തോക്കേന്തിയ സുരക്ഷാഭടൻമാരുമുള്ള ഗജരാജചക്രവർത്തി; നടുംഗമുവ രാജ ഇനി കണ്ണീരോർമ

Sri Lanka’s ceremonial tusker Nadungamuwa Raja has died
Imahe Credit: AFP/Twitter
SHARE

ഗജരാജചക്രവർത്തി നടുംഗമുവ വിജയ രാജ ഓർമയായി.ശ്രീലങ്കയിലെ ഈ െകാമ്പന് ലോകമെങ്ങും വലിയ ആരാധകരാണുള്ളത്. തോക്കേന്തിയ സുരക്ഷാഭടൻമാർക്കൊപ്പമായിരുന്നു പലപ്പോഴും ആനയുടെ സഞ്ചാരം. അത്രമാത്രം പ്രാധാന്യത്തോടെ  ലങ്ക സംരക്ഷിച്ച െകാമ്പനാണ് ചരിഞ്ഞത്. വളഞ്ഞ് മുട്ടിയ ഭീമൻ കൊമ്പുകളും രാജയെ വ്യത്യസ്തനാക്കിയിരുന്നു. അകമ്പടിക്ക് പൊലീസ്, പട്ടാള വാഹനങ്ങൾ, തോക്കുകളുമായി പ്രത്യേക കമാൻഡോ സംഘങ്ങൾ എന്നിവയുമായി ശ്രീലങ്കയിലെ നിരത്തുകളിലൂടെ നടന്നിരുന്ന രാജ ആനകളുടെ മൊത്തം രാജയായിരുന്നു.  ലോകത്തിലെ ഏറ്റവും പൊക്കമുള്ള ഏഷ്യൻ ആനകളിലൊന്നായിരുന്നു 67 വയസ്സുകാരനായ രാജ. 12 അടിയോളമായിരുന്നു ഉയരം. 

ശ്രീലങ്കയിലെ കാൻഡിയിൽ സ്ഥിതി ചെയ്യുന്ന ശ്രീ ദലാഡ മാലിഗവ എന്ന ബുദ്ധവിഹാരം ലോകപ്രശസ്തനാണ്. ശ്രീബുദ്ധൻ അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ ചിതയിൽ നിന്നു ദന്തശേഷിപ്പുകൾ ശേഖരിച്ച് ഇവിടെയെത്തിച്ചെന്നാണ് ഐതിഹ്യം. ശ്രീലങ്കൻ ബുദ്ധമതവിഭാഗത്തിന്റെ ഏറ്റവും വലിയ പുണ്യസ്ഥലങ്ങളിലൊന്നായാണ് ദലാഡ മാലിഗവ അറിയപ്പെടുന്നത്. ഇവിടെ എല്ലാവർഷവും നടക്കുന്ന മഹാ ആഘോഷമാണ് ഇസല പെരിഹാര എന്ന ഉത്സവം. ഈ ഉത്സവത്തിൽ ശ്രീബുദ്ധന്റെ ദന്തങ്ങളെ പ്രതിനിധീകരിച്ച് ഒരു പെട്ടി ആനപ്പുറത്തേറ്റി എഴുന്നള്ളിക്കും. ശ്രീലങ്കയിലെ ഏറ്റവും മികച്ച ആനയ്ക്കാണ് ഇതിനുള്ള ഭാഗ്യം ലഭിക്കുക. ഈ അവസരം കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിജയ രാജയ്ക്കായിരുന്നു.

കാൻഡിയിൽ നിന്നു 100 കിലോമീറ്റർ അകലെ ശ്രീലങ്കയിലെ നടുംഗമുവയിലാണു രാജ താമസിക്കുന്നത്.ഡോ. ഹർഷ ധർമവിജയ എന്നാണ് രാജയുടെ ഉടമയുടെ പേര്. ഓരോ വർഷവും ഓഗസ്റ്റിൽ നടുംഗമുവയിൽ നിന്ന് 100 കിലോമീറ്റർ യാത്ര ചെയ്ത് രാജ കാൻഡിയിലെത്തും. 10 ദിവസങ്ങളെടുത്ത് കാൽനടയായാണ് രാജയുടെ യാത്ര. അത്രയും ദിവസങ്ങളിൽ കമാൻഡോകൾ ആനയ്ക്ക് സുരക്ഷ ഒരുക്കും. ദേശീയ സ്വത്തായി അറിയപ്പെടുന്ന ഈ ആനയുടെ പേരിൽ ശ്രീലങ്കൻ തപാൽ വകുപ്പ് 2019ൽ സ്റ്റാംപ് പുറത്തിറക്കിയിരുന്നു.  

ഈ ഗജചക്രവർത്തിയുടെ ജന്മസ്ഥലം ഇന്ത്യയാണ്. കർണാടകയിലെ മൈസൂരുവിൽ 1953ൽ ആണ് രാജ ജനിച്ചത്. അക്കാലത്ത് രാജകുടുംബത്തിൽ പെട്ട വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്നു രാജ. പിൽക്കാലത്ത് രാജകുടുംബാംഗത്തിന്റെ രോഗം മാറ്റിയ ഒരു ശ്രീലങ്കൻ നാട്ടുവൈദ്യനു സമ്മാനമായി രാജയും നവാം രാജയെന്ന മറ്റൊരു ആനയും നൽകപ്പെട്ടു.അങ്ങനെയാണു മൂന്നുവയസ്സുള്ളപ്പോൾ രാജ ശ്രീലങ്കയിലെത്തിയത്.  പിന്നീട് ശ്രീലങ്കയായിരുന്നു രാജയുടെ ദേശം. ഇവിടെ അവൻ ഏറ്റവും പ്രശസ്തനായ ആനയായി മാറുകയായിരുന്നു. രാജയെ കാണാനായി ആളുകൾ അങ്ങോട്ട് അന്വേഷിച്ച് എത്തിത്തുടങ്ങി. അസാധാരണമായ നീളത്തിൽ വളഞ്ഞു വശങ്ങളിലേക്കു പിണഞ്ഞു നിൽക്കുന്നു വലിയ കൊമ്പുകളായിരുന്നു രാജയുടെ പ്രധാന ആകർഷണം. അതോടൊപ്പം ഉയരവും വലുപ്പവും ഒത്തിണങ്ങിയ ശരീരപ്രകൃതിയും തലയെടുപ്പുള്ള നടത്തവും കൂടിയായപ്പോൾ രാജ ആനപ്രേമികളുടെ കണ്ണിലുണ്ണിയായി. 

1978ലാണ് ശ്രീലങ്കയിലെ പ്രശസ്ത ആയുർവേദ വിദഗ്ധനായ ധർമവിജയ വേദ രാലഹാമി രാജയെ വാങ്ങിയത്. അവന്റെ ഇപ്പോഴത്തെ ഉടമയായ ഡോ. ഹർഷ ധർമവിജയ, രാലഹാമിയുടെ പുത്രനാണ്. 

എന്നാൽ ഇത്രയും പ്രായമായതിനാ‍ൽ രാജയെ ഇനിയും ഇത്രയും കിലോമീറ്ററുകൾ നടത്തരുതെന്ന് ശ്രീലങ്കയിലെ മൃഗസ്നേഹികൾ വാദമുയർത്തുന്നുണ്ടായിരുന്നു. പലപ്പോഴും യാത്ര പൂർത്തീകരിക്കുമ്പോഴേക്കും രാജയുടെ കാലുകളിൽ നീരുകെട്ടുകയും ആന നന്നായി ക്ഷീണിതനാകുകയും ചെയ്തിരുന്നു. രാജയെ കാടു പോലുള്ള അന്തരീക്ഷത്തിൽ പൂർണ വിശ്രമത്തിനു വിടണമെന്നാായിരുന്നു മൃഗസ്നേഹികളുടെ ആഗ്രഹം. എന്നാൽ ഇതിനൊന്നും കാത്തുനിൽക്കാതെയായിരുന്നു ഗജരാജചക്രവർത്തിയുടെ മടക്കം.

English Summary: Sri Lanka’s ceremonial tusker Nadungamuwa Raja has died

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS