ലഹരി തേടി പറന്നിറങ്ങി തത്തകൾ; ‘നിശബ്ദ’ ആക്രമണത്തിനു മുന്നിൽ പകച്ച് കർഷകർ

HIGHLIGHTS
  • കറപ്പ് തിന്നുന്ന തത്തകളെ കൊണ്ടു വലഞ്ഞിരിക്കുന്നത് കർഷകരാണ്
  • പാടത്തു പറന്നെത്തി കറപ്പ് തിന്നിട്ട് മരക്കൊമ്പില്‍ പോയി ഉറങ്ങുകയാണ് തത്തകളുടെ പണി
parrot
SHARE

ലഹരിക്ക് അടിമപ്പെട്ടു പോയാൽ മനുഷ്യരുടെ കാര്യം പിന്നെ പറയേണ്ടല്ലോ? അപ്പോള്‍ പിന്നെ ഇത്തിരിക്കുഞ്ഞന്‍മാരായ തത്തകളുടെ കാര്യമോ? തത്തകള്‍ ഇങ്ങനെ ലഹരിക്കടിമപ്പെട്ടാല്‍ ആര്‍ക്കാണ് ദോഷം എന്നു ചോദിച്ചാല്‍, അതു കറപ്പ് കൃഷി ചെയ്യുന്ന കർഷകര്‍ക്ക് എന്നാണുത്തരം. ഇങ്ങനെ കറപ്പ് തിന്നുന്ന തത്തകളെ കൊണ്ടു വലഞ്ഞിരിക്കുന്നത് മറ്റെവിടുത്തെയുമല്ല ഇന്ത്യയിലെ തന്നെ കർഷകരാണ്. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് കറപ്പു തിന്നു ലഹരി തേടുന്ന തത്തകളും ഇവ കാരണം തലയ്ക്കു കയ്യും കൊടുത്തിരിക്കുന്ന കൃഷിക്കാരുമുള്ളത്.

നിരോധിച്ച കറപ്പ് കൃഷി ചെയ്യുന്നത് എങ്ങനെ ?

കറപ്പ് ഇന്ത്യയില്‍ നിരോധിച്ച ലഹരി പദാര്‍ത്ഥമാണ്. ഹെറോയിന്‍ പോലുള്ള കോടിക്കണക്കിനു രൂപ വിലയുള്ള മയക്കുമരുന്ന് വേര്‍തിരിച്ചെടുക്കുന്നത് കറപ്പ് അഥവാ ഒാപ്പിയം എന്ന ഈ ലഹരി വസ്തുവില്‍ നിന്നാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ലൈസന്‍സ് എടുത്ത് ഈ കറപ്പ് കൃഷി ചെയ്യുന്ന കര്‍ഷകരുണ്ട്. മരുന്നിനും മറ്റാവശ്യങ്ങള്‍ക്കും വേണ്ടിയാണ് ഇങ്ങനെ കൃഷി ചെയ്യുന്ന കറപ്പുപയോഗിക്കുക. വിലപിടിപ്പുള്ള വസ്തുവായതിനാലും ലൈസന്‍സില്ലാതെ കൃഷി നിരോധിക്കപ്പെട്ട വിളയായതിനാലും വൈദ്യുത വേലി ഉള്‍പ്പടെ കനത്ത സുരക്ഷയിലാണ് കറപ്പ് കൃഷി.

പക്ഷേ ഈ കൃഷിയുടെ വിളവെടുക്കാന്‍ ചില ‘കൊള്ളക്കാർ’ സ്ഥിരമായെത്തും. പാടത്തു പറന്നെത്തി ആവശ്യത്തിനു കറപ്പ് കഴിച്ച് പിന്നെ എട്ടോ പത്തോ  മണിക്കൂര്‍ മരക്കൊമ്പില്‍ പോയി ഉറങ്ങുകയാണ് ഈ കക്ഷികളുടെ പണി. തത്തകളാണ് ഈ പറഞ്ഞ ‘കൊള്ളക്കാർ’‍. കറപ്പ് ചെടിയിലെ പൂവിനകത്തു നിന്നാണ് ഇവര്‍ തരിയായുള്ള വിത്തുകള്‍ കൊത്തിത്തിന്നുന്നത്. കൂട്ടമായെത്തുന്ന ഇവ ചെടിക്ക് കാര്യമായ നാശമൊന്നും ഉണ്ടാക്കുന്നില്ല. പക്ഷേ മറ്റു ചില പ്രശ്നങ്ങള്‍ക്ക് തത്തകളുടെ ഈ ലഹരി തീറ്റ കാരണമാകാറുണ്ട്.

സ്വയം വിനയായി മാറുന്ന കറപ്പ് തീറ്റ

parrots-keep-attacking-poppy-farms

കറപ്പ് തീറ്റ പലപ്പോഴും ഇവയുടെ ജീവന്‍ അപകടത്തിലാക്കാറുണ്ട്. രണ്ടു തരത്തിലാണിത്. കറപ്പ് തിന്നു മയങ്ങിയിരിക്കുമ്പോള്‍ മറ്റു ജീവികള്‍ക്ക് ഇരയാകാന്‍ വളരെ എളുപ്പമാണ്. പാമ്പുകളും കീരികളും പരുന്തുകളുമെല്ലാം ഇവയെ അനായാസേന അകത്താക്കും. ഇതു മാത്രമല്ല കഴിക്കുന്ന ലഹരിയുടെ അളവു കൂടി ഹൃദയസ്തംഭനം വന്നും തത്തകള്‍ ചത്തുപോകാറുണ്ട്. ഇത്തരം സംഭവങ്ങളും വലിയ തോതില്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 

രാജസ്ഥാനിലെ ചിത്തോര്‍ഗഡിലാണ് തത്തകള്‍ കറപ്പ് കഴിക്കുന്നത് ആദ്യം ശ്രദ്ധയില്‍ പെട്ടത്. 2015ലായിരുന്നു ഇത്. ഇപ്പോള്‍ മധ്യപ്രദേശിലെയും നിരവധി കറപ്പ് പാടങ്ങളില്‍ തത്തകള്‍ ഇങ്ങനെ കറപ്പ് കഴിച്ചു മയങ്ങി ഇരിക്കുന്നതായാണ് കര്‍ഷകര്‍ പറയുന്നത്. തത്തകളെ ഇതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ പ്രത്യേകിച്ചു മാര്‍ഗങ്ങളില്ലാത്തതിനാല്‍ എന്തു ചെയ്യണമെന്ന് കര്‍ഷകര്‍ക്കും അധികൃതര്‍ക്കും വലിയ നിശ്ചയമില്ല. 

കര്‍ഷകരുടെ പ്രതിസന്ധി

ഒരു വിളവെടുപ്പില്‍ ഒരു ചെടിയില്‍ നിന്ന് 20 മുതല്‍ 25 ഗ്രാം വരെ കറപ്പാണ് ലഭിക്കുക. തത്തകള്‍ ഒരു ദിവസം തന്നെ ഒട്ടേറെ തവണയാണ് ഈ കറപ്പ് തിന്നാന്‍ പാടത്തേക്കെത്തുന്നത് എന്നതിനാല്‍ ഇവയുടെ കറപ്പ് തീറ്റ ഉൽപാദനത്തെ സാരമായി ബാധിക്കുന്നുണ്ട്. ലഭിക്കേണ്ട വിളയില്‍ ഏതാണ്ട് 10 ശതമാനത്തോളം വരെ തത്തകള്‍ ഇപ്പോള്‍ കൊണ്ടുപോകുന്നുവെന്നാണ് കണക്കുകൾ. പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും തത്തകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കറപ്പിനോടുള്ള തത്തകളുടെ പ്രേമത്തെ തോല്‍പ്പിക്കാന്‍ ഇതിനൊന്നും കഴിഞ്ഞിട്ടില്ല. 

കൂടാതെ കറപ്പ് മോഷ്ടിക്കാനെത്തുന്ന തത്തകള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളും ശ്രദ്ധേയമാണ്. സാധാരണ പാടത്തേക്കു കൂട്ടമായെത്തുന്ന തത്തകള്‍ വിലയ ശബ്ദങ്ങളുണ്ടാക്കിയാണെത്തുന്നത്. അതിനാല്‍ തന്നെ ഇവയെ നിയന്ത്രിക്കാനും ഭയപ്പെടുത്തി ഓടിക്കാനും സാധിക്കാറുണ്ട്. എന്നാല്‍ കറപ്പ് മോഷ്ടിക്കാന്‍ തത്തകള്‍ ഒറ്റയ്ക്കായാലും കൂട്ടമായെത്തിയാലും നിശബ്ദമായാണെത്തുന്നതെന്നു കര്‍ഷകര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇവയുടെ വരവ് മുന്‍കൂട്ടി അറിയാനും സാധ്യമല്ല. പല മാര്‍ഗങ്ങളും തത്തകളെ തടയാന്‍ പരീക്ഷിച്ചെങ്കിലും സ്വന്തം ജീവനേക്കാള്‍ വലുതായി തത്തകള്‍ കറപ്പിന് അടിമപ്പെട്ടു പോയതിനാല്‍ ഈ മാര്‍ഗങ്ങളൊക്കെ പരാജയപ്പെട്ടെന്നു കര്‍ഷകര്‍ വിശദീകരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA