ഓരോ പെൺകുഞ്ഞിനും വേണ്ടി 111 മരങ്ങൾ; മാലിന്യക്കുപ്പ പെൺവനമാക്കിയ ഗ്രാമം!

 A village that plants 111 trees for every girl born in Rajasthan
ഈ വർഷത്തെ വൃ‌ക്ഷമഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ പെൺകുഞ്ഞ്
SHARE

മനുഷ്യൻ അടക്കമുള്ള സകല ജീവികളുടെയും നിലനിൽപിന് ആധാരം പ്രകൃതിയാണ്. അതു തിരിച്ചറിഞ്ഞിട്ടും അവഗണിക്കുന്ന ചില മനുഷ്യരുടെ അത്യാർത്തി ഭൂമിയെ കാർന്നു തിന്നുമ്പോൾ, പ്രകൃതിയെ ചേർത്തു പിടിക്കുന്ന ഒരുകൂട്ടം ആളുകളുണ്ട് മറുവശത്ത്. ഇക്കൂട്ടത്തിൽ പെടുന്നവരാണ് തെക്കൻ രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലുള്ള പിപലാന്ത്രി ഗ്രാമവാസികൾ. വൃക്ഷങ്ങളെ ഏറെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഇവരുടെ പ്രധാന ആചാരങ്ങളിലൊന്നാണ് ‘വൃക്ഷ മഹോത്സവം’. ഈ വൃക്ഷ മഹോത്സവത്തിൽ ഇത്തവണ 14 സംസ്ഥാനങ്ങളിലെ പ്രതിനിധികളാണ് പങ്കെടുത്തത്. അതിൽ കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു വൃക്ഷ ചികിത്സകനും പരിസ്ഥിതി പ്രവർത്തകനുമായ കെ. ബിനു. പിപലാന്ത്രിയിലെ വൃക്ഷപ്രണയത്തിന്റെ വിശേഷങ്ങൾ ബിനു മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

കേരളത്തില്‍നിന്ന് രാജസ്ഥാനിലേക്ക്

k-binu
കെ. ബിനു

വൃക്ഷങ്ങളെ ഏറെ സ്നേഹിക്കുന്ന കെ. ബിനു ഏറെ പ്രതീക്ഷയോടെയാണ് വൃക്ഷ മഹോത്സവത്തിൽ പങ്കെടുക്കാനായി യാത്ര തിരിച്ചത്. 2021 ൽ രാജ്യം പദ്മശ്രീ നൽകിയാദരിച്ച സാമൂഹിക പരിഷ്കർത്താവും പ്രകൃതി സംരക്ഷണ പ്രവർത്തകനുമായ ശ്യാം സുന്ദർ പാലിവാൾ ആയിരുന്നു വൃക്ഷ മഹോത്സവത്തിൽ പങ്കെടുക്കാനും ആദരിക്കാനുമായി  ബിനുവിനെ പിപലാന്ത്രി ഗ്രാമത്തിലേക്ക് ക്ഷണിച്ചത്. മുൻ ഗ്രാമ മുഖ്യൻ കൂടിയായ പാലിവാൾ തുടക്കം കുറിച്ച പദ്ധതിയുടെ പേരിലാണ് ഈ ഗ്രാമത്തെ പുറംലോകം ശ്രദ്ധിച്ചു തുടങ്ങിയത്. പിപലാന്ത്രിയിൽ ഒരു പെൺകുഞ്ഞു പിറന്നാൽ അത് ഇവിടുത്തുകാർക്ക് ആഘോഷമാണ്. ഇന്ത്യയിലെ പല ഉൾനാടൻ ഗ്രാമങ്ങളിലും പെൺകുഞ്ഞുങ്ങൾ ജനിക്കുന്നത് ഇപ്പോഴും ബുദ്ധിമുട്ടായി കരുതുമ്പോഴാണ് ഈ ഗ്രാമം പെൺകുഞ്ഞുങ്ങളുടെ ജനനം ഉത്സവമാക്കി മാറ്റുന്നത്.

