ADVERTISEMENT

ലോകമാകെ ചുറ്റി സഞ്ചരിക്കാൻ മനുഷ്യന് ഇപ്പോൾ കുറച്ചു മണിക്കൂർ മാത്രമേ വേണ്ടൂ. കടൽ കടന്നുള്ള മനുഷ്യന്റെ സഞ്ചാര ശീലത്തിനും അത്ര പഴക്കമൊന്നും അവകാശപ്പെടാനില്ല. എന്നാൽ മനുഷ്യൻ വിമാനങ്ങൾ കണ്ടുപിടിക്കുന്നതിനും എത്രയോ മുൻപ് തന്നെ ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് നാടുകാണുന്നവയാണ് ദേശാടനപ്പക്ഷികൾ. അനുയോജ്യമായ വാസസ്ഥലവും കാലാവസ്ഥയും ആഹാരവും തേടി അറിയാത്ത നാടുകൾ കണ്ടെത്തി പോകാനുള്ള ദേശാടനപ്പക്ഷികളുടെ കഴിവ് അപാരമാണ്. ഇപ്പോഴിതാ ഇന്ത്യയിൽ നിന്ന് ദീർഘദൂരം യാത്രചെയ്ത ഒരു ദേശാടനക്കിളിയുടെ സഞ്ചാരപഥം വിഡിയോ രൂപത്തിൽ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പർവീൺ കസ്വാൻ.

 

ഗുജറാത്തിലെ മെൻഡാർഡയിൽ നിന്നു ദേശാടനത്തിന് പുറപ്പെട്ട പാലിഡ് ഹാരിയർ ഇനത്തിൽപ്പെട്ട പക്ഷികളിലൊന്നിന്റെ സഞ്ചാരപഥമാണിത്. ആറായിരത്തിലധികം കിലോമീറ്റർ താണ്ടി അങ്ങ് റഷ്യയിലേക്കായിരുന്നു പക്ഷിയുടെ ദേശാടനം. സാറ്റ്‌ലെറ്റ് ടാഗിങ് നൽകിയതിലൂടെയാണ് പക്ഷിയുടെ സഞ്ചാരപഥം നിരീക്ഷിക്കാനായത്. ഏതൊക്കെ രാജ്യങ്ങൾ കടന്നുവെന്നും എത്ര കിലോമീറ്റർ വേഗത്തിൽ പക്ഷി ഓരോ സ്ഥലത്തു കൂടിയും സഞ്ചരിച്ചുവെന്നുമെല്ലാം കൃത്യമായി നിരീക്ഷിക്കാൻ ഈ സംവിധാനം ഉപകരിച്ചിട്ടുണ്ട്. ദേശാടനക്കിളികളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനായി നടത്തുന്ന സെൻട്രൽ ഏഷ്യൻ ഫ്ലൈവേ എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പാലിഡ് ഹാരിയറിന് സാറ്റ്‌ലെറ്റ് ടാഗ് നൽകിയത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സാറ്റ്‌ലെറ്റ് ടാഗുകൾ നാല് പക്ഷികളിലാണ് ഘടിപ്പിച്ചിരുന്നതെന്ന് പർവീൺ കസ്വാൻ വ്യക്തമാക്കി. ഭൂമിയിൽ നിന്ന്  2658ലധികം മീറ്ററുകൾ ഉയരത്തിലാണ്   ദേശാടനക്കിളികൾ പറന്നത്. ചിലയിടങ്ങളിൽ മണിക്കൂറിൽ 87 കിലോമീറ്റർ വേഗത്തിലും ഇവ പറന്നു . ദേശാടനപക്ഷികളെ അപേക്ഷിച്ച് മനുഷ്യന്റെ ദേശാടനം എത്രത്തോളം ചെറുതാണെന്നും യഥാർഥ സഞ്ചാരികൾ ഇവരാണെന്നുമുളള അടിക്കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

 

കൗതുകമുണർത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിട്ടുണ്ട്. അവിശ്വസനീയമായ കാഴ്ചയെന്നാണ് പലരും കമന്റുകൾ കുറിക്കുന്നത്. ഇത്രയും ഉയരത്തിൽ ഇത്രയും വേഗത്തിൽ പറന്നു നീങ്ങണമെങ്കിൽ അവയുടെ ചിറകുകൾക്ക് എത്രത്തോളം ശക്തിയുണ്ടെന്നതാണ് മറ്റുചിലരെ അദ്ഭുതപ്പെടുത്തുന്നത്. അതേസമയം മനുഷ്യനെക്കാൾ ഏറെ സ്വാതന്ത്ര്യം അവ അനുഭവിക്കുന്നുണ്ടെന്നും ഒരു രാജ്യത്തു നിന്ന് മറ്റൊരിടത്തേക്ക് പോകാൻ വിസയോ യാത്രാതടസ്സങ്ങളോ അവയ്ക്കില്ലെന്നുമുള്ള സന്തോഷം പങ്കുവയ്ക്കുന്നവരുമുണ്ട്. ആയിരക്കണക്കിന് കിലോമീറ്ററുകൾ  സഞ്ചരിക്കാൻ കഴിവുള്ളവയാണെങ്കിലും ഇന്ത്യൻ സ്പോട്ടഡ് ഈഗിൾ, ടോണി ഈഗിൾ, പാലിഡ് ഹാരിയർ എന്നിവയടക്കമുള്ള ദേശാടനപ്പക്ഷികളുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കാലാവസ്ഥാ വ്യതിയാനവും ഇവയുടെ സ്വാഭാവിക വാസസ്ഥലം കൈയേറുന്നതുമെല്ലാം ഇതിനുള്ള കാരണങ്ങളാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

 

English Summary: IFS officer shares how migratory birds travel thousands of kilometres every year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com