ADVERTISEMENT

പ്രകൃതിസംരക്ഷണവും വനനശീകരണത്തിനെതിരെയുള്ള പ്രതിഷേധങ്ങളുമൊക്കെ കടലാസുകളിൽ മാത്രം ഒതുങ്ങുന്ന കാലത്ത് പ്രകൃതിയുമായി ചേർന്ന്  ജീവിക്കാനുള്ള  പാഠങ്ങൾ സ്വന്തം ജീവിതത്തിലൂടെ പകർന്നുതരുന്ന ചിലരുണ്ട്. അക്കൂട്ടത്തിൽ മുൻനിരയിൽ തന്നെയാണ് കോഴിക്കോട്ടുകാരനായ വി മുഹമ്മദ് കോയയുടെ സ്ഥാനം. ഒറ്റയാൾ പോരാട്ടത്തിലൂടെ മൊട്ടക്കുന്നിനെ വനമാക്കി മാറ്റിയ കഥയാണ് വിഎംകെ ബൊട്ടാണിക്കൽ ഗാർഡൻ എന്ന മൂന്നേക്കർ വനത്തിന്റെ ഉടമയായ മുഹമ്മദ് കോയ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നത്.

VMK Botanical garden
വി മുഹമ്മദ് കോയ വനം കാണാനെത്തിയ കുട്ടികളുമൊത്ത്

വനം വളർത്തുക എന്ന ആശയത്തിലേക്ക് എത്തിപ്പെട്ടത്?

രണ്ടു പതിറ്റാണ്ട് മുൻപാണ് വനം വളർത്തുക എന്ന ആഗ്രഹം മനസ്സിൽ തോന്നിയത്. പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള ചർച്ചകൾ അന്ന് ഇത്രത്തോളം സജീവമായിരുന്നില്ല.  30 സെൻറ് സ്ഥലമാണ് കൈവശമുണ്ടായിരുന്നത്. അവിടെ എന്തുചെയ്യാം എന്ന് ചിന്തിച്ചപ്പോൾ വനം എന്ന ആശയത്തിലേക്ക് സ്വയം എത്തിപ്പെടുകയായിരുന്നു. അതിൽ വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചു തുടങ്ങി. ഏഴിലമ്പാലയാണ് ആദ്യമായി നട്ടത്. പിന്നീട് മൂന്നു നാല് വർഷങ്ങൾ കൊണ്ടാണ് മൂന്നേക്കർ സ്ഥലമായി വിപുലീകരിച്ചത്.

തുടക്കത്തിൽ നേരിട്ട തിരിച്ചടികൾ എതിർപ്പുകൾ.?

VMK Botanical garden

പേരിനുപോലും തണൽ ഇല്ലാതിരുന്ന ഒരു മൊട്ടക്കുന്നാണ് വനമാക്കി മാറ്റാൻ തീരുമാനിച്ചത്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമെല്ലാം ആദ്യം എതിർപ്പുകൾ ഉയർന്നിരുന്നു. റബറോ ജാതിയോ പോലെ ആദായം ലഭിക്കുന്ന എന്തെങ്കിലും കൃഷിചെയ്യാനായിരുന്നു എല്ലാ ഭാഗത്തുനിന്നുമുള്ള ഉപദേശം. എന്നാൽ എങ്ങനെയോ മനസ്സിൽ കയറിക്കൂടിയ വനം എന്ന ആഗ്രഹത്തെ കൈവിട്ടു കളയാൻ തോന്നിയില്ല. അങ്ങനെ രണ്ടും കൽപ്പിച്ച് ഇതിനായി ഇറങ്ങിത്തിരിച്ചു.

ജല ദൗർലഭ്യമാണ് പ്രധാന വെല്ലുവിളിയായത്. വെള്ളം തീരെ ഇല്ലാതിരുന്ന സ്ഥലമായിരുന്നു അത്. വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ ഒന്നുകിൽ ശ്രമം ഉപേക്ഷിക്കുക അല്ലെങ്കിൽ ഏതുവിധേനയും വെള്ളമെത്തിക്കുക എന്ന നിലയിലേക്കെത്തി. എന്നാൽ പിന്മാറാൻ മനസ്സ് അനുവദിച്ചില്ല. മൊട്ടക്കുന്നിന്റെ താഴെയുള്ള പ്രദേശങ്ങളിൽ നിന്നും കാറിൽ വെള്ളം കയറ്റി മുകളിൽ എത്തിച്ച് ഒറ്റയ്ക്ക് നനച്ചു വളർത്തി കൊണ്ടുവന്നതാണ് ഈ വനം. യഥാർത്ഥ വനാന്തരീക്ഷം  ഉണ്ടാകണമെന്ന ഉറച്ച തീരുമാനമാണ് മൊട്ടക്കുന്ന് തന്നെ തെരഞ്ഞെടുക്കാൻ കാരണമായത്.

വനത്തിലെ വൃക്ഷങ്ങൾക്കുമുണ്ട് പ്രത്യേകത

VMK Botanical garden

വെറുതെ കുറച്ച് അധികം വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് വനത്തിന്റെ പ്രതീതി ഉണ്ടാക്കുക എന്നതിലുപരി വനത്തിനുള്ളിൽ മാത്രം കണ്ടുവരുന്ന വൃക്ഷങ്ങൾ തന്നെ വളർത്തണം എന്ന നിർബന്ധത്തോടെയാണ്  ഇറങ്ങിത്തിരിച്ചത്. പശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ട് വരുന്ന വൃക്ഷങ്ങൾ മാത്രമാണ് നട്ടുപിടിപ്പിച്ചത്. ഇവ കണ്ടെത്തുന്നതിന് വേണ്ടി ഏറെ യാത്രകളും ചെയ്തിട്ടുണ്ട്.  ഇന്നിപ്പോൾ ഏതാണ്ട് 250 ഓളം അപൂർവയിനം വൃക്ഷങ്ങൾ വനത്തിൽ കാണാം. അശോകം, മരവുരി, ഇരുമ്പകം, നരിവേങ്ങ  തുടങ്ങിയ വൃക്ഷങ്ങളെല്ലാം ഇവിടെയുണ്ട്. മുളകളുടെ തന്നെ 25 വ്യത്യസ്ത ഇനങ്ങൾ വനത്തിനുള്ളിൽ വളരുന്നു.  

വനം വളരുന്നതനുസരിച്ച് വന്യജീവികളും ഇതിനുള്ളിൽ താമസക്കാരായി മാറിയിട്ടുണ്ട്. മുള്ളൻപന്നി, കുറുക്കൻ, കീരി, ഉടുമ്പ്, പാമ്പുകൾ, വ്യത്യസ്ത ഇനങ്ങളിൽ പെട്ട ഉറുമ്പുകൾ, ചിത്രശലഭങ്ങൾ എന്നിവയെല്ലാം കൊണ്ട്  സമ്പന്നമാണ് ഇപ്പോൾ ബൊട്ടാണിക്കൽ ഗാർഡൻ.

വനത്തിനൊപ്പം മാറിയ പരിസ്ഥിതി

വനം തുടങ്ങുന്നതിനു മുൻപുള്ള കാലത്ത് ജലക്ഷാമം നേരിട്ടിരുന്ന പ്രദേശം ഇപ്പോൾ ആ പ്രതിസന്ധിയിൽ നിന്നും കരകയറി കഴിഞ്ഞു. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഈ ഒരൊറ്റ വനത്തിലൂടെ ഭൂമിക്കടിയിലേക്കെത്തുന്നത്. മൂന്ന് ഏക്കർ വനം ഒരു പ്രദേശത്തെയാകെ മാറ്റിമറിച്ചു എന്നുതന്നെ പറയാം. ഇതിനുപുറമേ വനത്തിൽ നിന്നുള്ള കായ്കളും മറ്റും കിളികൾ കൊത്തിയെടുത്ത് മറ്റിടങ്ങളിൽ കൊണ്ടിട്ട് അപൂർവയിനം വൃക്ഷങ്ങൾ പ്രദേശത്ത് വളരുന്ന സാഹചര്യവുമുണ്ട്.

വനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിരവധി ആളുകൾ ഇതേ ആശയം പ്രാവർത്തികമാക്കാൻ ആഗ്രഹം അറിയിക്കുന്നതാണ് മറ്റൊരു വലിയ കാര്യം. മുഹമ്മദ് കോയയുടെ ബൊട്ടാണിക്കൽ ഗാർഡൻ മാതൃകയാക്കി ഇതിനോടകം സമീപപ്രദേശങ്ങളിലെ ക്ഷേത്ര പരിസരങ്ങളിലും സ്കൂൾമുറ്റത്തും ഒക്കെയായി വനങ്ങൾ വളർന്നുവരുന്നു.

പ്രകൃതിയും സാഹിത്യവും കൈകോർക്കുന്ന ഇടം

VMK Botanical garden

വി എം കെ ബോട്ടാണിക്കൽ ഗാർഡൻ എന്നതിനൊപ്പം ഒരു ലിറ്ററസി ഗാർഡൻ കൂടിയാണ് എന്ന മുഹമ്മദ് കോയ പറയുന്നു. മാധവിക്കുട്ടിയുടെയും ബഷീറിന്റെയും ഒക്കെ കഥകളിൽ പ്രതിപാദിക്കപ്പെട്ട മരങ്ങളൊക്കെ ഇവിടെ കാണാം. മങ്കോസ്റ്റീൻ, നീർമാതളം, കടമ്പ, പൈൻ എന്നിവയെല്ലാം ഇവിടെയുണ്ട്. സാധാരണ ഗാർഡനുകളിൽ മരങ്ങളുടെ പേര് മാത്രമാണ് എഴുതി വെച്ചിട്ടുള്ളത് എങ്കിൽ വിഎംകെ ബൊട്ടാണിക്കൽ ഗാർഡനിലെ മരങ്ങളിൽ അവ സാഹിത്യത്തിൽ വഹിച്ച പങ്കിനെ കുറിച്ചുള്ള വിവരങ്ങൾ അടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. 

കുടുംബത്തിന്റെ പിന്തുണ

വനം വച്ചുപിടിപ്പിക്കാനുള്ള ആഗ്രഹം അറിഞ്ഞപ്പോൾ എല്ലാവരും എതിർത്തെങ്കിലും ഭാര്യ ലൈല മാത്രമാണ്  മുഹമ്മദ് കോയയ്ക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ടായത്. വനത്തിനുള്ളിലൂടെ നടന്നാൽ പലയിടങ്ങളിലായി ചെറിയ ഗേറ്റുകളുണ്ട്. ഷേക്സ്പിയർ ഗേറ്റ് , ഷെർലക് ഹോംസ് ഗേറ്റ്, മഹാഭാരത ഗേറ്റ്, പഥേർ പാഞ്ചലി ഗേറ്റ്  എന്നിങ്ങനെ സാഹിത്യ ലോകവുമായി ബന്ധപ്പെട്ട പേരുകൾക്കൊപ്പം തന്റെ ഭാര്യയുടെ പേരിൽ ലൈലാ ഗേറ്റ് എന്ന ഒരു കവാടവും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

VMK Botanical garden

മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിൽ നിന്നും മടങ്ങിയെത്തിയ ശേഷമാണ്  മുഹമ്മദ് കോയ വനം വച്ചുപിടിപ്പിക്കാൻ തുടങ്ങിയത്..

വനത്തിന്റെ പരിപാലനം ഇപ്പോഴും തനിച്ചു നടത്തുകയാണ് ജ്വല്ലറി ഉടമ കൂടിയായ ഈ 65 കാരൻ. പ്രകൃതിക്ക് നൽകിയ കൈത്താങ്ങിന് സംസ്ഥാന സർക്കാരിൻറെ വനമിത്ര അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തരിശുനിലത്ത് താൻ നിർമിച്ചെടുത്ത ഈ സ്വർഗത്തിൽ തന്റെ ഭൗതിക ശരീരം സംസ്കരിക്കണം എന്ന ആഗ്രഹവും അദ്ദേഹം പങ്കുവയ്ക്കുന്നു.

English Summary: VMK Botanical garden; a private man made forest 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com