ക്രില്ലുകളുടെ അഭാവം അന്റാര്‍ട്ടിക്കിലെ ജൈവവ്യവസ്ഥയെ തകർക്കും; മുന്നറിയിപ്പുമായി ഗവേഷകർ!

HIGHLIGHTS
  • തിമിംഗല വര്‍ഗത്തില്‍പെട്ട മിക്ക ജീവികളുടെയും പ്രധാന ആഹാരമാണ് ക്രില്ലുകള്‍
  • കാലാവസ്ഥാ വ്യതിയാനം ക്രില്ലുകളുടെ എണ്ണത്തില്‍ നാല്‍പത് ശതമാനം ഇടിവുണ്ടാക്കി
Krills
SHARE

ലോകത്തിലെ ഏറ്റവും വലിയ ജൈവവ്യവസ്ഥകളിലൊന്നാണ് അന്റാര്‍ട്ടിക്കിലേത്. തിമിംഗലങ്ങള്‍ മുതല്‍ പെന്‍ഗ്വിനുകള്‍ വരെ ഉള്‍പ്പെടുന്ന ഇവിടുത്തെ ജൈവവ്യവസ്ഥയുടെ അടിസ്ഥാനം ഇത്തിരി കുഞ്ഞന്‍മാരായ ക്രില്ലുകളാണ്. തിമിംഗലങ്ങളുടെയും പെന്‍ഗ്വിനുകളുടെയും സീലുകളുടെയുമെല്ലാം മുഖ്യഭക്ഷണം ഈ ക്രില്ലുകളാണ്. എന്നാല്‍ അന്റാര്‍ട്ടിക്കില്‍ വർധിച്ചു വരുന്ന വ്യാവസായിക മത്സ്യബന്ധനവും ഒപ്പം കാലാവസ്ഥാ വ്യതിയാനവും ക്രില്ലുകളുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടാക്കിയിരിക്കുന്നത്. ഇതോടെ അന്റാര്‍ട്ടിക്കിലെ വൈവിധ്യമേറിയ ജൈവവ്യവസ്ഥയുടെ നിലനില്‍പ്പു തന്നെ ഭീഷണിയിലായിരിക്കുകയാണ്.

അന്റാര്‍ട്ടിക്കിന്റെ സംരക്ഷണത്തിനായി രൂപീകരിച്ച  കണ്‍വന്‍ഷന്‍ ഓഫ് ദി കണ്‍സര്‍വേഷന്‍ ഓഫ് അന്റാര്‍ട്ടിക് മറൈന്‍ ലിവിങ് റിസോഴ്സ് എന്ന രാജ്യാന്തര സംവിധാനത്തിന്റെ ഭാഗമായുള്ള ഗവേഷകരുടെ പഠനത്തിലാണ് മേഖലയിലെ ജൈവവ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയത്. ക്രില്ലുകളുടെ എണ്ണത്തിലുണ്ടായ കുറവ് അന്റാര്‍ട്ടിക്കിലെ സീലുകളുടെ എണ്ണവും ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ പകുതിയായി കുറയാന്‍ ഇടയാക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകർ പറയുന്നു. പെന്‍ഗ്വിനുകളുടെ എണ്ണത്തിലുണ്ടാകുന്ന ഈ കുറവ് സ്വാഭാവികമായും സീലുകളെയും പെന്‍ഗ്വിനുകളെ ഭക്ഷണമാക്കുന്ന മറ്റു ജീവികളെയും ബാധിക്കും.

പെന്‍ഗ്വിനുകളുടെ മാത്രമല്ല സമുദ്രത്തിലെ ഭീമന്‍മാരായ നീലത്തിമിംഗലങ്ങള്‍ ഉള്‍പ്പടെയുള്ള തിമിംഗല വര്‍ഗത്തില്‍പെട്ട മിക്ക ജീവികളുടെയും പ്രധാന ആഹാരമാണ് ക്രില്ലുകള്‍. ഇപ്പോള്‍ തന്നെ അന്റാര്‍ട്ടിക്കില്‍ നടക്കുന്ന അനധികൃത വേട്ടയിലൂടെ നിലനില്‍പ്പിനു ഭീഷണി നേരിടുന്നവയാണ് തിമിംഗലങ്ങള്‍. ഇതിനു പുറമെയാണ് ഇപ്പോള്‍ ക്രില്ലുകളുടെ ക്ഷാമം കൂടി ഇവയ്ക്കു തിരിച്ചടിയാകുന്നത്.

കാലാവസ്ഥാ വ്യതിയാനം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ക്രില്ലുകളുടെ എണ്ണത്തില്‍ നാല്‍പത് ശതമാനം ഇടിവുണ്ടാക്കിയെന്നാണ് കണക്കാക്കുന്നത്. ഇതിന പുറമെയാണ് പ്രദേശത്തെ വ്യാവസായിക മത്സ്യബന്ധനം സൃഷ്ടിക്കുന്ന ആഘാതം. സമുദ്രത്തിലെ ആല്‍ഗകളെ ഭക്ഷണമാക്കുന്ന ജീവികളാണ് ക്രില്ലുകള്‍. പിന്നീട് ഇവയെ സീലുകളും പെന്‍ഗ്വിനുകളും തിമിംഗലങ്ങളും ഉള്‍പ്പെടെയുള്ള ജീവികള്‍ ഭക്ഷണമാക്കുന്നു. ഇങ്ങനെ സമുദ്രത്തിലെ ഭക്ഷ്യശൃംഖലയിലെ മുഖ്യകണ്ണിയായി നിലകൊള്ളുന്ന ജീവികളാണ് ക്രില്ലുകള്‍. അതുകൊണ്ട് തന്നെയാണ് അവയുടെ നാശം അന്റാര്‍ട്ടിക്കിലെ ജൈവവ്യവസ്ഥയെ തന്നെ തകര്‍ക്കുമെന്ന് ഗവേഷകര്‍ ഭയപ്പെടാന്‍ കാരണവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA