ADVERTISEMENT

ചൈനയിലെ ബെയ്ജിങിൽ ഒരു ബുദ്ധ ക്ഷേത്രത്തിലാണ് സ്വർണ ഇലകൾ പൊഴിക്കുന്ന മരമുത്തശ്ശിയുള്ളത്. ഈ മരം മഞ്ഞനിറമുള്ള ഇലകൾ പൊഴിച്ചു തുടങ്ങിയാല്‍ പിന്നെ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹമാണ്. 1400 വര്‍ഷം പഴക്കമുണ്ട് ഈ ഗിങ്കോ വൃക്ഷത്തിന്. ശിഖരം മുഴുവൻ മഞ്ഞപുതച്ച് നിലത്താകെ സ്വർണ ഇലകൾ പൊഴിച്ച് സുന്ദരിയായി നില്‍ക്കുന്ന വൃക്ഷത്തിന്റെ ചിത്രം 2016ൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഇവിടേയ്ക്കുള്ള സന്ദര്‍ശകരുടെ തിരക്കു കൂടിയത്. ഈ സ്വർണ മരത്തെ കാണാൻ ഒരു ദിവസം എഴുപതിനായിരത്തിലധികം സന്ദര്‍ശകര്‍ വരെ എത്തിച്ചേര്‍ന്ന ചരിത്രവുമുണ്ട്.

സിയാൻ ഷാങ്സി പ്രവിശ്യയിലുള്ള ഷോങ്ഗ്നാന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഗുവാന്യിന്‍ സെൻ ബുദ്ധ ക്ഷേത്രത്തിലാണ് ഗിങ്കോ വൃക്ഷം നിൽക്കുന്നത്. 628ാം നൂറ്റാണ്ടില്‍ താങ് രാജവംശകാലത്തുണ്ടായ വൃക്ഷമാണിതെന്നാണ് നിഗമനം. മധ്യ ചൈനയിലെ സിയാന്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ മാറിയാണ് ഈ വൃക്ഷം സ്ഥിതി ചെയ്യുന്നത്. മറ്റു ചരിത്രപരമായ സവിശേഷതകളും ഈ ബുദ്ധ ക്ഷേത്രത്തിനുണ്ട്. ശരത്കാലത്താണ് ഗിങ്കോ വൃക്ഷങ്ങൾ പതിവായി ഇലപൊഴിക്കുന്നത്. ക്ഷേത്രമുറ്റത്താകെ മഞ്ഞപ്പരവതാനി വിരിച്ച് സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ഇപ്പോൾ ഈ മരമുത്തശ്ശി. ഹാൻ ഫേയ് പകർത്തിയ സ്വർണ ഇലകള്‍ പൊഴിച്ചു നിൽക്കുന്ന ഗിങ്കോ വൃക്ഷത്തിന്റെ ചിത്രങ്ങൾ‍ താംഖായി മെങ് ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ മനോഹരമായ ഈ ചിത്രങ്ങൾ കണ്ടുകഴിഞ്ഞു.

കേടുവരാത്ത ഗിങ്കോ വൃക്ഷങ്ങൾ

യാതൊരു കേടുമില്ലാതെ എങ്ങനെയാണ് ഇത്രയേറെ കാലം ഈ മരത്തിന് നിലനിൽക്കാനാകുന്നതെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. ഒരുതരം രാസവസ്തു ഉൽപാദിപ്പിച്ചാണ് ഇവ സ്വന്തം ‘ശരീരം’ കീടങ്ങളിൽ നിന്നും കാലാവസ്ഥാ പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കുന്നത്. സാധാരണഗതിയിൽ ചെടികളുടെ ഇലകൾക്കും തണ്ടിനുമെല്ലാം ഒരു നിശ്ചിതഘട്ടമെത്തിയാൽ മുന്നോട്ടു വളർച്ചയുണ്ടാകില്ല. സസ്യങ്ങളിലെ ചിലയിനം ജീനുകളാണ് വളർച്ചയെ തടസ്സപ്പെടുത്തുന്നത്. ചെടികളുടെ വളർച്ചയെ‘സ്വിച്ച് ഓഫ്’ ചെയ്യുന്ന അത്തരം ജീനുകൾ ഗിങ്കോയിൽ ഇല്ലെന്നും ഗവേഷകർ കണ്ടെത്തി. 

 

ഏകദേശം 27 കോടി വർഷം മുൻപുമുതൽ ഗിങ്കോ മരങ്ങൾ ഭൂമിയിലുണ്ടെന്നാണ് ഫോസിൽ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചൈനയാണ് ഇവയുടെ ജന്മദേശം. ശരത്‌കാലത്ത് മഞ്ഞനിറത്തിലുള്ള ഇലകളും പൊഴിച്ചു പാതയോരത്ത് നിൽക്കുന്ന ഇവ കണ്ണിനു കുളിർമയേകുന്ന കാഴ്ചയുമാണ്. ചൈനയിലെ പാർക്കുകളിലും മറ്റും ഇത് സുലഭമാണ്. എന്നാൽ വളരെ പതിയെ വളരുന്ന ഈ വമ്പൻ മരം കാട്ടുകൊള്ളക്കാരുടെ മഴുവിനിരയാകുന്നതു പതിവാണ്. അതിനാൽത്തന്നെ കാട്ടുഗിങ്കോ മരം വംശനാശഭീഷണിയിലുമാണ്. ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റിൽ അതീവ വംശനാശഭീഷണിയുള്ള മരങ്ങളുടെ പട്ടികയിലാണിത്. നിലവിൽ ചൈനയിലെ വനമേഖലയായ ഷിറ്റിയാൻമു മലനിരകളിൽ മാത്രമേ ഇവയെ കാണാനാവുകയുള്ളൂ. 

 

ഗിങ്കോകളുടെ ദീർഘായുസ്സിനെപ്പറ്റി പഠിക്കാൻ 15 മുതൽ 667 വർഷം വരെ പഴക്കമുള്ള മരങ്ങളെയാണു ഗവേഷകർ പരിശോധിച്ചിരുന്നു. മരത്തിന്റെ കോശങ്ങളെപ്പറ്റി വിശദമായി പഠിച്ച് തൊലിയും ഇലയും വിത്തുമെല്ലാം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി. അങ്ങനെയാണ് വരൾച്ചയും കൊടുംമഞ്ഞും കീടങ്ങളും വന്നാലും ഒരു കുഴപ്പവും പറ്റാതെ സഹായിക്കുന്ന രാസവസ്തുക്കൾ ഈ മരം ഉൽപാദിപ്പിക്കുന്നുണ്ടെന്നു കണ്ടെത്തിയത്. ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന മരം ഗിങ്കോയല്ല. യുഎസിലെ കലിഫോർണിയയിൽ കാണപ്പെടുന്ന ബ്രിസ്ൽകോൺ പൈൻമരങ്ങളിൽ പലതിനും 4800 വര്‍ഷത്തിലേറെ പഴക്കമുണ്ട്. 

 

English Summary: This Buddhist temple's 1,400-year-old ginkgo tree is dropping a sea of yellow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com