ADVERTISEMENT

മധ്യപ്രദേശിലെ സൽമത്പുരിലാണ് ആ ആൽമരം നിൽക്കുന്നത്. വെറുമൊരു മരമല്ല ഇത്. ഒരു വർഷം 12 ലക്ഷം രൂപയാണ് ഇതിന്റെ സംരക്ഷണത്തിനായി മധ്യപ്രദേശ് സർക്കാരിനു ചെലവാകുന്നത്. ഇന്ത്യയുടെ ആദ്യ വിവിഐപി മരമെന്ന് തദ്ദേശീയർ വിളിക്കുന്ന ഈ മരം ലോകപ്രശസ്തമായ സാഞ്ചി ബുദ്ധമതകേന്ദ്രത്തിൽ നിന്നു 5 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. യുനെസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടതാണ് സാഞ്ചി.

4 സുരക്ഷാ ഉദ്യോഗസ്ഥരെ ഈ മരത്തിന്റെ സംരക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഈ മരത്തിന്റെ ഒരു ഇല പോലും ഉണങ്ങിപ്പോകില്ലെന്ന് ഉറപ്പാക്കാനായി തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർ വലിയ ശ്രദ്ധ ചെലുത്തുന്നു.

എന്താണ് ഈ മരത്തിന്റെ പ്രത്യേകത?

2012ൽ, ശ്രീലങ്കയിലെ പ്രസിഡന്റായ മഹിന്ദ രാജപക്സെയാണ് ഈ മരം ഇവിടെ നട്ടത്. ശ്രീലങ്കയിൽ നിന്നാണ് ഇതിന്റെ തൈ കൊണ്ടുവന്നത്. ശ്രീബുദ്ധനു സംഭവിച്ച ബോധോദയത്തിനു തണലൊരുക്കിയ മഹാബോധി വൃക്ഷത്തിന്റെ സന്തതി പരമ്പരയിൽ പെട്ടതാണ് ഈ മരം. അതിനാൽ തന്നെ ബുദ്ധമത വിശ്വാസികൾക്കിടയിൽ വലിയ സ്ഥാനമുള്ളതാണ് ഈ മരം. ഇന്ത്യയിലെ മഹാബോധി വൃക്ഷത്തിന്റെ തൈകളിലൊന്ന് ശ്രീലങ്കയിലെ അനുരാധപുരയിലേക്ക് അശോകചക്രവർത്തിയുടെ മകളായ സംഗമിത്ര കൊണ്ടുവന്നു നട്ടുവെന്നായിരുന്നു ഐതിഹ്യം. അനുരാധപുരയിലെ ഈ മരത്തിന്റെ തൈകളിലൊന്നാണ് സൽമത്പുരിൽ മരമായി വളർന്നത്.

ആൽമരം. പഴയചിത്രം (Photo: Twitter/@loktej)
ആൽമരം. പഴയചിത്രം (Photo: Twitter/@loktej)

സാഞ്ചി ബുദ്ധിസ്റ്റ് സർവകലാശാലയ്ക്കാണ് ഈ മരം നിൽക്കുന്ന കുന്നിന്റെ പരിപാലനം. ഈ മേഖല ഒരു ബുദ്ധിസ്റ്റ് കോംപ്ലക്സ് എന്ന നിലയിൽ സർക്കാർ വികസിപ്പിച്ചിട്ടുമുണ്ട്. 15 അടി പൊക്കമുള്ള, കമ്പിവേലി കൊണ്ടുള്ള ഒരു കൂടിന്റെ സംരക്ഷണത്തിലാണ് ഈ മരം നിൽക്കുന്നത്. എല്ലാദിവസവും 24 മണിക്കൂറും ഈ മരം നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

Read Also: കാണാതായ കർഷകന്റെ മൃതദേഹം മുതലയുടെ വയറ്റിൽ; വെടിവച്ച് കൊന്നശേഷം കീറിമുറിച്ച് പരിശോധന

ഈ മരം നനയ്ക്കാനായി പ്രത്യേകമൊരു വാട്ടർ ടാങ്കർ തന്നെ സാഞ്ചി നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെയെത്തി മരത്തിനു രോഗങ്ങളില്ലെന്ന് ഉറപ്പാക്കും. ജില്ലാ കലക്ടറുടെ നേരിട്ടുള്ള മേൽനോട്ടവും മരത്തിനു മേലുണ്ട്.

English Summary: Madhya Pradesh Spends ₹ 12 Lakh A Year To Maintain "VVIP Tree"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com