ADVERTISEMENT

‘മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം’ എന്ന ആശയം മുൻനിർത്തി 2017 ൽ ആരംഭിച്ച പദ്ധതിയാണ് ഹരിത കേരളം. റോഡുകളിലും വീട്ടുപരിസരങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്ന രീതി ഹരിത കേരളത്തിന്റെ വരവോടെ ഇല്ലാതെയായി. ഇന്ന് ഫ്ലാറ്റുകൾ ഉൾപ്പെടെ കേരളത്തിലെ 86 ലക്ഷം വീടുകളിലെ മാലിന്യങ്ങൾ ശേഖരിക്കാൻ 34,000 ത്തോളം ഹരിത കർമസേനാംഗങ്ങളുണ്ട്. ശുചിത്വകേരളത്തിനായി അവരുടെ പ്രവർത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ മാലിന്യനിർമാർജന വഴികളെക്കുറിച്ചും ഹരിതകേരളത്തെക്കുറിച്ചും വേസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം ഓഫിസർ പി. അജയകുമാർ മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.

മാലിന്യസംസ്കരണം രണ്ടു രീതിയിൽ

കേരളത്തിലെ 80 ശതമാനം വീടുകളിലുംനിന്ന് ഹരിതകർമസേന മാലിന്യം ശേഖരിക്കുന്നുണ്ട്. ജൈവ, അജൈവ മാലിന്യങ്ങളെ വേർതിരിച്ചാണ് ശേഖരണം. പഞ്ചായത്തുകളിൽ മാസത്തിൽ ഒരു തവണയും മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ രണ്ടു തവണയുമാണ് മാലിന്യം ശേഖരിക്കുന്നത്. 

അഴുകാത്ത മാലിന്യങ്ങൾ ശേഖരിക്കാൻ ഓരോ പഞ്ചായത്തിലും എംസിഎഫുകൾ (മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി) ഉണ്ട്. കൂടാതെ, വാർഡ് അടിസ്ഥാനത്തിൽ മിനി എംസിഎഫുകളും ബ്ലോക്ക്, മുനിസിപ്പൽ തലങ്ങളിൽ ആർആർഎഫും (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) ഉണ്ട്. എംസിഎഫിൽ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി വിലകൊടുത്തു വാങ്ങി മറ്റു സംസ്ഥാനങ്ങൾക്കോ റീസൈക്ലിങ് ഏജൻസികൾക്കോ കൈമാറും. റീസൈക്കിൾ ചെയ്യാൻ പറ്റാത്ത മാലിന്യങ്ങൾ സിമന്റ് ഫാക്ടറിയിൽ ഇന്ധനമായി ഉപയോഗിക്കുന്നു. കെഇഐഎലിൽ ശാസ്ത്രീയമായി മാലിന്യം നിർമാർജനം ചെയ്യുന്നുമുണ്ട്.

haritha-keralam-ajay-kumar
പി. അജയകുമാർ

പ്ലാസ്റ്റിക് നിത്യജീവിതത്തിന്റെ ഭാഗം

പ്ലാസ്റ്റിക് നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത വസ്തുവാണ്. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് കേരളത്തിൽ 8,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ലഭിച്ചത്. ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ കേരളത്തിൽ കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും കാരി ബാഗ്, പേപ്പർ പ്ലേറ്റ്, കപ്പുകൾ എന്നിവ ഇപ്പോഴും പലയിടങ്ങളില്‍നിന്നും ലഭിക്കുന്നുണ്ട്. അത് പിടിച്ചെടുക്കാനായി ജില്ലാ തലത്തിൽ ഒരു സംഘം ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു. അവ പിടിച്ചെടുക്കുന്നതിനൊപ്പം പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ദിവസവും തദ്ദേശവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ റിവ്യൂ നടത്തുകയും ഗ്യാപ് അനാലിസിസ് നടത്തുകയും ചെയ്യുന്നു.

newharitha-karma-sena-1
വീടുകളിൽനിന്ന് ശേഖരിച്ച അജൈവ മാലിന്യങ്ങളുമായി പോകുന്ന ഹരിത കർമസേന.(Photo: Facebook/ Haritha Keralam Mission)

പ്ലാസ്റ്റിക് നിർമാർജനം ബ്രഹ്മപുരത്തെ വീഴ്ച

എറണാകുളത്തെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മുനിസിപ്പാലിറ്റികളിലും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് സംവിധാനം ഉണ്ടാക്കിയിരുന്നില്ല. ഹരിതകേരളവുമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് മാലിന്യം ശേഖരിക്കാനായി ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വന്നത്. വീടുകളിൽനിന്ന് ശേഖരിക്കുന്ന ജൈവ, അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ ബ്രഹ്മപുരത്തു തള്ളുകയായിരുന്നു. ഇതിന്റെ ഫലമായാണ് തീപിടിത്തമുണ്ടായപ്പോൾ കൊച്ചി മുഴുവൻ വായുമലിനീകരണമുണ്ടായത്.

ernakulam-brahmapuram
ബ്രഹ്മപുരം മാലിന്യപ്ലാന്റ്

മാലിന്യം വലിച്ചെറിയരുത്, തരം തിരിക്കൂ

കൊച്ചിയൊഴികെ സംസ്ഥാനത്തെ എല്ലാ കോർപറേഷനുകളിലും ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ട്. അജൈവ മാലിന്യങ്ങൾ കൃത്യമായി ശേഖരിക്കണമെങ്കിൽ അതിനാവശ്യമായ സംവിധാനം ഒരുക്കണം. കൊച്ചിയിൽ അത്തരം യൂണിറ്റുകളില്ല. ബ്രഹ്മപുരത്ത് അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ സ്ഥിതിക്ക്, മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിക്കേണ്ടത് ആവശ്യമാണ്. അതിനായി കൊച്ചി കോർപറേഷൻ ഹരിതകർമ സേനയുമായി കൈകോർക്കണം.

haritha-karma-sena-4
(Photo: Facebook/ Haritha Keralam Mission)

സർക്കാർ അംഗീകരിച്ച കലണ്ടർ പ്രകാരം എല്ലാ മാസവും പ്ലാസ്റ്റിക്, തുണി, ലെതർ, ചെരുപ്പ്, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ തരംതിരിച്ച് ശേഖരിക്കും. ഇതനുസരിച്ച് സാധനങ്ങൾ കൈമാറുകയാണെങ്കിൽ ഏറെ ഗുണകരമാകും. ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽത്തന്നെ സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കണം. ഫ്ലാറ്റുകളിൽ എല്ലാം കാര്യക്ഷമമായി നടക്കുന്നുണ്ട്.  2017 ൽ നടത്തിയ സർവേയിൽ 56% വീടുകളിലും ഉറവിട മാലിന്യസംസ്കരണത്തിന് ആവശ്യമായ സംവിധാനം ഉണ്ടെന്നാണ് കണ്ടെത്തിയത്. 

വലിയ തോതിൽ മാലിന്യം ഉൽപാദിപ്പിക്കുന്ന ആളുകൾ സംസ്കരണത്തിനായി സ്വയം സംവിധാനം ഉണ്ടാക്കണമെന്ന് നിലവിലെ നിയമം അനുശാസിക്കുന്നുണ്ട്. ഇതെല്ലാം കൃത്യമായി പാലിക്കപ്പെട്ടാൽ തീർച്ചയായും മാലിന്യസംസ്കരണം കാര്യക്ഷമമായി കൊണ്ടുപോകാനാകുമെന്നതിൽ തർക്കമില്ല.

haritha-karma-sena-2

ഇറച്ചിമാലിന്യം ഇന്ന് തലവേദനയല്ല

സംസ്ഥാനത്ത് ഒരു ദിവസം ഏതാണ്ട് 1,600 ടൺ ഇറച്ചി മാലിന്യം ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ. ഈ മാലിന്യങ്ങൾ മറ്റൊരു ഉൽപന്നമാക്കി മാറ്റാനായി റെൻഡറിങ് പ്ലാന്റുകൾ ഉണ്ട്. കേരളത്തിൽ 40 സ്ഥലത്ത് ഇത്തരം പ്ലാന്റുകളുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ പ്ലാന്റുകൾ ഇല്ലാത്തതിനാൽ ഇവിടത്തെ ഇറച്ചിമാലിന്യങ്ങൾ മറ്റ് പ്ലാന്റുകളിലേക്ക് കൊണ്ടുപോകും. 

സംസ്ഥാനത്ത് മാലിന്യസംസ്കരണത്തിൽ പ്രതിസന്ധിയില്ല. സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ ഇക്കാര്യത്തിലുണ്ട്. ജനങ്ങളുടെ സഹകരണമാണ് കൂടുതൽ ആവശ്യം. തുമ്പൂർമുഴി മാതൃകയിൽ പ്രവർത്തിക്കുന്ന കംപോസ്റ്റുകൾ (4 അടി നീളം, 4 അടി വീതി, 4 അടി ഉയരം) കേരളത്തിൽ സജീവമാണ്. ആലപ്പുഴയിലാണ് ഇവ ആദ്യമായി സ്ഥാപിച്ചത്. റോഡിൽനിന്നും വീടുകളിൽനിന്നും ലഭിക്കുന്ന ജൈവമാലിന്യങ്ങൾ അവിടെനിന്നു വളമാക്കി കൃഷിയാവശ്യങ്ങൾക്ക് ഉപയോഗിക്കാം. രണ്ടു ടൺ മാലിന്യം ഇതുവഴി വളമാക്കി മാറ്റാം.

11,100 ടൺ മാലിന്യം (ജൈവം, അജൈവം) പ്രതിദിനം ഉൽപാദിപ്പിക്കുന്നതായി കണക്കാക്കിയിട്ടുണ്ട്. അതിൽ 23% അജൈവ മാലിന്യമാണ്. ഇതിൽ 18% പ്ലാസ്റ്റിക് മാലിന്യമാണ്. 5% പുനരുപയോഗിക്കാൻ പറ്റാത്ത മാലിന്യമാണ്.

harith-kerala-2
(Photo: Facebook/ Haritha Keralam Mission)

ഹരിതകർമസേന സ്വയംതൊഴിൽ സംരംഭകർ, അടുത്ത പദ്ധതി കാർബൺ ന്യൂട്രൽ കേരള

സ്വയംതൊഴിൽ സംരംഭകരെന്ന നിലയ്ക്കാണ് ഹരിതകർമ സേന പ്രവർത്തിക്കുന്നത്. അവരെല്ലാം കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളാണ്. വീടുകളിൽനിന്നു ലഭിക്കുന്ന തുകയാണ് അവരുടെ ശമ്പളം. ഇതുകൂടാതെ പ്ലാസ്റ്റിക് വിറ്റുകിട്ടുന്ന തുകയും അവർക്കുള്ളതാണ്. കാർബൺ ന്യൂട്രൽ കേരളയാണ് ഹരിതകേരളത്തിന്റെ പുതിയ പദ്ധതി. കാർബൺ പരിസ്ഥിതിക്ക് ആവശ്യമുണ്ടെങ്കിലും അതിന്റെ അളവ് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

English Summary: Interview with Haritha Keralam Waste management Programme officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com