ADVERTISEMENT

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിർത്താൻ യോഗാഭ്യാസം ഗുണകരമാണെന്ന് ലോകമാകെ വിശ്വസിക്കുന്നുണ്ട്. എന്നാൽ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ചില യോഗാഭ്യാസമുറകൾ വശമുണ്ടെന്ന് കാണിച്ചുതരുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന ഒരു പുള്ളിപ്പുലിയാണ് വിഡിയോയിലെ താരം.  യോഗയുടെ മാതൃകയിൽ ശാരീരിക അഭ്യാസം കാഴ്ചവയ്ക്കുന്ന പുലിയുടെ ദൃശ്യങ്ങൾ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ സുശാന്ത നന്ദയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

 

റഷ്യയിലെ ലാൻഡ് ഓഫ് ദ ലെപഡ് ദേശീയ ഉദ്യാനത്തിൽ വന്യജീവികളുടെ സഞ്ചാരപഥം നിരീക്ഷിക്കാനായി സ്ഥാപിച്ചിട്ടുള്ള ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്. ഉറക്കത്തിൽ നിന്നുണർന്ന ശേഷം അതിന്റെ ആലസ്യം വിട്ടുമാറാനായി പുലി കൈകാലുകൾ നിവർത്തുന്നതാണ് വിഡിയോയിലുള്ളത്. എന്നാൽ കുന്നിന്റെ അഗ്രഭാഗത്ത് കിടന്നുകൊണ്ട് പുലി ചെയ്യുന്ന അഭ്യാസങ്ങൾ മനോഹരമായ കാഴ്ചയും സമ്മാനിക്കുന്നുണ്ട്. യോഗയിലെന്നപോലെ വളരെ സാവധാനത്തിൽ മുൻകാലുകൾ മുന്നിലേക്ക് നീട്ടുകയും പിന്നിലേക്ക് എടുക്കുകയും ശരീരം ഉയർത്തുകയും ഒക്കെ ചെയ്യുന്നുണ്ട് പുലി. 

 

ഒറ്റനോട്ടത്തിൽ സൂര്യനമസ്കാരവുമായി ഏറെ സാമ്യം തോന്നുന്ന ചലനങ്ങളാണ് പുലിയുടേത്. പുള്ളിപ്പുലിയുടെ സൂര്യനമസ്കാരം എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. കാഴ്ചയ്ക്ക് കൗതുകമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ അത് വളരെ വേഗത്തിൽ ജനശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. രണ്ടുദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ട്വിറ്ററിലൂടെ മാത്രം വിഡിയോ കണ്ടത്. പുള്ളിപ്പുലിയുടെ അഭ്യാസപ്രകടനം കണ്ട് ഏറെ സന്തോഷത്തോടെ ധാരാളമാളുകൾ പ്രതികരണങ്ങൾ കുറിക്കുന്നുമുണ്ട്. 

 

പ്രകൃതിയെ നിരീക്ഷിച്ചാൽ  ശാരീരികാരോഗ്യം നിലനിർത്തേണ്ടത് എങ്ങനെയെന്ന പാഠങ്ങൾ മനുഷ്യനു ലഭിക്കുമെന്നാണ് ഭൂരിഭാഗം ആളുകളും കുറിക്കുന്നത്. പുലിയുടെ ഫിറ്റ്നസിന്റെ രഹസ്യം ഇപ്പോൾ പരസ്യമായി എന്ന തരത്തിൽ രസകരമായ കുറിപ്പുകളുമുണ്ട്. അതേസമയം ഇത് യോഗാഭ്യാസം അല്ലെന്നും വേട്ടയാടാൻ പോലും  മടി പിടിച്ചിരിക്കുന്ന സമയത്തെ പ്രകടനമാണെന്നുമാണ് മറ്റു ചിലരുടെ നിരീക്ഷണം. എന്തുതന്നെയായാലും പുലിയുടെ ശരീര സൗന്ദര്യവും അതിന്റെ പശ്ചാത്തലവും എല്ലാം മനോഹരമായ കാഴ്ചയൊരുക്കുന്നുണ്ടെന്ന് പ്രതികരിക്കുന്നവരും കുറവല്ല.

 

English Summary: Secret Of Fitness": Video Of Leopard's Morning Stretch Routine Amuses Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com