detection rat awarded gold medal for ‘lifesaving bravery’
SHARE

കംബോഡിയയുടെ മണ്ണിനടിയിൽ ഇന്നും കെടാതെ കിടക്കുന്നുണ്ട് ആഭ്യന്തരയുദ്ധ കാലത്തെ കുഴിബോംബുകളും ഷെല്ലുകളുമെല്ലാം. ആരെങ്കിലും ചവിട്ടിയാലോ കൃഷിയാവശ്യത്തിന് ഭൂമി കുഴിക്കുന്നതിനിടയിലോ ഇവ ഇപ്പോഴും പൊട്ടിത്തെറിക്കാറുമുണ്ട്. 1979 മുതലുള്ള കണക്കു നോക്കിയാൽ ഇന്നേവരെ ഇരുപതിനായിരത്തോളം കംബോഡിയക്കാർ ഇത്തരത്തിൽ കുഴിബോംബ് പൊട്ടി മരണമടഞ്ഞിട്ടുണ്ട്. 44000ത്തിലധികം പേർക്ക് അംഗവൈകല്യവും സംഭവിച്ചു. ഈ വിപത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനായി പ്രത്യേകപരിശീലനം സിദ്ധിച്ച ഒരു കിടിലൻ സ്ക്വാഡിനെ രംഗത്തിറക്കിയിരിരുന്നു സർക്കാർ.–വേറാരുമല്ല, ഒരു കൂട്ടം എലികളായിരുന്നു അവ. ഇതിൽ  മൃഗങ്ങള്‍ക്കായ് ഏര്‍പ്പെടുത്തിയ ധീരതയ്ക്കുള്ള സ്വര്‍ണമെഡല്‍ ഈ വര്‍ഷം കിട്ടിയത് കമ്പോഡിയക്കാരുടെ രക്ഷകന്‍ എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന മഗാവയ്ക്കാണ്.

ബോംബുണ്ടെന്നു സംശയിക്കുന്ന പാടത്തേക്കോ പറമ്പിലേക്കോ കാട്ടിലേക്കോ ഇവയെ തുറന്നുവിട്ടാൽ മതി, മിനിറ്റുകൾക്കകം ഓരോരോ ബോംബുകളായി കണ്ടെത്തിത്തരും. മനുഷ്യരാണെങ്കിൽ മെറ്റൽ ഡിറ്റക്ടറുമായി അഞ്ചു ദിവസമെങ്കിലും നടന്നാലേ ഒരു ബോംബെങ്കിലും കണ്ടെത്താനാകൂ. അറിയാതെയെങ്കിലും കുഴിബോംബുകളിലൊന്നിൽ ചവിട്ടിയാലോ, മരണം വരെ ഉറപ്പ്. പക്ഷേ കൂടിപ്പോയാൽ 10 മിനിറ്റിനകം ഒരു ബോംബ് കണ്ടെത്തുമെന്നതാണ് എലിസ്ക്വാഡിന്റെ വിജയം. ഭാരം തീരെ കുറവായതിനാൽ ബോംബിന്റെ മുകളിൽ കയറി നിന്നാൽപ്പോലും പൊട്ടിത്തെറിച്ച് അപകടവും ഉണ്ടാകില്ല.

മനുഷ്യ ജീവിതത്തില്‍ മ‍ൃഗങ്ങളുടെ സ്വാധീനം, അവ എത്രമാത്രം മനുഷ്യരെ സഹായിക്കുകയും അവരോട് ഇണങ്ങി നില്‍ക്കുകയും ചെയ്യുന്നു, അവയെ മനുഷ്യര്‍ എങ്ങനെ കരുതണം എന്നൊക്കെ സ്വപ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് സമൂഹത്തിന് കാട്ടിക്കൊടുക്കുന്ന സംഘടനയാണ് പിഡിഎസ്എ. ഈ സംഘടന മൃഗങ്ങള്‍ക്കായ് ഏര്‍പ്പെടുത്തിയ ധീരതയ്ക്കുള്ള സ്വര്‍ണമെഡല്‍ ഈ വര്‍ഷം കിട്ടിയത് കമ്പോഡിയക്കാരുടെ രക്ഷകന്‍ എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന മഗാവയ്ക്കാണ്.

ഇതോ രക്ഷകന്‍ എന്ന് അതിശയം തോന്നാം. അതേയെന്ന് അഭിമാനത്തോടെ അംഗീകരിക്കും കമ്പോ‍ഡിയക്കാര്‍. വര്‍ഷങ്ങള്‍ നീണ്ട യുദ്ധകാലത്തിന്റെ ശേഷിപ്പുകളായി ഇന്നും കമ്പോഡിയയുടെ പലഭാഗങ്ങളിലും കിടക്കുന്ന ലക്ഷക്കണക്കിന് കുഴിബോംബുകളൾക്ക് മീതെ ഭയപ്പാടോടെയാണ് അവരുടെ ജീവിതം. കൃഷി ഉപ‍ജീവനമാക്കിയ ഇവര്‍ നിലം ഒരുക്കുമ്പോഴാണ് പലപ്പോഴും കുഴിബോംബുകള്‍ പൊട്ടാറുള്ളത്. അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമായവര്‍ നിരവധിയാണ്. അരലക്ഷത്തോളം പേര്‍ ഭിന്നശേഷിക്കാരായി ദുരന്തത്തിന്റെ ജീവിക്കുന്ന ഇരകളായി ഇന്നുണ്ട്. അപ്പോഴാണ് രക്ഷകനായുള്ള മഗാവയുടെ വരവ്. 

മണ്ണിനടിയിലെ കുഴിബോംബിന്റെ സാന്നിധ്യം മണത്തുകണ്ടുപിടിക്കാന്‍ കഴിവുള്ള മഗാവയെ ഒരു സന്നദ്ധസംഘടനയാണ് കമ്പോഡിയയില്‍ എത്തിച്ചത്. കഴിഞ്ഞ ഏഴുവര്‍ഷത്തെ സേവനത്തിനിടെ 1,41,000 SQ.MTR ദൂരം മഗാവ മണംപിടിച്ച് സുരക്ഷിതമാക്കിക്കഴിഞ്ഞു. ഈ ധീരസേവനത്തിനാണ് പിഡിഎസ്എ സ്വര്‍ണമെഡല്‍ നല്‍കി മഗാവയെ ആദരിച്ചത്. അഭിമാനസ്തംഭം കഴുത്തിലണിഞ്ഞ് മഗാവയ്ക്ക് ഇനിയുമേറെ ദൂരം പോകാനുണ്ട്. 

എപിഒപിഒ എന്ന സന്നദ്ധസംഘടയുടെ ശ്രമഫലമായി ടാൻസാനിയയിൽ നിന്നാണ്  ഈ എലി സംഘത്തെ കംബോഡിയയിൽ എത്തിച്ചത്. ഇവയെ നോക്കാനായി  സംരക്ഷകരെയും ഏർപ്പാടാക്കിയിരുന്നു. രാജ്യത്തെ ഉൾഗ്രാമങ്ങളിലും കൃഷിയിടങ്ങളിലുമെല്ലാം ദേഹത്ത് ഒരു ബെൽറ്റുമിട്ട ഈ എലിക്കൂട്ടവുമായി നടക്കുകയാണിവരിപ്പോൾ. എലികൾ നൽകുന്ന സൂചനയുടെ മാത്രം ബലത്തിലാണ് അവയുടെ സംരക്ഷകരും ബോംബ് സ്ക്വാഡ് അംഗങ്ങളും ഓരോ പ്രദേശത്തേക്കുമിറങ്ങുന്നതു തന്നെ. എലി സ്ക്വാഡുമായുള്ള ഇവരുടെ ആത്മബന്ധവും അതുകൊണ്ട് ശക്തമാണ്. 

കുഴിബോംബുകളിലെയും ഷെല്ലുകളിലെയും മാരകസ്ഫോടകവസ്തുവായ ടിഎൻടി മണത്തുകണ്ടെത്താനുള്ള പരിശീലനമാണ് ഇവയ്ക്കു നൽകിയത്. ഒരിടത്തേക്ക് തുറന്നുവിട്ടാൽ ഇവ മണത്തുനടക്കും. ബോംബ് കണ്ടെത്തിയാൽ അവിടത്തെ നിൽക്കും എന്നിട്ട് കാലുകൊണ്ട് അൽപം തുരന്നിടും. പിന്നീട് ബോംബ്സ്ക്വാഡ് എത്തി അത് നിർവീര്യമാക്കുകയാണ് പതിവ്. ഓരോ ബോംബ് കണ്ടെത്തുമ്പോഴും പഴങ്ങളും കശുവണ്ടിയുമെല്ലാമായി ഉഗ്രൻ സമ്മാനങ്ങളും കിട്ടിക്കൊണ്ടിരിക്കും. ബെൽജിയം ആസ്ഥാനമായുള്ള എപിഒപിഒ നേരത്തെ അംഗോളയിലും മൊസാംബിക്കിലും തായലൻഡിലും ലാവോസിലും വിയറ്റ്നാമിലുമുൾപ്പെടെ എലി സ്ക്വാഡിനെ പരീക്ഷിച്ച് വിജയം കണ്ടതാണ്. 

English Summary: Landmine detection rat awarded gold medal for ‘lifesaving bravery’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA