ADVERTISEMENT

പൂക്കൈത, കൈനാറി എന്നൊക്കെ പല പേരുകളിലറിയപ്പെട്ടിരുന്ന കൈതച്ചെടികൾ മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ പ്രതീകം കൂടിയാണ്. പാടങ്ങളുടെയും പറമ്പുകളുടെയുമൊക്കെ അതിരുകൾ സൂക്ഷിച്ചിരുന്ന ഇലകളിൽ മുള്ളുള്ള ഈ പരുക്കൻ ചെടികൾകൊണ്ട് കുട്ടികൾ കളിപ്പാട്ടങ്ങൾ പണ്ടുണ്ടാക്കിയിരുന്നു. മുതിർന്നവരെ സംബന്ധിച്ച് അതിജീവനത്തിന്റെ പച്ചപ്പുകൂടിയാണ് കൈതകൾ നൽകിയത്. ഇതിന്റെ ഇലകളുണക്കി പായ മെടഞ്ഞ് അതു വിപണിയിൽ വിറ്റുകിട്ടുന്ന വരുമാനം കൊണ്ട് എത്രയോ കുടുംബങ്ങളിൽ അടുപ്പുപുകഞ്ഞു. ചിലപ്പോഴൊക്കെ ക്രിക്കറ്റ് കളിക്കുമ്പോൾ ബോൾ തെറിച്ചു കൈതക്കൂട്ടത്തിൽ മറയുകയും പിന്നീട് മണിക്കൂറുകൾ തിരയുന്നതൊക്കെ പഴയകാലത്തെ നൊസ്റ്റാൾജിക് കാര്യങ്ങളിൽ ഒന്നാണ്. 

ഒരുകാലത്ത് സർവസാധാരണമായിരുന്ന കൈതച്ചെടികൾ ഇന്ന് അധികം കാണാത്ത നിലയിലാണ്. കൈതച്ചെടികൾ അത്ര നിസ്സാരക്കാരല്ല. ലോകമെങ്ങും, പ്രത്യേകിച്ച് ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ വൻകരകളിലെ ട്രോപ്പിക്കൽ മേഖലകളിൽ വളരുന്ന പൻഡാനസ് വിഭാഗത്തിൽപ്പെട്ട ചെടികളാണു നമ്മുടെ നാട്ടിലെ പൂക്കൈതകൾ. ഭൂമധ്യരേഖയോട് അടുത്ത മേഖലകളാണ് ട്രോപ്പിക്കൽ എന്നറിയപ്പെടുന്നത്. 750ൽ അധികം സ്പീഷീസുകളിലുള്ള ചെടികൾ പൻഡാനസ് വിഭാഗത്തിലുണ്ട്. നമ്മുടെ നാട്ടിലെ കൈതകൾ പൊതുവെ പൻഡാനസ് ഒഡോറിഫയർ വിഭാഗത്തിൽപ്പെടുന്നവയാണ്.

കൈതച്ചെടി (Photo: Twitter/@Wisdom19642, Manorama)
കൈതച്ചെടി (Photo: Twitter/@Wisdom19642, Manorama)

കൈതവിഭാഗത്തിലെ മറ്റൊരു ചെടിയാണ് പൻഡാനസ് ടെക്ടോറിയസ്. ബിരിയാണിയിലും മറ്റും ഉപയോഗിക്കുന്ന കെവ്‌റ വാട്ടർ എന്ന സുഗന്ധദ്രാവകം ഈ ചെടിയുടെ പൂക്കളിൽ നിന്നാണ് തയാർ ചെയ്യുന്നത്. ഈ ചെടിയുടെ കായകൾ ഹലപ്പഴങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. തീരദേശത്തോടടുത്ത് ജീവിക്കുന്ന ആദിമ ജനവിഭാഗങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണിത്.

Read Also: ഒറ്റ ദിവസം കൊണ്ട് തുറമുഖം ചോര നിറത്തിൽ; നാഗോ നഗരത്തെ ഞെട്ടിച്ച് ബിയർ ഫാക്ടറി

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വ്യാപകമായി കാണപ്പെടുന്ന മറ്റൊരു കൈതമരമാണ് പൻഡാനസ് ഫസിക്കുലറിസ്. ഈ പഴങ്ങൾ പ്രധാനഭക്ഷണമായി ആഹരിക്കുന്ന ഒരു ഗോത്രം ഇന്ത്യയിലുണ്ട്. ആൻഡമാൻ നിക്കോബാർ കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗവും തെക്കേയറ്റത്തെ ദ്വീപുമായ ഗ്രേറ്റ് നിക്കോബാറിൽ ജീവിക്കുന്നവരുമായ ഷോംപെൻ വിഭാഗമാണ് ഇവർ. ധാരാളം ഫസിക്കുലറിസ് കൈതച്ചെടികൾ ഗ്രേറ്റ്‌നിക്കോബാറിലുണ്ട്. ഷോംപെൻ വിഭാഗം പൊതുവെ പുറത്തുള്ളവരുമായി സമ്പർക്കം ഇഷ്ടപ്പെടാത്തവരാണ്. ഇത്തരത്തിലുള്ള മറ്റൊരു ഗോത്രവിഭാഗമായ സെന്റിനൽ ഗോത്രവും പൻഡാനസ് പഴങ്ങൾ ഉപയോഗിക്കുന്നവരാണ്.

(Photo: Twitter/@SalmaZainab15)
(Photo: Twitter/@SalmaZainab15)

പൻഡാനസ് വംശത്തിൽപ്പെട്ട പ്രശസ്തമായ ഒരു ചെടിയാണ് പൻഡാനസ് അമറിലിഫോലിയസ്. പാൻഡൻ എന്നാണ് പൊതുവെ ഈ ചെടി അറിയപ്പെടുന്നത്. തെക്കുകിഴക്കൻ ഏഷ്യയുടെ വാനില എന്നറിയപ്പെടുന്ന ഈ ചെടിയുടെ ഇലകളും സത്തും വ്യാപകമായി ഭക്ഷണപദാർഥങ്ങളിൽ ഉപയോഗിക്കപ്പെടുന്നു. കേക്കുകളും പുഡിങ്ങുകളുമൊക്കെ ഇതുവച്ച് തയാറാക്കാം. ഇന്തൊനീഷ്യയുടെ ഭാഗമായ മൊലൂക്കയിലാണ് ഈ ചെടി ആദ്യമായി കണ്ടെത്തിയത്. കാർ ഫ്രഷ്‌നറിലുള്ള സുഗന്ധദ്രവ്യമായും ഇത് ഉപയോഗിക്കപ്പെടുന്നു.

Content Highlights: Andaman and Nicobar Islands, Pandanus Kaitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com