ADVERTISEMENT

24 വർഷങ്ങൾക്കു മുൻപ് ഇന്തോനീഷ്യയിലെ തന്റെ ഗ്രാമത്തിൽ തരിശായി കിടന്ന കുന്നുകളെ പച്ചപ്പണിക്കൻ സഡിമൻ ഇറങ്ങി പുറപ്പെടുമ്പോൾ അദ്ദേഹത്തെ ഗ്രാമവാസികളെല്ലാം പരിഹസിച്ചിരുന്നു.  എന്നാൽ വരൾച്ച നിത്യ സംഭവമായിരുന്നു തന്റെ ഗ്രാമത്തിന്  രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം ഒറ്റയാൾ പോരാട്ടത്തിലൂടെ കൈത്താങ്ങേകിയിരിക്കുകയാണ് ഈ 69 കാരൻ. തരിശായി കിടന്ന കുന്നുകളെല്ലാം സഡിമന്റെ പ്രയത്നത്തിലൂടെ ഇന്ന് പച്ചപ്പുമൂടിയ പ്രദേശങ്ങളായി മാറി കഴിഞ്ഞു.

ഗ്രാമവാസികൾ സ്നേഹത്തോടെ മുത്തച്ഛൻ എന്നു വിളിക്കുന്ന സഡിമൻ പതിനോരായിരത്തിൽപരം മരങ്ങളാണ് തരിശായി കിടന്ന കുന്നുകളിൽ വച്ചുപിടിപ്പിച്ചത്. ഇവയുടെ സംരക്ഷണത്തിനായി 24 വർഷക്കാലവും പൂർണമായി ഇദ്ദേഹം നീക്കിവയ്ക്കുകയായിരുന്നു. അരയാലും കല്ലാലും ഒക്കെയാണ് 617 ഏക്കർ വരുന്ന പ്രദേശത്ത് അദ്ദേഹം നട്ടുവളർത്തിയത്. പതിയെപ്പതിയെ സഡിമന്റെ പ്രവർത്തനങ്ങൾ  ഗ്രാമവാസികളും അംഗീകരിച്ചു തുടങ്ങുകയായിരുന്നു.

കൃഷി ആവശ്യങ്ങൾക്കായി ഭൂമിയൊരുക്കാൻ കാടുകൾ കത്തിച്ചതോടെ പ്രദേശത്തെ  നദികളും കുളങ്ങളുമെല്ലാം വറ്റി വരണ്ട നിലയിലായിരുന്നു. ഇതിന് തന്നെക്കൊണ്ട് ആവുന്ന തരത്തിൽ എന്തെങ്കിലും പരിഹാരം കണ്ടെത്തണമെന്ന തോന്നലാണ് മരങ്ങൾ വച്ചുപിടിപ്പിക്കാൻ കാരണമായതെന്ന് സഡിമൻ പറയുന്നു. ജലം മണ്ണിൽ തന്നെ പിടിച്ചുനിർത്താൻ ആൽമരങ്ങളോളം കഴിവ് മറ്റൊന്നിനുമില്ലെന്ന് തിരിച്ചറിഞ്ഞതോടെ അവ തന്നെ നട്ടുപിടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. വേരുകൾ പടർത്തി വളരുന്ന മരങ്ങളായതിനാൽ മണ്ണൊലിപ്പ് തടയാനും വെള്ളം മണ്ണിൽ തന്നെ സംഭരിച്ചു വയ്ക്കാനും ഇവ ഏറെ സഹായിച്ചു.

ഇത് പ്രദേശത്തെ ജലക്ഷാമം  പരിഹരിക്കുന്നതിന് കുറച്ചൊന്നുമല്ല സഹായകരമായത്. മരങ്ങളും ചെടികളും വളർന്നതോടെ നദികളിലും കുളങ്ങളിലും വീണ്ടും വെള്ളമെത്തി തുടങ്ങി. കൃഷിയിടങ്ങളിൽ ജലസേചനം നടത്തുന്നതിനും ഗ്രാമവാസികളുടെ വീട്ടാവശ്യത്തിനുള്ള  വെള്ളവും ഇന്ന്  ഗ്രാമത്തിൽ സുലഭമാണ്. വരണ്ടുണങ്ങി പോകുമായിരുന്ന ഒരു പ്രദേശത്തെയാകെ  പച്ചപ്പണിയിച്ച് വരൾച്ചയിൽ നിന്ന് രക്ഷിച്ച സഡിമൻ മുത്തശ്ശന്റെ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ഗ്രാമവാസികളുടെയൊന്നാകെ പിന്തുണയുണ്ട്.

English Summary: Having Planted 11,000 Trees, Indonesian Eco-Warrior Has Turned Barren Hills Green After 24 Years Of Effort

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com