ADVERTISEMENT

യുദ്ധം തകര്‍ത്ത യുക്രെയ്നില്‍ നിന്ന് അതിജീവനത്തിന്റെ പലതരം വാര്‍ത്തകളും ദൃശ്യങ്ങളും ഇതിനോടകം വന്നിട്ടുണ്ട്. ഒരിടവേളക്ക് ശേഷം ലോകം മുഴുവന്‍ കരുണയോടെ കണ്ട ഒരു ദൃശ്യമാണിത്. മനുഷ്യരും മൃഗങ്ങളും പരസ്പരം താങ്ങായി നിലനില്‍പ് സാധ്യമാക്കുകയാണിവിടെ. യുദ്ധഭൂമിയായി യുക്രെയ്ന്‍ മാറിയ ശേഷം നഥാലിയ പാസ്റ്റര്‍നാക്കിന്റെ പ്രഭാതം തുടങ്ങുന്നത് ഇങ്ങനെയാണ്. ബോംബ് വര്‍ഷം തകര്‍ത്ത കെട്ടിടങ്ങള്‍ക്കിടയിലൂടെ നടക്കും. വിശന്ന് വലഞ്ഞ് ഏതെങ്കിലും ജീവികള്‍ ഈ കൂമ്പാരങ്ങള്‍ക്കിടയിലുണ്ടോ എന്ന് പരിശോധിക്കും. 

 

നഥാലിയയുടെ നഗരത്തില്‍ മാത്രം ആയിരത്തിനടുത്ത് പൂച്ചകള്‍ അനാഥമാക്കപ്പെട്ടിട്ടുണ്ടാവാം എന്നാണ് അവര്‍ കരുതുന്നത്. നഥാലിയ താമസിക്കുന്ന കെട്ടിടത്തില്‍ നൂറിലധികം പൂച്ചകളെ രക്ഷപ്പെടുത്തി പരിപാലിക്കുന്നുണ്ട്. സ്ഫോടനത്തില്‍ സര്‍വം തകര്‍ന്ന് ഭയചകിതരായി ഒാടുമ്പോള്‍ പലരും അരുമകളെ ഒപ്പം കൂട്ടിയില്ല. അതുവരെ തലോടലില്‍ സുരക്ഷിതരായി കഴിഞ്ഞ ആ മിണ്ടാപ്രാണികള്‍ക്ക് അതോടെ അഭയവും ഭക്ഷണവും ഇല്ലാതായി.

 

നമുക്ക് ഭക്ഷണം കിട്ടാതായാല്‍ നമ്മള്‍ സഹായം ചോദിക്കും യാചിക്കും. ഭക്ഷണത്തിന് വഴി കണ്ടെത്തും എങ്ങനെയും. പക്ഷs ഈ മിണ്ടാപ്രാണികളോ? മിണ്ടാതിരിക്കും പതിയെ മരിക്കും. കഴിയാവുന്നത്ര പൂച്ചകളെ സംരക്ഷിക്കാനാണ് നഥാലിയയുടെ ശ്രമം. 68കാരി നഥാലിയക്ക് ഈ ദൗത്യം അത്ര എളുപ്പത്തില്‍ നിര്‍വഹിക്കാനാവുന്ന ഒന്നല്ല. ഇവക്കുള്ള ഭക്ഷണത്തിനായി ചില ലൊട്ടുലൊടുക്കു പണികളാണ് നഥാലിയ ചെയ്യുന്നത്. പലയിടത്തു നിന്നായി അഭയാര്‍ഥി ക്യാമ്പില്‍ എത്തിക്കുന്ന വസ്ത്രങ്ങളില്‍ കീറിപ്പോയവയൊക്കെ തയ്ച്ചുകൊടുക്കും. അത് കൊണ്ടുപോകുന്ന സംഘടനകള്‍ ചെറിയ തുക കൊടുക്കും. 

 

സന്നദ്ധപ്രവര്‍ത്തകരോടും മറ്റു രാജ്യങ്ങളിലുള്ള ബന്ധുക്കളോടും സഹായം അഭ്യര്‍ത്ഥിക്കും. ദശലക്ഷക്കണക്കിന് മനുഷ്യര്‍ ജീവിച്ചിരുന്ന സാള്‍ട്ടിവ്ക നഗരത്തിലെ ഈ കെട്ടിടത്തില്‍ ഇപ്പോള്‍ നഥാലിയയും കുറേ പൂച്ചകളും മാത്രമെയുള്ളൂ. ഈ മ്യാവൂ ശബ്ദം നാളത്തെ പ്രതീക്ഷയാണ്. അതേ നഥാലിയക്ക് പറയാനുള്ളൂ. പക്ഷേ ലോകത്തിന് ഇത് വലിയ സന്ദേശമാണ്. എല്ലാം തകര്‍ന്ന് മണ്ണടിയുമ്പോള്‍ വേര്‍തിരിവുകള്‍ ഇല്ലാതാവും എന്നത്.

 

English Summary: The Ukrainian retiree caring for dozens of cats

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com