ആമസോണ്‍ പിരാനകള്‍ ബ്രിട്ടനിലെ തടാകത്തില്‍ എത്തിയതെങ്ങനെ?‍ ആശങ്കയോടെ പ്രദേശവാസികൾ!

HIGHLIGHTS
  • ബ്രിട്ടനിലെ തടാകത്തില്‍ ആശങ്ക പരത്തി ആമസോണ്‍ പിരാനകള്‍
  • തടാകത്തില്‍ കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്
Piranhas
SHARE

ആമസോണിലെ പിരാനകള്‍ അവയുടെ ആകമണ സ്വഭാവം കൊണ്ട് കുപ്രസിദ്ധി നേടിയവയാണ്. കൂര്‍ത്ത പല്ലുകളുള്ള, നിമിഷ നേരം കൊണ്ട് ഇരയെ ആക്രമിച്ച് എല്ലുകള്‍ മാത്രം ബാക്കിയാക്കുന്ന ഇവ ഇക്കാരണം കൊണ്ടു തന്നെ മനുഷ്യര്‍ ഏറ്റവും ഭയക്കുന്ന ജീവികളിലൊന്നുമാണ്. ഇതു തന്നെയാണ് ബ്രിട്ടനിലെ ഒരു തടാകത്തില്‍ ഇവയെ കണ്ടെത്തിയ വാര്‍ത്ത പ്രദേശവാസികളെ ഭയപ്പെടുത്താന്‍ കാരണമായതും.

ആമസോണ്‍ നദീമേഖലകളില്‍ മാത്രം കണ്ടുവരുന്ന പിരാനകള്‍ എങ്ങനെ ബ്രിട്ടനിലേക്കെത്തി എന്നുള്ളതാണ് ഏറ്റവും അദ്ഭുതപ്പെടുത്തുന്ന കാര്യം. ഉഷ്ണമേഖലാ പ്രദേശമായ ആമസോണിലെ പിരാനകള്‍ താരതമ്യേന തണുപ്പേറിയ ബ്രിട്ടനിലെ മാര്‍ട്ടിന്‍ വെല്‍സ് തടാകത്തില്‍ അതിജീവിക്കുന്നു എന്നതാണ് ഗവേഷകരെ വിസ്മയിപ്പിക്കുന്ന മറ്റൊരു വസ്തുത. ചത്ത നിലയിലാണ് ഈ പിരാനകളുടെ സാന്നിധ്യം തടാകത്തില്‍ ആദ്യം തിരിച്ചറിഞ്ഞത്. രണ്ട് തവണയാണ് ചത്തു പൊങ്ങിയ പിരാനകളെ ഈ തടാകത്തില്‍ കണ്ടെത്തിയത്.

Piranha

ആദ്യം കരുതിയത് ആരോ വളര്‍ത്തിയ പിരാനകള്‍ ചത്ത് പോയപ്പോള്‍ കുളത്തില്‍ ഉപേക്ഷിച്ചതാണെന്നാണ്. പക്ഷെ വൈകാതെ തടാകത്തിലെ മറ്റു ചില മാറ്റങ്ങള്‍ പ്രദേശവാസകള്‍ ശ്രദ്ധിച്ചു തുടങ്ങി. തടാകത്തില്‍ എല്ലാ വസന്തകാലത്തും എത്തിച്ചേരാറുള്ള താറാവുകളുടെ എണ്ണത്തില്‍ ഏതാനും നാളുകള്‍ക്കു ശേഷം ഗണ്യമായ കുറവുണ്ടായതാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. വൈകാതെ തടാകത്തില്‍ സ്ഥിരമായി ചൂണ്ടിയിടുന്നവരും മത്സ്യങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായി നിരീക്ഷിച്ചു.

ഇതോടെയാണ് തടാകത്തില്‍ പിരാനകള്‍ ഉണ്ടായിരിക്കാമെന്ന സംശയം പ്രദേശവാസികളില്‍ ഉണ്ടായത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ തടാകത്തില്‍ കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങരുതെന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കി. തടാകത്തില്‍ പിരാനകളുണ്ടെങ്കില്‍ ഇവയെ എങ്ങനെ പൂര്‍ണമായും ഒഴിവാക്കും എന്നതാണ് അധികൃതരെ വലയ്ക്കുന്ന ചോദ്യം. 

പിരാനകള്‍ മനുഷ്യരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവങ്ങള്‍ വളരെ കുറവാണ്. പക്ഷെ ഇതിനർഥം ഇവ ഹാനികരമല്ലെന്നതല്ല. കാരണം ഒരു കാട്ടുപോത്തിനെ പോലും കൂട്ടമായി ആക്രമിച്ചാല്‍ മിനുട്ടുള്‍ക്കകം തിന്നു തീര്‍ക്കാന്‍ കഴിയുന്നവയാണ് പിരാനകള്‍. അതുകൊണ്ട് തന്നെ പിരാനകള്‍ കാണപ്പെടുന്ന തടാകങ്ങളോ നദികളോ മനുഷ്യര്‍ക്കും സുരക്ഷിതമല്ല. പക്ഷേ സ്ഥിരമായി കാണപ്പെടുന്ന ഒരു പ്രദേശത്തു നിന്ന് ഏതാണ്ട് 8000 കിലോമീറ്റര്‍ അകലെ പിരാനകള്‍ എങ്ങനെയെത്തി എന്നതാണ് കുഴയ്ക്കുന്ന ചോദ്യം.  മുകളില്‍ സൂചിപ്പിച്ചതു പോലെ ചത്തോ ജീവിനോടെയോ ആരോ വളര്‍ത്തിയിരുന്ന പിരാനകളെ തടാകത്തില്‍ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ജീവനോടെയാണെങ്കില്‍ ഇവ തടാകത്തിലെ തണുപ്പ് സഹിക്കാൻ വയ്യാതെ ചത്തുപോയതാകാമെന്നും കണക്കു കൂട്ടുന്നു. 

Piranhas

പക്ഷേ അപ്പോഴും തടാകത്തില്‍ നിന്ന് അപ്രത്യക്ഷമായ മത്സ്യങ്ങളും താറാവുകളും ചോദ്യചിഹ്നങ്ങളായി തുടരുകയാണ്. ഈ ആശങ്ക വർധിപ്പിച്ചു കൊണ്ട് തടാകത്തിനു സമീപത്ത് നിന്ന് രണ്ട് വളര്‍ത്ത് പട്ടികളെയും കാണാതായെന്നു ചൂണ്ടിക്കാട്ടി ഇവയുടെ ഉടമസ്ഥരും രംഗത്തു വന്നിട്ടുണ്ട്. എങ്കിലും ഇത്രയും തണുപ്പേറിയ കാലാവസ്ഥയില്‍ പിരാനകള്‍ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നു തന്നെയാണ് ബ്രിട്ടനിലെ പരിസ്ഥിതി ഏജന്‍സിയിലെ ഗവേഷകര്‍ വിശ്വസിക്കുന്നത്. ഏതായാലും തടാകത്തില്‍ വിശദമായ പഠനം നടത്താനുള്ള തയാറെടുപ്പിലാണ് ഈ ഗവേഷകര്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA