ADVERTISEMENT

ലോകത്തെ ഏറ്റവും അതിജീവനശേഷിയുള്ളള ജീവികളാണ് ടാർഡിഗ്രേഡുകൾ. അതിസൂക്ഷജീവികളായ ഇവയെ ഇക്കാരണം കൊണ്ട് തന്നെയാണ് ലോകത്തെ ഏറ്റവും ശക്തിയുള്ള ജീവികളായി കണക്കാക്കുന്നതും. സൂക്ഷ്മദർശനി ഉപയോഗിച്ച് മാത്രം കാണാൻ കഴിയുന്ന ഈ ജീവികൾ ഒരു പക്ഷേ കരുത്തുറ്റ ഒരു പന്നിയേയോ കാണ്ടാമൃഗത്തേയോ ഓർമിപ്പിച്ചേക്കാം. പ്രത്യേകിച്ച് ഒരു സംരക്ഷണവും കൂടാതെ തന്നെ ഈ ജീവിക്ക് ശൂന്യാകാശത്തു പോലും അതിജീവിക്കാൻ കഴിയും എന്നതാണ് ഇവയുടെ കഴിവുകളെക്കുറിച്ച് പറയാൻ ഉപയോഗിക്കാവുന്ന ഉദാഹരണങ്ങളിൽ ഒന്ന്.

 

അതിജീവനത്തിന് വേണ്ടി ഇവ ചെയ്യുന്ന പല കഠിനമായ പ്രവർത്തികളുമുണ്ട്. ശരീരത്തിലെ വെള്ളം മുഴുവൻ ഒഴിവാക്കുകയാണ് ഇവയിലൊന്ന്. ഇതിന് ശേഷം ബോൾ പോലെ ഇവ ശരീരം ചുരുട്ടും. ഈ പ്രത്യേകത തന്നെയാണ് ഇവയെ വായു പോലുമില്ലാത്ത ശൂന്യാകാശത്ത് പോലും അതിജീവനത്തിന് സഹായിക്കുന്നതും. എത്ര കഠിനമായ തണുപ്പോ, ചൂടോ ഇവയെ പ്രതികൂലമായി ബാധിക്കില്ല. ഒരു വെടിയുണ്ട പതിച്ചാലോ, ഭൂമിയിൽ നിന്ന് മിസൈൽ അയച്ച് ഇവയെ ചന്ദ്രനിലേക്കെത്തിച്ചാലും ഈ വീഴ്ചയുടെ ആഘാതം പോലും ഇവയ്ക്ക് താങ്ങാനാകും.

 

5-extreme-times-tardigrades-proved-themselves-to-be-incredibly-resilient1
Image Credit: dottedhippo/ Istock

പേപ്പറിന്റെ കനം മാത്രമുള്ള ജീവികൾ 

ഭക്ഷണമോ വെള്ളമോ ഇല്ലാതെ വർഷങ്ങളോളം ഈ ജീവികൾക്ക് അതിജീവിക്കാൻ കഴിയും. ഒരു പേപ്പറിന്റെ വലുപ്പം മാത്രമെ ഈ ജീവികൾക്ക് ശരാശരി ഉണ്ടാകൂ. ശാസ്ത്രഭാഷയിൽ പറഞ്ഞാൽ നൂറ് മുതൽ ആയിരം മൈക്രോൺ വരെ മാത്രം വലുപ്പം. ഈ ജീവികൾ ശൂന്യാകാശത്ത് എങ്ങനെ അതിജീവിക്കുന്നു എന്നറിയാൻ 2021ൽ അയ്യായിരത്തോളം ടാർഡിഗ്രേഡുകളെ ശൂന്യാകാശത്തേക്കയച്ചിരുന്നു. രാജ്യാന്തര ബഹിരാകാശ വാഹനത്തിലേക്കുള്ള അവശ്യസാധനങ്ങൾ അയച്ചതിനൊപ്പമാണ് ഇവയെ ശൂന്യാകാശത്തേക്കെത്തിച്ചത്. മുൻപ് 2007 ലും സമാനമായ രീതിയിൽ ഈ ജീവികലെ ശൂന്യാകാശത്തേക്ക് അയച്ചിരുന്നു. അന്ന് ബഹിരാകാശ പേടകത്തിൽ 3000 ടാർഡിഗൈഡുകളെയാണ് ഭൂമിയെ പ്രദക്ഷിണം വയ്ക്കാനായി  ബഹിരാകാശ പേടകത്തിൽ കയറ്റി വിട്ടത്. പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം  ഈ പേടകം തിരിച്ച് ഭൂമിയിലെത്തിയപ്പോൾ ടാർഗൈഡുകളിൽ 65 ശതമാനവും അതിജീവിച്ചിരുന്നു.

 

ടാർഡിഗൈഡുകൾ ചന്ദ്രനിൽ തകർന്നു വീണ റോക്കറ്റിനെ അതിജീവിച്ചു എന്നത് ഒട്ടും അതിശയോക്തി കലർത്തി പറഞ്ഞതല്ല. 2019 ൽ ഇസ്രായേലിൽ നിന്ന് അയച്ച പേടകം വഹിച്ച റോക്കറ്റാണ് ചന്ദ്രനിൽ തകർന്നു വീണത്. ഈ സമയത്ത് പേടകത്തിൽ  ആയിരക്കണക്കിന് ഡീ ഹൈഡ്രേറ്റഡ് ആയിട്ടുള്ള ടാർഡിഗ്രേഡുകൾ ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. ഇവ ഉറപ്പായും പേടകത്തിൻറെ തകർച്ചയ്ക്ക് ശേഷവും അതിജീവിച്ചിട്ടുണ്ടാകുമെന്നും ഭാവിയിൽ ഭൂമിയിലേക്ക് തിരികെ  കൊണ്ടുവന്നാൽ ഇവ വീണ്ടും ജലം സ്വീകരിച്ച് സാധാരണ അവസ്ഥയിലേക്ക് മടങ്ങി വരുമെന്നും ഗവേഷകർ പറയുന്നു.

