ADVERTISEMENT

മനുഷ്യൻ ഇനിയെത്രയൊക്കെ വളർന്നാലും പ്രകൃതിയിൽ നിന്ന് പഠിക്കേണ്ട പാഠങ്ങൾ അനന്തമായി തന്നെ തുടരും. മനുഷ്യന്റെ സങ്കൽപ്പത്തിനും ചിന്തകൾക്കും അപ്പുറത്തുള്ള  പല കാര്യങ്ങളും പ്രകൃതിയിൽ ഒളിഞ്ഞു കിടക്കുന്നുമുണ്ടാവും. വരണ്ട തരിശുഭൂമിയെ ഫലഭൂയിഷ്ഠമായ ഇടമാക്കി മാറ്റാൻ പ്രകൃതിയിൽ നിന്നും കണ്ടെത്തിയ പാഠം  നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഒരു സംഘം. ഈ വിദ്യ ഇവർക്ക് പറഞ്ഞുകൊടുത്തതാകട്ടെ ഒരു കുഞ്ഞൻ വണ്ട്.

നമീബ് മരുഭൂമിയിൽ കഴിയുന്ന ഒരിനം വണ്ടാണ് ഒരു കാർഷിക വിപ്ലവത്തിന് തന്നെ വഴിയൊരുക്കുന്നത്. ഭൂരിഭാഗം സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും അതിജീവിക്കാൻ ആവാത്ത മരുഭൂമിയിലെ കൊടുംചൂടിനെ തരണം ചെയ്ത് ജീവൻ നിലനിർത്താനുള്ള ഈ വണ്ടുകളുടെ വിദ്യയാണ് തരിശു നിലങ്ങളിലും പച്ചപ്പ് നിറയ്ക്കാനാകും എന്ന തിരിച്ചറിവിലേക്ക് എത്തിച്ചത്. മരുഭൂമിയിൽ മഞ്ഞുമൂടുന്ന പ്രഭാതങ്ങളിൽ ഈ വണ്ടുകൾ മണൽ കൂനകൾക്ക് മുകളിലേക്ക് കയറും. പിന്നെ തലകുത്തനെ മണൽ കൂനയിൽ നിൽക്കും. ഇവയുടെ ശരീരത്തിന്റെ പിൻഭാഗം ജലം തങ്ങി കഴിവുള്ള തരത്തിലാണ്. മൂടൽമഞ്ഞിൽ നിന്നുള്ള ഈർപ്പം നഷ്ടപ്പെടാതെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ട ശേഷം അത് ഘനീഭവിച്ച വെള്ളത്തുള്ളികളായി ഇവയുടെ വായ ഭാഗത്തേക്ക് ഉരുണ്ട് എത്തുകയാണ് ചെയ്യുന്നത്.

(Photo Contributor: Prisma Nova Photography/ Shutterstock)
(Photo Contributor: Prisma Nova Photography/ Shutterstock)

നമീബ് വണ്ടുകളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയതോടെ ഈ വിദ്യ മരുഭൂമിയിൽ പച്ചപ്പ് നിറയ്ക്കാൻ ഉപയോഗിച്ചാൽ എന്തെന്നായി ചിന്ത.

അങ്ങനെ സീ വാട്ടർ ഗ്രീൻ ഹൗസ് ലിമിറ്റഡ്, എക്സ്പ്ലോറേഷൻ ആർക്കിടെക്ചർ, മാക്സ് ഫോർഡ്ഹാം കൺസൾട്ടിങ് എൻജിനീയേഴ്സ്, ബെല്ലോണാ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി ഒരു പതിറ്റാണ്ടിനു മുൻപ് സഹാറ ഫോറസ്റ്റ് പ്രോജക്ടിന് രൂപം നൽകി. മരുഭൂമികൾക്ക് ഏറ്റവും അടുത്തുള്ള സമുദ്രത്തിൽ നിന്നും ജലം നേരിട്ട് എത്തിച്ച് അത് ബാഷ്പീകരിച്ച് ഈർപ്പത്തിന്റെ സാന്നിധ്യം സൃഷ്ടിക്കുന്നു. ഇതോടെ സസ്യങ്ങൾക്ക് വളരാൻ സഹായകമായ ഒരു അന്തരീക്ഷം രൂപപ്പെടുകയും ചെയ്യുന്നു.

(Photo: Twitter/@HydroponicTrash)
(Photo: Twitter/@HydroponicTrash)

പിന്നീട് ഈർപ്പമുള്ള വായു പ്രത്യേകം തയ്യാറാക്കിയ പാനലുകളിലേക്ക് ആഗിരണം ചെയ്യപ്പെട്ട് ഘനീഭവിക്കുന്നതോടെ മരുഭൂമിയിൽ ജലസേചനത്തിനുള്ള ശുദ്ധജലം സംഭരിക്കാനാവുന്നു. നിസ്സാരമെന്ന് തോന്നുമെങ്കിലും ഭൂമിയുടെ ജൈവസമ്പത്തിന് തന്നെ മുതൽക്കൂട്ടാവുന്ന വിപ്ലവകരമായ ഒരു ചുവടുവയ്പ്പാണ് ഇത്. ഇതിനായി തിരഞ്ഞെടുത്തിരിക്കുന്ന നിശ്ചിത സ്ഥലപരിധിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കൂടി സസ്യങ്ങളുടെ വളർച്ചയ്ക്ക് അനുകൂലമായി അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ സാധിക്കും എന്നതാണ് മറ്റൊരു മേന്മ.

 (Photo Contributor: Ajmal Thaha/ Shutterstock)
(Photo Contributor: Ajmal Thaha/ Shutterstock)

പാരിസ്ഥിതികവും കാലാവസ്ഥാപരവുമായ വെല്ലുവിളികൾ ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന അവസ്ഥയിൽ ഇത്തരം മുന്നേറ്റങ്ങൾക്ക് പ്രാധാന്യം ഏറെയാണ്. പദ്ധതി കൃത്യമായി നടപ്പിലാക്കാനുള്ള പരീക്ഷണങ്ങൾ നിരീക്ഷണങ്ങളുമായി നീങ്ങുകയാണ് സംഘം. 2012 ൽ ഖത്തറിൽ പദ്ധതിയുടെ ആദ്യ പൈലറ്റ് ഘട്ടം  നടപ്പാക്കിയിരുന്നു. പ്രതീക്ഷിച്ചതിലും മികച്ച ഫലങ്ങൾ ഇതിൽ നിന്നും ലഭിക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ ജോർദാനിലാണ് ഇത് സംബന്ധിച്ച് കൂടുതൽ പരീക്ഷണങ്ങൾ നടന്നുവരുന്നത്.

Content Highlights: Sahara desert| Forest | Beetle | Animal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com