ADVERTISEMENT

മൃഗസംരക്ഷണത്തിനു വേണ്ടി ശബ്ദമുയർത്തുന്നവർ നിരവധിയുണ്ട്. എന്നാൽ കഷ്ടതയനുഭവിക്കുന്ന മൃഗങ്ങളെ യാതൊരു പ്രതിഫലവും  പ്രതീക്ഷിക്കാതെ രക്ഷിക്കാൻ ശ്രമിക്കുന്നവർ വിരളമാണ്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട പേരാണ് ഗുരുവായൂർ സ്വദേശി പ്രദീപ് പയ്യൂരിന്റേത്. രോഗബാധിതരായ തെരുവുനായകളെ രക്ഷിക്കുന്ന പ്രദീപിനെ തേടിയെത്തിയത് വിയറ്റ്നാം ആസ്ഥാനമായി പ്രവർത്തിക്കുന്ന സുപ്രീം മാസ്റ്റർ ഷിങ് ഹായ് ഇന്റർനാഷനൽ അസോസിയേഷൻ എന്ന ആത്മീയ സംഘടനയുടെ, ഏഴുലക്ഷത്തിലേറെ രൂപ സമ്മാനത്തുകയുള്ള പുരസ്കാരമാണ്. പുരസ്കാരത്തെക്കുറിച്ചും മൃഗസംരക്ഷണത്തെക്കുറിച്ചും പ്രദീപ് മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.

പുരസ്കാരം വന്ന വഴി

തികച്ചും അപ്രതീക്ഷിതമായാണ് ഇത്തരത്തിലൊരു പുരസ്കാരം ലഭിച്ചത്. തെരുവ് നായകൾക്കു വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് ഒരു ഇംഗ്ലിഷ് മാധ്യമത്തിലെ ജേണലിസ്റ്റ് സുഹൃത്ത് വാർത്ത നൽകിയിരുന്നു. ഇത് സംഘടനയുടെ ഭാരവാഹികളുടെ ശ്രദ്ധയിൽപെട്ടു. അവർ സമൂഹമാധ്യമങ്ങളിലും യൂട്യൂബിലുമെല്ലാം വിശദമായ അന്വേഷണം നടത്തി ‘ഷൈനിങ് വേൾഡ് കംപാഷൻ’ എന്ന പുരസ്കാരത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. 10,000 ഡോളർ അടങ്ങുന്നതാണ് പുരസ്കാരം. മേനക ഗാന്ധി അടക്കം പത്തിൽ താഴെ ഇന്ത്യക്കാർക്കു മാത്രമാണ്  ഇതുവരെ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

തെരുവുനായ സംരക്ഷണത്തിന്റെ ആദ്യ പാഠങ്ങൾ വീട്ടിൽനിന്നു തന്നെ

അച്ഛന്റെ പാത പിന്തുടർന്നാണ് തെരുവുനായകകളുടെ സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ചത്. തെരുവിൽ ഉപേക്ഷിക്കപെട്ട നായകളെ  അച്ഛൻ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നിരുന്നു. അങ്ങനെ അത്  ജീവിതചര്യയുടെ ഭാഗമായി. ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം ലഭിച്ചതോടെ, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പോയി ഡോഗ് റെസ്ക്യൂ നടത്തുന്നു.

നായകൾക്കു വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടം

‌ഇതിനോടകം രണ്ടായിരത്തിലധികം തെരുവുനായകളെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. കാൻസർ ബാധിതരായ നായകളും അപകടങ്ങളിൽ പെട്ടവയുമാണ് കൂടുതലും. അപകടത്തിൽപെട്ട നായയെക്കുറിച്ചു വിവരം ലഭിച്ചാലുടൻ അവിടെയെത്തി അവയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി പൂർണ ആരോഗ്യം വീണ്ടെടുക്കുംവരെ പരിചരിക്കും. ചിലപ്പോൾ ഇതിന് മാസങ്ങൾ വേണ്ടിവന്നേക്കാം. മണ്ണുത്തി ഗവൺമെന്റ് ആശുപത്രിയിലെ ഡോക്ടർ സുധീഷാണ് ചികിത്സാ സഹായങ്ങൾ ചെയ്തു തരുന്നത്. ആരോഗ്യ നില തൃപ്തികരമായശേഷം  ആവശ്യക്കാരുണ്ടെങ്കിൽ നായകളെ കൈമാറും. ഏറ്റെടുക്കാൻ ആരും മുന്നോട്ടു വന്നില്ലെങ്കിൽ സംരക്ഷണം ആവശ്യമാണെന്ന് തോന്നുന്നവയെ വീട്ടിലേക്കു കൂട്ടുകയാണ് പതിവ്. അല്ലാത്തവയെ സ്ഥലപരിമിതി മൂലം തെരുവിൽത്തന്നെ തിരികെ വിടും. ഇത്തരത്തിൽ  വീട്ടിലും തൊട്ടടുത്തുള്ള ഷെൽട്ടറിലുമായി 60 നായകളാണ് പ്രദീപിനൊപ്പമുള്ളത്. നായകൾക്ക് പുറമേ അപകടത്തിൽപെട്ട പൂച്ചകളെയും രക്ഷിക്കാറുണ്ട്.

അനുഗ്രഹം പോലെ തേടിയെത്തിയ പുരസ്കാരം

സോപ്പുപൊടി വിതരണമാണ് പ്രദീപിന്റെ ഉപജീവനമാർഗം. അതിൽനിന്നു ലഭിക്കുന്ന വരുമാനം കൊണ്ട് നായകളുടെ സംരക്ഷണം നടത്താൻ കഴിയില്ല. പ്രദീപിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ് കഴിഞ്ഞ കുറച്ചു മാസങ്ങളായി കൂടുതലിടങ്ങളിൽ നിന്നും വിളി വരുന്നുണ്ട്. നിലവിൽ പ്രതിമാസം ഒരു ലക്ഷം രൂപയ്ക്കടുത്ത് നായകൾക്കു വേണ്ടി മാത്രം ചെലവു വരും. സമൂഹമാധ്യമങ്ങളിലെ മൃഗസംരക്ഷണ ഗ്രൂപ്പുകളിൽനിന്നു ലഭിക്കുന്ന സഹായം കൊണ്ടാണ് ഇത്രയും കാലം രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.  അതു മുന്നോട്ടുകൊണ്ടുപോകാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന സമയത്താണ് പുരസ്കാര തുകയായ 7,37,000 രൂപ ലഭിച്ചത്. അത് വലിയ അനുഗ്രഹമായതായി പ്രദീപ് പറയുന്നു.

അവാർഡ് തുകയും മൃഗങ്ങൾക്കു വേണ്ടി

പുരസ്കാരത്തുക പൂർണമായും മൃഗങ്ങൾക്കു വേണ്ടി ചെലവഴിക്കാനാണ് തീരുമാനം. ഡോഗ് റെസ്ക്യുവിനായി ഒരു സെക്കൻഡ് ഹാൻഡ് ആംബുലൻസ് വാങ്ങുകയാണ് ആദ്യം ചെയ്തത്. 200 നായകളെ പാർപ്പിക്കാൻ സൗകര്യമുള്ള ഒരു ഷെൽട്ടറും വാടകയ്ക്കെടുത്തു. പഴയ ഷെൽട്ടർ പൂച്ചകൾക്കുള്ള സംരക്ഷണ കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം.

Pradeep Payyoor

മൃഗങ്ങളുടെ സ്നേഹം തന്നെ പ്രതിഫലം

എഴുന്നേറ്റു നടക്കാൻ പോലുമാകാത്ത നിലയിൽ  വഴിയരികിൽ കിടന്നു പോയവയാണ് പ്രദീപ് രക്ഷിച്ച നായകളിലേറെയും. അസുഖം മാറി  കൈമാറ്റം ചെയ്തവയും തെരുവിൽ തിരികെ വിട്ടവയുമെല്ലാം പിന്നീട് കാണുമ്പോൾ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞ് ഓടി അരികിലെത്താറുണ്ട്. അവയുടെ സ്നേഹത്തിനോളം വരില്ല മറ്റൊരു പ്രതിഫലവും. കൈമാറ്റം ചെയ്ത നായകളെ കാണാൻ വേണ്ടി മാത്രമായി യാത്രകൾ നടത്താറുണ്ട്. അത്രത്തോളം ആത്മബന്ധമാണ് ഓരോന്നിനോടും. ഒപ്പമുള്ള നായകൾക്കെല്ലാം കൊങ്കിണി, കൊക്കിണി, തുപ്പൻ, ചുപ്പൻ, ശാന്തി കൃഷ്ണ എന്നിങ്ങനെ രസകരമായ പേരുകളും നൽകി കുടുംബാംഗങ്ങളെ പോലെയാണ് കൂടെക്കൂട്ടുന്നത്.

മറ്റുള്ളവർ ഏറ്റെടുത്തു കൊണ്ടുപോയാലും നായകൾ സുരക്ഷിതരായിരിക്കുന്നു എന്ന് പ്രദീപ് ഉറപ്പു വരുത്താറുണ്ട്. ഓരോ ഘട്ടത്തിലും നായകളുടെ ചിത്രങ്ങൾ അയച്ചു നൽകണമെന്ന് കൈമാറ്റം ചെയ്യുന്നതിനു മുൻപു തന്നെ ആവശ്യപ്പെടാറുമുണ്ട്.

കുടുംബത്തിന്റെ പിന്തുണ

അവിവാഹിതനായ പ്രദീപിന് അമ്മയാണ് എല്ലാ പിന്തുണയും നൽകുന്നത്. വീട്ടിലുള്ള നായകളുടെ സംരക്ഷണത്തിനും അമ്മയാണ് സഹായി. വഴിയരികിൽ കഴിയുന്ന നായകളുടെ അവസ്ഥ അധികമാരും ശ്രദ്ധിക്കാറില്ല. വേണ്ടത്ര സംരക്ഷണമോ ഭക്ഷണമോ കിട്ടാതെ വേദന തിന്നു മരിക്കാനാണ് അവയിൽ ഭൂരിഭാഗത്തിന്റെയും വിധി. സമൂഹമാധ്യമങ്ങളിലെ ഇടപെടലിലൂടെ കൂടുതൽപേർ തെരുവുനായ സംരക്ഷണത്തിനായി മുന്നോട്ടു വരുമെന്ന പ്രതീക്ഷയാണ് പ്രദീപ് പങ്കുവയ്ക്കുന്നത്.

English Summary: Kerala Man Spends Rs 1,00,000 a Month on Stray Animals, Has Rescued Over 2000!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com