പെൺകുഞ്ഞു ജനിച്ചാൽ 111 വൃക്ഷത്തൈകൾ

a-village-that-plants-111-trees-for-every-girl-born-in-rajasthan
ഈ വർഷത്തെ വൃ‌ക്ഷമഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ പെൺകുഞ്ഞ്

ഈ ഗ്രാമത്തിലെ എട്ടു വാർഡുകളിൽ പെൺകുഞ്ഞുങ്ങൾ ജനിച്ചാൽ 111 വൃക്ഷത്തൈകൾ നടണമെന്നാണ്. തൈകൾ നട്ടാൽ മാത്രം പോരാ. കുഞ്ഞ് വളരുന്നതിനനുസരിച്ച് ഈ തൈകളെ മാതാപിതാക്കൾ പരിപാലിക്കുകയും വേണം. കഴിഞ്ഞ 15 വർഷമായി മുടക്കമില്ലാതെ ഈ ആശയം ഗ്രാമവാസികൾ നടപ്പിലാക്കുന്നു. രണ്ടുലക്ഷത്തി അമ്പതിനായിരത്തിലധികം മരങ്ങളാണ് ഇപ്പോൾ ഈ ഗ്രാമത്തിലുടനീളം തലയുയർത്തി നിൽക്കുന്നത്. ഇവിടെ വീശുന്ന ഓരോ കാറ്റിനും ഓരോ പെൺകുട്ടിയുടെ ജനനകഥ പറയാനുണ്ട്. 2006 ൽ ശ്യാം സുന്ദർ പാലിവാളിന്റെ പത്തു വയസ്സുകാരി മകൾ മരിച്ചതിനു പിന്നാലെയാണ് അദ്ദേഹം ഗ്രാമത്തിൽ ഈ ആശയം നടപ്പാക്കിയത്.

വൃക്ഷ മഹോത്സവം

a-village-that-plants-111-trees-for-every-girl-born-in-rajasthan5
ശ്യാം സുന്ദർ പാലിവാൾ

എല്ലാ വർഷവും ഓഗസ്റ്റ് 7, 8 തീയതികളിലാണ് വൃക്ഷ മഹോത്സവം ആചരിക്കുന്നത്. അന്ന് ഗ്രാമത്തിലെ പെൺകുട്ടികളെല്ലാം വൃക്ഷ പൂജയ്ക്കായി ഒത്തു ചേരും. തങ്ങൾ ജനിച്ചപ്പോൾ മാതാപിതാക്കൾ നട്ട മരങ്ങളിൽ സാഹോദര്യത്തിന്റെ പ്രതീകമായ രാഖി ബന്ധിക്കും. അവർ  ഈ മരങ്ങളെ കാണുന്നത് തങ്ങളുടെ സഹോദരൻമാരായിട്ടാണ്. അതുകൊണ്ടുതന്നെ രക്ഷാബന്ധൻ ചടങ്ങ് ഏറെ പവിത്രതയോടെയാണ് ഓരോ വർഷവും ആചരിക്കുന്നത്. ഈ വർഷം 8 വാർഡുകളിലായി ഇവിടെ ജനിച്ചത് 20 പെൺകുട്ടികളാണ്. പെൺകുഞ്ഞുങ്ങളുമായി മാതാപിതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു. അമ്മമാർ പെൺകുഞ്ഞുങ്ങളെ കുട്ടയിലാക്കി തലയിലേറ്റിക്കൊണ്ടാണ് ചടങ്ങുകൾ പൂർത്തിയാക്കുന്നത്. മരണം വരെ ഈ വൃക്ഷത്തൈകളെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഇവർ മടങ്ങുന്നത്.

