ADVERTISEMENT

പാർക്കാൻ ഏറ്റവും ലളിതമായി കൂടൊരുക്കുന്നവയാണ് പക്ഷികൾ. പക്ഷിക്കൂടിനോളം ചെറുത് എന്ന്  വീടുകളെ നാം വിശേഷിപ്പിക്കാറുമുണ്ട്. എന്നാൽ ഗുജറാത്തിലെ ധൊറാജി എന്ന പ്രദേശത്ത് ജീവിക്കുന്നവർക്ക് ഇപ്പോൾ കാര്യങ്ങൾ നേരെ മറിച്ചാണ്.അവിടെ വീടുകളെ പക്ഷികൂടിനോളം വലുത് എന്ന് ഈ നാട്ടുകാർ വിശേഷിപ്പിക്കുന്നത് കേട്ടാലും അതിശയിക്കാനില്ല. കാരണം ഇവിടുത്തെ പക്ഷികൾ ജീവിക്കുന്നത് 140 അടി നീളവും 70 അടി വീതിയും 40 അടി ഉയരവുമുള്ള ഒരു ബംഗ്ലാവിലാണ്. 75 കാരനായ ഭഗവാൻജി രൂപപ്പാര എന്ന വ്യക്തി  തന്റെ സമ്പാദ്യത്തിൽ നിന്നും 20 ലക്ഷം രൂപ മുടക്കി പക്ഷികൾക്കായി നിർമിച്ച വീടാണിത്. 

 

പക്ഷികൾക്ക് താമസിക്കാനാവുന്ന വിധത്തിൽ പൊട്ടാത്ത പ്രത്യേകതരം കുടങ്ങൾ രൂപകൽപ്പന ചെയ്ത് അവ ഉപയോഗിച്ച് നദീതീരത്താണ് ഈ വമ്പൻ പക്ഷി വീട് നിർമിച്ചിരിക്കുന്നത്. വിപരീത കാലാവസ്ഥകളിൽ പക്ഷികൾക്ക് സംരക്ഷണമൊരുക്കുക എന്ന ഉദ്ദേശത്തിലാണ് ഭഗവാൻജി  ഇത്തരമൊരു വീടൊരുക്കാൻ തീരുമാനിച്ചത്. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിൽ തന്നെയാണ് ഭഗവാൻജി പക്ഷി വീട് നിർമിച്ചിരിക്കുന്നത്. 

 

പ്രകൃതിസ്നേഹിയായ ഭഗവാൻജി എല്ലാ ജീവികളെയും ഒരുപോലെ കാണണമെന്ന ചിന്താഗതി വച്ചുപുലർത്തുന്നയാളാണ്. പക്ഷിക്കൂടുകൾ കാലാവസ്ഥ മോശമാകുമ്പോൾ തകരാറുണ്ട്. ഇത്തരത്തിൽ സുരക്ഷിതമായിരിക്കാൻ ഇടമില്ലാതെ പക്ഷികൾ അലയരുത്  എന്ന ആഗ്രഹത്തിൽ നിന്നുമാണ് പക്ഷി വീടൊരുക്കാം എന്ന ആശയത്തിലേക്കെത്തിയത്. പ്രത്യേക ആകൃതിയിൽ കുടങ്ങൾ പല നിരകളായും തട്ടുകളായും അടുക്കിയാണ് ഇവയ്ക്കുള്ള സുരക്ഷിത കേന്ദ്രം ഉണ്ടാക്കിയെടുത്തത്. 

 

ഇന്നിപ്പോൾ ആയിരക്കണക്കിന് പക്ഷികളാണ്  ഭഗവാൻജി ഒരുക്കിയ ഈ സ്നേഹത്തണലിൽ അഭയം തേടുന്നത്. വെറുതെ കൂടുകൾ ഒരുക്കുക മാത്രമല്ല  അവയ്ക്ക് ഭക്ഷണവും വെള്ളവും നൽകുകയും സുരക്ഷിതരാണെന്ന് ഉറപ്പാക്കുകയും ചെയ്യാൻ ഭഗവാൻജി സമയം കണ്ടെത്തുന്നുണ്ട്. മറ്റാരും ഇവിടേക്ക് കടന്നുവന്ന് പക്ഷികൾക്ക് ശല്യം ഉണ്ടാകാതിരിക്കാൻ അദ്ദേഹം തന്നെ നേരിട്ട് നിരീക്ഷണവും നടത്തുന്നു. മഴക്കാലത്ത്  പക്ഷിക്കൂടുകളിൽ മിന്നലേൽക്കാതിരിക്കാൻ പ്രത്യേക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

 

മക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഒരുവർഷം സമയമെടുത്താണ് പക്ഷികൾക്കുള്ള വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പക്ഷി വീടിനെക്കുറിച്ച് കേട്ടറിഞ്ഞ് അതു കാണുന്നതിന് മാത്രമായി ധാരാളം ആളുകൾ ഇവിടേക്കെത്തുന്നുണ്ട്. പക്ഷികൾക്ക് സുരക്ഷിത താവളം ഒരുക്കാൻ ഇത്തരം സംവിധാനങ്ങൾ ഓരോ ഗ്രാമങ്ങളിലും വേണമെന്ന അഭിപ്രായമാണ് ഭഗവാൻജിക്കുള്ളത്.  താൻ സമ്പാദിച്ച പണം ഇത്തരത്തിൽ  മറ്റു ജീവജാലങ്ങൾക്കുകൂടി ഉപകാരപ്രദമായ രീതിയിൽ  ചിലവഴിക്കുന്നതാണ് ജീവിതത്തിലെ സന്തോഷമെന്നും അദ്ദേഹം പറയുന്നു.

 

Eglish Summary:  A Gujarat Native Builds Huge Bungalow For Birds Worth Rs 20 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com