അപൂര്‍വ നിറമുള്ള പെന്‍ഗ്വിന്‍; ദൃശ്യങ്ങൾ കൗതുകമാകുന്നു!

black emperor penguin
SHARE

പെന്‍ഗ്വിന്‍ വര്‍ഗത്തിലെ ഏറ്റവും വലിയ ജീവികളാണ് അന്‍റാര്‍ട്ടിക്കിലെ എംപറര്‍ പെന്‍ഗ്വിനുകള്‍. ഉയരത്തിലും തൂക്കത്തിലും ഇവ മറ്റു പെന്‍ഗ്വിനുകളേക്കാൾ ഏറെ മുന്നിലാണ്. വെള്ളയും കറുപ്പും ഇടകലര്‍ന്ന തൂവലുകള്‍ ശരീരത്തിലും കഴുത്തില്‍ ഇളം മഞ്ഞ നിറമുള്ള തൂവലുകളുമാണ് ഇവയില്‍ സാധാരണ കാണപ്പെടുന്നത്. എന്നാല്‍ ഇതിൽ നിന്നു വ്യത്യസ്തമായി ശരീരം മുഴുവന്‍ കറുത്ത തൂവലുകള്‍ മാത്രം നിറഞ്ഞ ഒരു പെന്‍ഗ്വിനെയാണ് അന്‍റാര്‍ട്ടിക്കിലെ ഒരു ദ്വീപില്‍ നിന്നു കണ്ടെത്തിയത്.

ബിബിസിയുടെ ഒരു പരിപാടിയ്ക്കു വേണ്ടി പെന്‍ഗ്വിനുകളുടെ ജീവിതം ചിത്രീകരിക്കുന്നതിനിടെയാണ് ക്യാമറയില്‍ ഈ അപൂര്‍വ്വ പെന്‍ഗ്വിന്‍ പതിഞ്ഞത്. വെള്ളയും കറുപ്പും നിറഞ്ഞ പെന്‍ഗ്വിന്‍ കൂട്ടത്തിനിടയില്‍ വേഗത്തില്‍ തിരിച്ചറിയും വിധമായിരുന്നു ഈ പെന്‍ഗ്വിന്‍ കാണപ്പെട്ടത്. ഏതാണ്ടു പൂര്‍ണ വളര്‍ച്ചയെത്തിയ നിലയിലുള്ള ശരീരപ്രകൃതമായിരുന്നു ഈ കറുത്ത പെന്‍ഗ്വിന്‍റേത്. മറ്റു പെന്‍ഗ്വിനുകളുടെ പിൻവശം ചാരം കലര്‍ന്ന കറുത്തു നിറത്തിലും വയര്‍ വെളുത്ത നിറത്തിലുമാണ് കാണപ്പെടുന്നത്. ഈ പെന്‍ഗ്വിന്റെ വയറിന്‍റെ ഭാഗത്തുള്ള നേരിയ രണ്ടു വെളുത്ത പാടുകള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കി മുഴുവൻ കറുപ്പു നിറമാണ്.

പല ജീവികള്‍ക്കും പൂര്‍ണമായും കടുത്ത നിറം നല്‍കുന്ന മെലാനിസം എന്ന പ്രതിഭാസമാണ് ഈ കറുത്ത പെന്‍ഗ്വിന്‍റെ കാര്യത്തിലും ഉണ്ടായതെന്നു കരുതുന്നു. ജനിതകപരമായി സംഭവിച്ച പരിവര്‍ത്തനം കറുത്ത പിഗ്മന്‍റുകളുടെ എണ്ണം വര്‍ധിപ്പിച്ചതാണ് ഈ പെന്‍ഗ്വിന്‍റെ കാര്യത്തില്‍ മെലാനിസത്തിലേക്കു നയിച്ചത്.

ഏതായാലും ഈ അപൂര്‍വ നിറവുമായി കറുത്ത പെന്‍ഗ്വിന്‍ ഇത്ര നാള്‍ അതിജീവിച്ചത് തന്നെ അദ്ഭുതമാണ്. കാരണം ഈ നിറവ്യത്യാസം സീലുകളും തിമിംഗലങ്ങളും പോലുള്ള വേട്ടക്കാരായ ജീവികള്‍ക്ക് ഈ പെന്‍ഗ്വിനെ വേഗത്തില്‍ കണ്ടെത്താന്‍ വഴിയൊരുക്കുന്നതാണ്. അതുകൊണ്ടു തന്നെ പെട്ടെന്ന് ഇരയാക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയും എത്ര നാള്‍ ഈ പെന്‍ഗ്വിന്‍ജീവിച്ചിരിക്കും എന്നു പറയുക സാധ്യമല്ല.

ഇതാദ്യമായാണ് ഇത്തരം ഒരു പെന്‍ഗ്വിന്‍റെ വിഡിയോ ദൃശ്യം പകര്‍ത്തുന്നത്. അതേസമയം ഇത്തരം ഒരു പെന്‍ഗ്വിന്‍റെ ഫോട്ടോ 2010 ല്‍ നാഷണല്‍ ജ്യോഗ്രഫി മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അതേ പെന്‍ഗ്വിന്‍ തന്നെയാണോ ഇതെന്നു വ്യക്തമല്ല. ആന്‍ഡ്യൂ ഈവന്‍സ് എന്ന ഫൊട്ടോഗ്രാഫറാണ് അന്നു ചിത്രം പകര്‍ത്തിയത്. മില്യണില്‍ ഒരു പെന്‍ഗ്വിനു മാത്രം സംഭവിക്കുന്ന ജനിതക മാറ്റം എന്നാണ് ഇതിനെ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ അലന്‍ ബേക്കര്‍ അന്നു വിശേഷിപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA