ADVERTISEMENT

പക്ഷികളെ കാണുന്നത് പൊതുവേ സന്തോഷം നൽകുന്ന കാര്യമാണെങ്കിലും ചിലപ്പോഴെങ്കിലും അവ ശല്യമായെന്നും വരാം. പല വൻകിട നഗരങ്ങളിലും കെട്ടിടങ്ങളിൽ പക്ഷികൾ മൂലമുണ്ടാകുന്ന ശല്യം ഒഴിവാക്കാൻ ആന്റി ബേർഡ് സ്പൈക്കുകൾ സ്ഥാപിക്കാറുണ്ട്. എന്നാൽ ഈ വേലയൊന്നും ഞങ്ങളോട് നടക്കില്ല എന്ന ഭാവത്തിൽ തങ്ങളെ തുരത്താൻ മനുഷ്യൻ കണ്ടുപിടിച്ച സ്പൈക്കുകൾ കൊണ്ട് കൂടുണ്ടാക്കിയിരിക്കുകയാണ് തന്ത്രശാലികളായ ഒരുകൂട്ടം പക്ഷികൾ. യൂറോപ്പിലെ നഗരപ്രദേശങ്ങളിലെ നിത്യ സന്ദർശകരായ മാഗ്പൈകളും കാക്കകളുമാണ് കൂടുണ്ടാക്കാനുള്ള ഉപകരണമായി ആന്റി ബേർഡ് സ്പൈക്കുകൾ ഉപയോഗിക്കുന്നത്.

പക്ഷിക്കൂടുകളെക്കുറിച്ച് വർഷങ്ങളായി ഗവേഷണം നടത്തിയിട്ടുണ്ടെങ്കിലും ഇത്തരത്തിൽ വിചിത്രമായി കൂടുകൾ നിർമിക്കുന്ന പക്ഷികളെ താൻ ആദ്യം കാണുകയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ നെതർലൻഡ്സിലെ നേച്ചറലിസ് ബയോഡൈവേഴ്സിറ്റി സെന്ററിലെ ബയോളജിസ്റ്റായ ഓക് ഫ്ലോറിയൻ പറയുന്നു. ചില പക്ഷികൾ മരച്ചില്ലകൾക്കിടയിൽ മെറ്റലിൽ തീർത്ത ഏതാനും സ്പൈക്കുകൾ മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ മറ്റു ചിലത് പൂർണമായും സ്പൈക്കുകളെ ആശ്രയിച്ച് നിർമിച്ചിരിക്കുകയാണ്.

മാഗ്പൈ പക്ഷികൾ നിർമിച്ച കൂടുകൾക്ക് പിന്നിൽ ഒരു പ്രത്യേക ഉദ്ദേശവുമുള്ളതായി നിരീക്ഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു പക്ഷികൾ കൂടിനടുത്തേക്ക് വരാതിരിക്കാനാണ് മാഗ്പൈകൾ ആന്റി ബേർഡ് സ്പൈക്കുകൾ കൊണ്ട് കൂടുണ്ടാക്കിയത്. 2009ലും 2021ലുമായി റോട്ടർഡാമിൽ നിന്നും കണ്ടെത്തിയ രണ്ട് കൂടുകളാണ് പ്രധാനമായും നിരീക്ഷണങ്ങൾക്കായി പഠന സംഘം ഉപയോഗിച്ചത്. ഇവയിലൊന്നിൽ 16 സ്പൈക്കുകളും രണ്ടാമത്തേതിൽ 336 സ്പൈക്കുകളുമാണ് കണ്ടെത്തിയത്. കെട്ടിടങ്ങളോട് ചേർത്ത് ഒട്ടിക്കാൻ പറ്റുന്ന വസ്തുക്കളും കണ്ടെത്തിയിരുന്നു. ഈ സ്പൈക്കുകളിൽ ഏറെയും പക്ഷികൾ ബലമായി ഒടിച്ചെടുത്തവയാണെന്നാണ് ഗവേഷകരുടെ അനുമാനം.

2021ൽ കണ്ടെത്തിയ ഒരു മാഗ്പൈ പക്ഷിയുടെ കൂടാണ് യഥാർത്ഥത്തിൽ ഗവേഷകർക്ക് ആശ്ചര്യമായത്. 61 ഭാഗങ്ങളിലായി 604 സ്പൈക്കുകൾ ഉപയോഗിച്ച് നിർമിച്ച ആ കൂടിനുള്ളിൽ മറ്റ് സ്വാഭാവിക നിർമാണ വസ്തുക്കൾ നാമമാത്രമായിരുന്നു. ഇതിനുപുറമേ കൂടിന്റെ മുകൾ ഭാഗത്തുനിന്നും പക്ഷികൾ ആക്രമിക്കാതിരിക്കാനായി ഏതാനും സ്പൈക്കുകൾ അതിന് മുകളിലായും സ്ഥാപിച്ചിരുന്നു. മാഗ്പൈ പക്ഷികളുടെ മുട്ടകൾ കാക്കകൾക്ക് ഏറെ പ്രിയങ്കരമാണ്. സാധാരണയായി കാക്കകളിൽ നിന്നും മുട്ടകളെ സംരക്ഷിക്കാൻ മുള്ളുകളുള്ള ശിഖരങ്ങളാണ് മാഗ്പൈകൾ തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ആന്റി ബേർഡ് സ്പൈക്കുകൾ ഇതിന് ബദലായി ഉപയോഗിക്കാം എന്ന് നഗരപ്രദേശങ്ങളിലെ മാഗ്‌പൈകൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

English Summary: കൊച്ചുപൂമ്പാറ്റേ...; പെൻഗ്വിനുകള്‍ക്ക് പിടികൊടുക്കാതെ പാറിക്കളിച്ച് ചിത്രശലഭം– രസകരമായ വിഡിയോ

ലോഹങ്ങളിൽ നിർമിക്കുന്ന സ്പൈക്കുകൾ ഇവയുടെ കൂടിന് മരച്ചില്ലകളേക്കാൾ ബലവും നൽകുന്നുണ്ട്. നഗരങ്ങളിൽ മരങ്ങളും ചെടികളും താരതമ്യേന കുറവായതും സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിച്ചു ജീവിക്കാൻ പക്ഷികളെ പ്രേരിപ്പിച്ചിട്ടുണ്ടാവാമെന്ന് ഗവേഷണ സംഘം പറയുന്നു. റോട്ടർഡാമിലെ നാഷനൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഓൺലൈൻ ജേർണലിൽ ഏതാനും ദിവസങ്ങൾക്കു മുൻപാണ് പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

English Sumary: Birds Seen Using Anti-Bird Spikes to Protect Their Nests From, Well, Other Birds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com