ആരവല്ലി പർവതനിരകളാൽ ചുറ്റപ്പെട്ട ഗ്രാമം

a-village-that-plants-111-trees-for-every-girl-born-in-rajasthan6
വൃ‌ക്ഷമഹോത്സവത്തിനായി അലങ്കരിച്ച വൃക്ഷം

250 കോടി വർഷം മുൻപുണ്ടായ ഏറ്റവും പഴക്കംചെന്ന പർവത നിരകളാണ് ആരവല്ലി പർവത നിരകൾ. ഈ പർവത നിരകളാൽ ചുറ്റപ്പെട്ട ഗ്രാമമാണ് പിപലാന്ത്രി. ആടുവളർത്തലാണ് ഗ്രാമവാസികളുടെ ഉപജീവന മാർഗം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാർബിൾ ഖനനം ചെയ്യുന്നത് ഈ മേഖലയിലാണ്. വെള്ള മാർബിളിന് പേരുകേട്ട ആരവല്ലി പർവത നിരകൾ അനിയന്ത്രിതമായ ഖനനം മൂലം നശിച്ചുകൊണ്ടിരിക്കുകയാണ്. ഖനന മാലിന്യങ്ങൾ കുന്നുകൂട്ടിയതിനെതിരെ ഗ്രാമവാസികൾ സമരം ചെയ്തിരുന്നു. എന്നാൽ സമരത്തെ അടിച്ചമർത്താൻ കുത്തക വ്യവസായികൾക്ക് അധികസമയം വേണ്ടിവന്നില്ല. സമരം അടിച്ചമർത്തപ്പെട്ടെങ്കിലും മാലിന്യം നിർമാർജനം ചെയ്യേണ്ടത് ഗ്രാമവാസികളുടെ ആവശ്യമായിരുന്നു. അതിനായി സ്വീകരിച്ച മാർഗമാണ് ഗ്രാമവാസികൾക്ക് കൈയടി നേടിക്കൊടുത്തത്.

മാലിന്യം നികത്തി വനം

a-village-that-plants-111-trees-for-every-girl-born-in-rajasthan7
ഈ വർഷത്തെ വൃ‌ക്ഷമഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടികൾ തങ്ങളുടെ മരത്തിന് രാഖി ബന്ധിക്കുന്നു

കുന്നുപോലെ കൂട്ടിയിട്ട മാലിന്യം നികത്തുകയാണ് ആദ്യം ഗ്രാമവാസികൾ ചെയ്തത്. ഇതിൽ കുഴികളൊരുക്കി വൃക്ഷത്തൈകൾ നട്ടുതുടങ്ങി. ഓരോ പെൺകുട്ടിയും ജനിക്കുമ്പോൾ 111 തൈ വീതം നടാൻ അവർ ഈ സ്ഥലം വിനിയോഗിച്ചു. അങ്ങനെ വർഷങ്ങളായി മരം വച്ചുപിടിപ്പിച്ചതോടെ ഈ പ്രദേശം വനമായി മാറിത്തുടങ്ങി. 14 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് ഇപ്പോൾ ഈ ‘പെൺവനം’ പടർന്നു പന്തലിച്ചു നിൽക്കുന്നത്. പരിസ്ഥിതി സൗഹാർദ ഖനന മേഖലയെന്നാണ് ഇപ്പോൾ അധികാരികൾ ഈ മേഖലയെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഈ പരിസ്ഥിതി സൗഹാർദത്തിനു പിന്നിൽ ഖനന കുത്തകകളല്ല, മറിച്ച് പാവം ഗ്രാമവാസികളാണെന്നതാണ് യാഥാർഥ്യം. പരിസ്ഥിതിക്കു വേണ്ടി നിലകൊള്ളുന്ന ഈ പെൺകൂട്ടായ്മയുടെ പെരുമ ലോകത്തിനാകെ മാതൃകയാവുകയാണ്. പെൺകുട്ടികളെപ്പോലെ തന്നെ തലയുയർത്തി ഈ മരങ്ങളും വളരട്ടെ...

English Summary: A village that plants 111 trees for every girl born in Rajasthan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}