 

കടുത്ത ചൂടും തണുപ്പും അതിജീവിക്കുന്ന  ടാർഡിഗ്രേഡുകൾ

ടാർഡിഗ്രേഡുകളുടെ കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവിന് ഉദാഹരണമാണ് മൂന്ന് പതിറ്റാണ്ടോളം മരവിച്ച് കിടന്ന ശേഷം വീണ്ടും പഴയ അവസ്ഥയിലേക്ക് തിരികെയെത്തിയ ടാർഡിഗ്രേഡ്. 1983 അന്റാർട്ടിക്കിൽ നിന്ന് ശേഖരിച്ച പായലിനൊപ്പമുണ്ടായിരുന്ന ടാർഡിഗ്രേഡാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം മരവിച്ച അവസ്ഥയിൽ നിന്ന് പുറത്തു കടന്ന് ശരീരത്തിലേക്ക് വീണ്ടും ജലം സ്വീകരിച്ചത്. മൂന്ന് പതിറ്റാണ്ടോളം ജപ്പാനിലെ ലാബിൽ സൂക്ഷിച്ചിരുന്ന പായലിലെ ടാർഡിഗ്രേഡ് മരവിച്ച അവസ്ഥയിൽ തന്നെയായിരുന്നു. 2016 ൽ മാത്രമാണ് ഈ ജീവിയെ ഗവേഷകർ പുറത്തെടുത്തത്. എന്നാൽ പുറത്തെടുത്ത ശേഷം ഈ ജീവികൾ വീണ്ടും സജീവമായി.

 

ടാർഡിഗ്രേഡുകളെ ഉപയോഗിച്ച് നടത്തിയ മറ്റൊരു പരീക്ഷണം ഉയർന്ന താപനിലയിലുള്ള ഇവയുടെ അതിജീവനത്തെക്കുറിച്ചായിരുന്നു. തിളപ്പിച്ച വെള്ളത്തിൽ ഇവയുടെ അതിജീവന സാധ്യതയാണ് ഗവേഷകർ പരിശോധിച്ചത്. തിളപ്പിച്ച ശേഷം ഒരു ദിവസം മുഴുവൻ ഈ ജീവികളെ മുപ്പത്തിയെട്ട് ഡിഗ്രി സെൽഷ്യസ് ചൂടിൽ സൂക്ഷിച്ചു. ഒരു ദിവസം പിന്നിട്ടപ്പോൾ ഏതാണ്ട് പകുതിയോളം ടാഡ്രിഗേഡുകളും ഈ പരീക്ഷണത്തേയും അതിജീവിച്ചു. ഇതിൽ നിന്ന് ചൂട് കുറഞ്ഞ ലാവയിലും ഹോട്ട് സ്പ്രിങ്ങുകളിലുമെല്ലാം  ടാർഡിഗ്രേഡുകൾ അതിജീവിക്കുന്നതായി ഗവേഷകർ മനസ്സിലാക്കി.

 

വെടിയുണ്ടയെ അതിജീവിക്കുന്ന ജീവികൾ

ഗവേഷകർ  ടാർഡിഗ്രേഡുകളെ ഉപയോഗിച്ച് നടത്തിയ അടുത്ത കടുത്ത പരീക്ഷണം വെടിയുണ്ട ഉപയോഗിച്ചായിരുന്നു. നൈലോൺ ഉപയോഗിച്ച് നിർമിച്ച വെടിയുണ്ടയിലാണ് ടാർഡിഗ്രേഡുകളെ ഗവേഷകർ നിറച്ചത്. തുടർന്ന് മണിക്കൂറിൽ ഏതാണ്ട് 3000 കിലോമീറ്റർ വേഗത്തിലാണ് നിറയൊഴിച്ചത്. ഈ വെടിയുണ്ട പത്ത് മീറ്റർ അകലെ മാത്രം സൂക്ഷിച്ചിരുന്ന ലക്ഷ്യസ്ഥാനത്ത് പതിച്ചു. എന്നാൽ ഇതിനു ശേഷവും ഈ വെടിയുണ്ടയിൽ സൂക്ഷിച്ചിരുന്ന ടാർഡിഗ്രേഡുകൾ അതിജീവിച്ചുവെന്നും ഗവേഷകർ കണ്ടെത്തി.

 

മുകളിൽ പറഞ്ഞ പരീക്ഷണങ്ങളൊക്കെ ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന ബഹുകോശ ജീവികളിൽ ഏറ്റവും കരുത്തർ ടാർഡിഗ്രേഡുകൾ തന്നെയാണെന്ന് തെളിയിക്കുന്നതാണ്. ശരീരത്തിൽ നിർജലീകരണം നടത്തി സ്വയം സുരക്ഷിതമാക്കുക എന്നതാണ് ഇവയുടെ ഏറ്റവും മികച്ച പ്രതിരോധം. വെള്ളം തിരികെ ശരീരത്തിലേക്കെത്തിച്ച് അനുകൂല സാഹചര്യങ്ങളിൽ ഇവ വീണ്ടും സജീവമാവുകയും ചെയ്യുന്നു. ജലത്തോടുള്ള ഇവയുടെ ഈ പ്രിയം മൂലം ഇവയെ വാട്ടർ ബെയറുകൾ എന്നും ഗവേഷകർ വിളിക്കാറുണ്ട്.

 

English Summary: 5 Extreme Times Tardigrades Proved Themselves to Be Incredibly Resilient

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com