ADVERTISEMENT

വേമ്പനാട് കായലിൽ എക്കൽ അടിഞ്ഞ് ആഴക്കുറവുണ്ടാകുന്നതു കായലിന്റെ നിലനിൽപിനു ഭീഷണിയെന്നു  കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ‌(കുഫോസ്) പഠനം.  സംസ്ഥാനത്തെ നദികളെക്കുറിച്ചും കായലുകളെക്കുറിച്ചും ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തുന്ന പഠനത്തിന്റെ ഭാഗമായി ആലപ്പുഴ മുതൽ തണ്ണീർമുക്കംവരെയും തണ്ണീർമുക്കം മുക്കം മുതൽ കൊച്ചിവരെയും 2 ഘട്ടമായാണു പഠനം. തണ്ണീർമുക്കം ബണ്ടിനു തെക്കു ഭാഗം മുതൽ ആലപ്പുഴ വരെ കഴിഞ്ഞ വർഷം പഠനം പൂർത്തിയാക്കിയിരുന്നു

Vembanad Lake
കൈതപ്പുഴക്കായലിൽ കാക്കത്തുരുത്തിനു സമീപം കായലിൽ ഇറങ്ങി പങ്കായംകൊണ്ട് ആഴം കാണിക്കുന്ന മത്സ്യത്തൊഴിലാളി പാണാവള്ളി പുതുവൽ നികർത്തിൽ ടി.വിനീഷ്.

ബണ്ടിന് വടക്കുഭാഗം മുതൽ കൊച്ചിവരെയുള്ള പഠനം ഉടൻ ആരംഭിക്കും. ഹൈഡ്രോഗ്രഫിക് സർവേ വിഭാഗം മുഹമ്മ ഓഫിസിന്റെ കീഴിൽ അടുത്ത ദിവസം സർവേ തുടങ്ങും.വേമ്പനാട് കായലിൽ എക്കൽ അടി‍ഞ്ഞ് എത്രമാത്രം ആഴക്കുറവുണ്ടാകുന്നുണ്ടെന്നു കണ്ടെത്തുകയാണ് ആദ്യഘട്ടം. വലിയ മാറ്റമാണു കായലിനുണ്ടായതെന്നു കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു. 

7 മീറ്റർ ആഴമുണ്ടായിരുന്ന പലഭാഗങ്ങളിലും ഒന്നര മുതൽ 3 മീറ്റർ വരെയാണു നിലവിൽ ആഴം.വേലിയിറക്ക സമയത്തു തീരപ്രദേശങ്ങളിൽ കായൽ ഒരുപാട് ഉൾവലിഞ്ഞു. ആഴക്കുറവും മാലിന്യവും മത്സ്യ–കക്കാ സമ്പത്തിനു ഭീഷണിയുണ്ടാക്കിയെന്നും പഠനം വ്യക്തമാക്കുന്നു.

ഉൾനാടൻ മത്സ്യമേഖലയിലും വറുതി

പുലർച്ചെ അഞ്ചോടെ നീട്ടുവലയുമായി  കായലിൽ ഇറങ്ങിയതാണ്. നാലുമണിക്കൂറിനിടെ 3 തവണ വലവീശിയിട്ടും കിട്ടിയതു ചെറിയ കണമ്പും കുറിച്ചിൽ ഉൾപ്പെടെയുള്ള പൊടിമീനും മാത്രം. അരിവാങ്ങിക്കണമെങ്കിൽ വേറെ പണിക്കുപോകണം–  മത്സ്യത്തൊഴിലാളിയായ മാക്കേക്കടവ് കിഴക്കേകണിയാപറമ്പിൽ സാബുവിന്റെ സങ്കടം കായലോളം പോലെ ഉയർന്നു. മാസങ്ങളായി മീനില്ലാതായിട്ട്.  മുൻപ് സീസൺ സമയത്ത് 2 തവണ വലവീശിയാൽ 1000 രൂപയ്ക്ക് അടുത്ത് മത്സ്യം കിട്ടുമായിരുന്നു. ഇപ്പോൾ ഒരുദിവസം മുഴുവൻ ചെലവിട്ടാലും ഒന്നും കിട്ടില്ലെന്നും വർഷങ്ങളായി വേമ്പനാട് കായലിൽ മത്സ്യബന്ധനം മാത്രം തൊഴിലാക്കി ജീവിക്കുന്ന സാബു പറയുന്നു.

Vembanad Lake
വേമ്പനാട് കായലിൽ നീട്ടുവലയിടുന്ന മാക്കേക്കടവ് കിഴക്കേകണിയാംപറമ്പിൽ സാബു.

കായൽതന്നെ ആശ്രയം

മത്സ്യലഭ്യത കുറയുന്നതും വൻതോതിൽ എക്കൽ അടിഞ്ഞ് ആഴംകുറയുന്നതും മത്സ്യത്തൊഴിലാളികളെയും അനുബന്ധതൊഴിലാളികളെയും ഒരുപോലെ ബാധിക്കുന്നു. വേമ്പനാട് കായലിനെയും കൈതപ്പുഴക്കായലിനെയും ആശ്രയിച്ച് ഒരുലക്ഷത്തിലധികം കുടുംബങ്ങളാണ് കഴിയുന്നത്. നീട്ടുവല, ഉൗന്നിവല,വീശുവല, ചീനവല തുടങ്ങിയ മാർഗങ്ങളാണു തൊഴിലാളികൾ ഉപയോഗിക്കുന്നത്. സുലഭമായിരുന്ന കരിമീൻ,കൊഞ്ച്, ഞണ്ട്, മഞ്ഞക്കൂരി, കൊഴുവ, ചെമ്മീൻ, നന്തൻ, കണമ്പ്, കുറിച്ചി തുടങ്ങിയവ പേരിനുമാത്രമാണ് ലഭിക്കുന്നത്. പോളയും മറ്റും മീൻപിടിക്കാൻ തടസ്സമാകുന്നു. മത്സ്യത്തിനു വില കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്.  പ്രതിസന്ധി രൂക്ഷമായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മറ്റു മേഖലകളിലേക്കു തിരിയുകയാണ്. 

അനധികൃത മീൻപിടിത്തം തടയണം

അടക്കംകൊല്ലി, പെരുവല, കെട്ടിവലി, വിഷം കലക്കിയുള്ള മീൻപിടിത്തം തുടങ്ങിയ അനധികൃത രീതികൾ വ്യാപകമാണ്. അടക്കംകൊല്ലി, പെരുവല, കെട്ടിവലി തുടങ്ങിയ മാർഗങ്ങൾ മത്സ്യപ്രജനനകാലത്തും തുടർന്നും ഉപയോഗിക്കുന്നതിനാൽ മീനുകളുടെ മുട്ടകളും കുഞ്ഞുങ്ങളും നശിക്കുന്നു. കൊട്ടവള്ളങ്ങളിൽ മീൻപിടിക്കുന്നവർ വലയുടെ അടിഭാഗത്തു കവറുകളിലും മറ്റും വിഷം പൊതിഞ്ഞാണു വലവീശുന്നത്. കായലുകളിൽ പൊലീസ് നീരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യം.

Vembanad Lake
മത്സ്യത്തൊഴിലാളി പെരുമ്പളം ദ്വീപിൽ പനച്ചിച്ചിറ സുഗതന്റെ വീട്ടിൽ കൂട്ടിയിട്ടിരിക്കുന്ന കക്കാത്തൊണ്ട്. ഇതെടുക്കാൻ മാസങ്ങളായി ആരും വരാത്തതിനാൽ ഉപയോഗശൂന്യമായി നശിക്കുന്നു.

കക്കാത്തൊഴിലാളികളും  ദുരിതത്തിൽ

വേമ്പനാട്ട് കായലിൽ സുലഭമായി ലഭിക്കുന്ന കക്കയ്ക്കും ഭീഷണി നേരിടുന്നു. മല്ലിക്കക്കാ വാരലും മണൽ വാരലും നിരോധിച്ചിട്ടുണ്ടെങ്കിലും  രാത്രിയുടെ മറവിൽ വ്യാപകമാണ്. മല്ലിക്കക്കാ വാരുന്നതോടെ കക്കാസമ്പത്തു തന്നെ നശിക്കുന്നു. കക്കാവാരി, പുഴുങ്ങി തൊണ്ടു മാറ്റി വിൽക്കാൻ തയാറാക്കുന്നതു പ്രയാസമുള്ള ജോലിയാണ്. ഒരുകിലോ വലിയ കക്കായിറച്ചിക്ക്  60– 70 രൂപ മാത്രമാണു കിട്ടുന്നത്. കക്കയുടെ തോടിനും ആവശ്യക്കാർ ഇല്ലാതായി. മുൻപു സൊസൈറ്റികൾ വഴി ഇവ എടുത്തിരുന്നു.

ഇടനിലക്കാർക്ക് കൊള്ളലാഭം

മത്സ്യത്തിനും കക്കയ്ക്കും ആവശ്യക്കാർ ഏറെയുണ്ടെങ്കിലും ഇടനിലക്കാർ കുറഞ്ഞ വിലയ്ക്കു മത്സ്യം ലേലത്തിനെടുത്തു കൂടിയ വിലയ്ക്കു വിൽക്കുകയാണു പതിവ്. സർക്കാർ സംവിധാനത്തിൽ പല സ്ഥലയിടത്തും ആരംഭിച്ചിട്ടുള്ള ന്യായവില മാർക്കറ്റുകൾ കൂടുതൽ സ്ഥലങ്ങളിൽ ആരംഭിക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com