ഭരണത്തിലെത്തി തൊട്ടടുത്ത വർഷം മേയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ‘നമാമി ഗംഗ’ പദ്ധതി പ്രഖ്യാപിച്ചത്. നാലു വർഷത്തിനകം ഗംഗയെ മാലിന്യമുക്തമാക്കുമെന്നതായിരുന്നു പദ്ധതി. 2015ൽ ആരംഭിച്ച് 2019ൽ അവസാനിക്കാനിരിക്കെ പദ്ധതിയുടെ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടി സർക്കാർ ഉത്തരവായി. എന്നാൽ കോടിക്കണക്കിനു രൂപ ചെലവിട്ടു നടപ്പാക്കിയ പദ്ധതി ഫലം കണ്ടില്ലെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അത്രയേറെയാണ് ഗംഗാ നദിയിൽ മാരകമായ കോളിഫോം ബാക്ടീരിയകളുടെസാന്നിധ്യം.
സങ്കട് മോചൻ ഫൗണ്ടേഷൻ(എസ്എംഎഫ്) എന്ന എൻജിഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. 1986ൽ രാജിവ് ഗാന്ധിയുടെ നേതൃത്വത്തിൽ ഗംഗ ആക്‌ഷൻ പ്ലാൻ നടപ്പാക്കിയപ്പോൾ മുതൽ എസ്എംഎഫ് ഗംഗാജലത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നുണ്ട്. ദിനംപ്രതി ഗംഗയുടെ വിവിധ ഭാഗങ്ങളിൽ നിന്നെടുക്കുന്ന സാംപിളുകൾ പരിശോധിക്കാൻ സ്വന്തമായി ലാബോറട്ടറി വരെ തയാറാക്കിയിട്ടുണ്ട് എസ്എംഎഫ്. അങ്ങനെയാണ് അനുവദനീയമായതിലും അനേകം ഇരട്ടിയായി കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പലതരം ബാക്ടീരിയകളുടെ കൂട്ടമാണിത്. മനുഷ്യ–മൃഗ വിസർജ്യങ്ങളിൽ നിന്നാണു പ്രധാനമായും ജലസ്രോതസ്സുകളിലേക്കെത്തുന്നതും. ഇവ ശരീരത്തിന് അകത്തെത്തിയാൽ അതീവമാരകമാണ്.

കോളിഫോം തോത് കൂടിയതിനൊപ്പം മറ്റൊരു ഞെട്ടിക്കുന്ന റിപ്പോർട്ട് കൂടി പുറത്തുവിട്ടത് ബനാറസ് ഹിന്ദു സർവകലാശാലയാണ്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയകളും ഗംഗയിൽ രൂപപ്പെട്ടു എന്നതായിരുന്നു പഠനറിപ്പോർട്ട്. സാധാരണ ഉപയോഗിക്കുന്ന എല്ലാ ആന്റിബയോട്ടിക്കുകളെയും ചെറുക്കാൻ സാധിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം ഉയർത്തുന്ന ഭീഷണി ചെറുതല്ല. ഇവ ശരീരത്തിന് അകത്തെത്തിയാൽ മരുന്നുകൊണ്ടു പോലും തടയാനാകില്ലെന്നു ചുരുക്കം. വീടുകളിൽ നിന്നുള്ള മാലിന്യം, മരുന്നുനിർമാണ ശാലകളിലെ അവശിഷ്ടം, ആശുപത്രി മാലിന്യം, കോഴിക്ക് തീറ്റയായി കൊടുക്കുന്നതിൽ നിന്നുള്ളത് എന്നിങ്ങനെ ആന്റിബയോട്ടിക്കുകൾ ഗംഗയിലെത്തുന്നതിനു പല വഴികളുണ്ട്. ഇവ സ്ഥിരമായി ജലത്തിൽ നിറയുന്നതോടെ ബാക്ടീരികൾക്കും ഇവയെ പ്രതിരോധിക്കാനുള്ള ശേഷി പതിയെ ആർജിച്ചെടുക്കാൻ സാധിക്കുന്നു. ആ ശക്തി ആർജിക്കാനായാൽ ഒട്ടും വൈകാതെ അവ പെരുകും, ജലത്തിൽ നിറയും. അതാണിപ്പോൾ ഗംഗയിൽ സംഭവിച്ചതും.
പല വിധ ലോഹങ്ങൾക്കെതിരെയും പ്രതിരോധ ശേഷി ആർജിച്ച ബാക്ടീരിയകളെ ഗംഗയിൽ കണ്ടെത്താനായിട്ടുണ്ട്. ചെമ്പ്, ഇരുമ്പ്, വെള്ളി, ക്രോമിയം, ആഴ്സനിക്, സിങ്ക് തുടങ്ങിയവയുടെ അയണുകളെ പ്രതിരോധിക്കാൻ സാധിക്കുന്ന ജീനുകൾ രൂപപ്പെട്ട ബാക്ടീരിയകളെയാണു കണ്ടെത്തിയിരിക്കുന്നത്. അസ്സി, ഭദയ്നി, ഹരിശ്ചന്ദ്ര, ഡോ.രാജേന്ദ്രപ്രസാദ്, രാജ്ഘാട്ട് എന്നീ ഘാട്ടുകളിൽ നിന്നാണു ഇതിന്റെ ഭാഗമായുള്ള പരിശോധനയ്ക്കായി ജലം ശേഖരിച്ചത്. ഏറ്റവും നൂതന സാങ്കേതികയിലൂടെ ബാക്ടീരിയകളുടെ ഡിഎൻഎ സീക്വൻസ് തയാറാക്കി. നിലവിൽ ആന്റിബയോട്ടിക്കുകളെയും ലോഹങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളുടെ ഡിഎൻഎയുമായി ഒത്തു നോക്കിയപ്പോഴാണ് സാമ്യം മനസ്സിലായത്.

വാരണാസിയിൽ മാത്രം 30.98 കോടി ലീറ്റർ മലിന ജലം (സംസ്കരിച്ചതും അല്ലാത്തതും) എത്തുന്നുവെന്നാണു റിപ്പോർട്ട്. ഇവ വൻതോതിൽ എത്തുന്നതാണ് ബാക്ടീരിയകൾക്കും പ്രതിരോധ ശേഷി വർധിക്കാനുള്ള അനുകൂല അന്തരീക്ഷം ഒരുക്കുന്നത്. ‘എൻവയോണ്മെന്റൽ പൊലൂഷൻ’ ജേണലിലുണ്ട് ഇതു സംബന്ധിച്ച വിശദമായ പഠനം.