ADVERTISEMENT

ഒഫിഡിയോ ഫോബിയ എന്നത് ലോകത്ത് ഏറ്റവുമധികം ആളുകള്‍ക്കുള്ള ഭയമാണ്, പാമ്പുകളോടുള്ള ഭയം. മനുഷ്യവംശത്തിന്‍റെ ആരംഭദശ മുതല്‍ പരിണാമഘട്ടങ്ങളിലെല്ലാം അവര്‍ ജീവിച്ചത് ഗുഹകളിലും, പാറയിടുക്കിലും, മരപ്പൊത്തുകളിലും, മരങ്ങളിലുമായിരുന്നു. ഈ സാഹചര്യത്തില്‍ മനുഷ്യര്‍ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് പാമ്പ് കടിയേറ്റുള്ള മരണമായിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഉറക്കത്തില്‍ കടിയേറ്റാല്‍ ഉണരും മുന്‍പ് മരണം സംഭവിക്കുന്ന ഒരു പാട് സന്ദര്‍ഭങ്ങള്‍ അക്കാലത്തുണ്ടായിട്ടുണ്ടാകണം. ഇക്കാരണം കൊണ്ട് തന്നെ ഒഫിഡോ ഫോബിയാ എന്നത് അകാരണമായ ഭയമല്ല മറിച്ച് മനുഷ്യന്‍റെ ഉള്ളില്‍ ഉള്ളതാതെന്ന് പറഞ്ഞാലും തെറ്റാകില്ല.

കടിയേറ്റാല്‍ 45 മിനിറ്റിനുള്ളില്‍ മനുഷ്യന്‍റെ ജീവനെടുക്കുന്ന കൊടും വിഷമുള്ള പാമ്പുകള്‍ ഇന്നും ഭൂമിയിലുണ്ട്. ഒരോ ചെറിയ വിടവ് പോലും അടച്ച് ഇരുട്ടും മുന്‍പ് സ്വയം സുരക്ഷിതരാകാന്‍ ശ്രമിക്കുന്നതിനുള്ള ഒരു കാരണവും പാമ്പുകള്‍ തന്നെയാണ്. അതേസമയം പാമ്പുകളെക്കുറിച്ചുള്ള ഈ ഭയം അകാരണമാണെന്ന് വാദിക്കുന്നവരുമുണ്ട്. പാമ്പുകള്‍ മനുഷ്യരുടെ സുഹൃത്തുകളാണെന്നും, അവര്‍ ഉപദ്രവകാരികളല്ലെന്നും തെളിയിക്കാന്‍ ഇന്ത്യക്കാരനായ ഒരു വ്യക്തി ഒരിക്കല്‍ ശ്രമിച്ചിരുന്നു. ഇതിനായി 72 മണിക്കൂര്‍ അതായത്, 3 ദിവസമാണ് വിഷപാമ്പുകള്‍ക്കൊപ്പം ഇയാള്‍ ചെലവഴിച്ചത്.

നീലിം കുമാര്‍ ഖെയ്റെ

മഹാരാഷ്ട്ര സ്വദേശിയായ നീലിം കുമാര്‍ ഒരു പാമ്പ് സ്നേഹിയെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വ്യക്തിയായിരുന്നു. 1986 ല്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായിട്ടിരിയ്ക്കെ 28 ാം വയസ്സിലായണ് നീലിം കുമാര്‍ പാമ്പുകള്‍ക്കൊപ്പം 72 മണിക്കൂര്‍ എന്ന വെല്ലുവിളി ഏറ്റെടുക്കുന്നത്. മുന്‍പും മുംബൈയ്ക്ക് സമീപമുള്ള ലോണാവാല ഉള്‍പ്പടെയുള്ള മേഖലകളില്‍ അവധിക്കാല വസതികളുടെ നോട്ടക്കാരനായിരുന്ന നീലിമിന് പാമ്പുകളുമായി അടുത്തിടപഴകി പരിചയമുണ്ടായിരുന്നു. അവയെ കൈകാര്യം ചെയ്യുന്ന എന്ന ജോലി കൂടി നീലിം ഏറ്റെടുത്തിരുന്നു. കൂടാതെ ജന്മസ്ഥലമായ മാത്തേരാനിലും നീലിമിന് നിരവധി തവണ പാമ്പുകളെ അടുത്തറിയാനുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. 

തന്‍റെ പാമ്പുകളോടുള്ള അടുപ്പം ആരംഭിക്കുന്നതും മാത്തേരാനില്‍ നിന്നാണെന്ന് നീലിം വ്യക്തമാക്കുന്നു. സഹ്യാദ്രിയുടെഭാഗമായ മാത്തേരാനിലെ മലനിരകളില്‍ പാമ്പുകള്‍ ധാരാളമായി കാണപ്പെടാറുണ്ട്. ഭൂരിഭാഗവും വിഷമില്ലാത്തവയാണ്. പലപ്പോഴും നഗരമേഖലകളില്‍ നിന്ന് പിടികൂടുന്ന പാമ്പുകളെ മാത്തേരാനിലെയും സമീപപ്രദേശങ്ങളിലെയും കാടുകളില്‍ തുറന്ന് വിടുകയും നിലീം ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത് ചെയ്യാറുണ്ടായിരുന്നു. ഇത്തരത്തില്‍ ഇത് വരെ 25000 പാമ്പുകളെ പിടികൂടിയെന്നും, ആറായിരത്തോളം തവണ പാമ്പ് കടി ഏറ്റിട്ടുണ്ടെന്ന് നീലിം ഖെയ്ര്‍ ഇപ്പോള്‍ അവകാശപ്പെടുന്നു. അതേസമയം ആറായിരം തവണ പാമ്പ് കടിയെന്നത് അൽപം അതിര് കടന്ന അവകാശവാദമാണെന്നും അഭിപ്രായമുണ്ട്.

ലോകറെക്കോര്‍ഡിനായുള്ള ശ്രമം

Neelimkumar
Grabimage from video shared on Youtube

ദക്ഷിണാഫ്രിക്കക്കാരനായ പീറ്റര്‍ സ്നൈമാറിസ് അന്‍പത് മണിക്കൂര്‍ 24 പാമ്പുകള്‍ക്കൊപ്പം ചിലവഴിച്ച് ലോക റെക്കോര്‍ഡിട്ടെന്ന വാര്‍ത്തയില്‍ നിന്നാണ് ഇത്തരം ഒരു പ്രവര്‍ത്തിയെക്കുറിച്ചുള്ള ചിന്ത നീലിമിന്‍റെ മനസ്സിലേക്കെത്തുന്നത്. തുടര്‍ന്നാണ് ഈ റെക്കോര്‍ഡ് തനിക്ക് സ്വന്തമാക്കണമെന്ന ആഗ്രഹവും നിലിമിനുണ്ടാകുന്നത്. എന്നാല്‍ തന്‍റെ പ്രവര്‍ത്തി പാമ്പുകളെക്കുറിച്ചുള്ള ഭയം മാറ്റാന്‍ കൂടി വേണ്ടിയുള്ള താകണമെന്ന് കൂടി നീലിം ആഗ്രഹിച്ചു. 72 മണിക്കൂറോളം വിഷപാമ്പുകള്‍ക്കൊപ്പം ജീവിച്ചിട്ടും ജീവനോടെ പുറത്ത് വന്നാല്‍ പാമ്പുകളെ ആളുകള്‍ ഭയപ്പെടുന്നത് കുറയുമെന്നായിരുന്നു നീലിമിന്‍റെ പ്രതീക്ഷ.

72 പാമ്പുകളെയാണ് നിലീം തന്‍റെ ഉദ്യമത്തിനായി തെരഞ്ഞെടുത്തത്. ഒരു ചില്ല് കൂട്ടില്‍ 68 വിഷപ്പാമ്പുകള്‍ ഉള്‍പ്പടെ 72 പാമ്പുകള്‍. അവയ്ക്കിടയില്‍ കസേരയില്‍ നീലിം. തായ്‌ലന്‍ഡിലെ കുപ്രസിദ്ധിയാര്‍ജ്ജിച്ച മോണോക്ലേഡ് കോബ്ര, മൂര്‍ഖന്‍പാമ്പ്, ഇന്ത്യന്‍ മൂര്‍ഖന്‍, അണലികള്‍, ശംഖുവരയന്‍ തുടങ്ങിയവയായിരുന്നു വിഷപ്പാമ്പുകള്‍. കടിച്ചാല്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ തന്നെ ജീവനെടുക്കാന്‍ കഴിയുന്ന വിഷം പേറുന്ന ജീവികള്‍. 

ഗിന്നസ് ബുക്ക് അധികൃതരുടെ മേല്‍നോട്ടത്തില്‍ ചില്ല് കൂട്ടില്‍ പാമ്പുകള്‍ക്കൊപ്പമുള്ള സഹവാസം നീലിം ആരംഭിച്ചു. പല തവണ പാമ്പുകള്‍ നീലിമിന്‍റെ ശരീരത്തിലേക്ക് ഇഴഞ്ഞെത്തി. ചിലപ്പോഴൊക്കെ നീലിം അവയെ എടുത്ത് മാറ്റി. മറ്റ് ചിലപ്പോള്‍ അവയെ സ്വയം ഇറങ്ങി പോകാന്‍ അനുവദിച്ചു. ഒരിക്കല്‍ പോലും ഈ 72 മണിക്കൂറിനുള്ളില്‍ പാമ്പുകള്‍ ആക്രമിച്ചില്ല. പ്രകേപിപ്പിക്കാതെ ആക്രമണം നടത്തുന്ന ജീവികളല്ല പാമ്പുകളെന്ന് തന്‍റെ വെല്ലുവിളിയിലൂടെ നീലം തെളിയിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു. ഇന്നും ഈ റെക്കോര്‍ഡ് നീലമിന്‍റെ പേരില്‍ തന്നെ തുടരുന്നുണ്ട്. 

English Summary: A Man Once Spent 72 Hours Trapped With Deadly Snakes To Prove They're Friendly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com