ADVERTISEMENT

പമ്പയിലെ വെള്ളത്തിന്റെ നിറവ്യത്യാസം ജനങ്ങളുടെ മനസ്സിൽ ആശങ്കയുടെ ജലനിരപ്പുയർത്തുമ്പോൾ ഉത്തരം തേടുന്ന ചോദ്യങ്ങളേറെ. ആറാട്ടുപുഴയ്ക്കു താഴേക്ക് നദി ഇരുണ്ടൊഴുകുന്നതിനു പിന്നിലെ കാരണം തേടി ആദ്യം യാത്ര നടത്തിയത് കവി ഒ.എസ്.ഉണ്ണിക്കൃഷ്ണനും പമ്പ പരിരക്ഷണ സമിതി ജനറൽ കൺവീനർ എൻ.കെ.സുകുമാരൻ നായരുമാണ്. പാണ്ടനാട് മുതൽ ആറാട്ടുപുഴ വരെ നദിയിലും ചെറുതും വലുതുമായ കൈത്തോടുകളുടെ ഉറവിടത്തിലും സഞ്ചരിച്ചു. 

നദി മലിനമാകുന്ന കാഴ്ച വേദനയോടെ കണ്ടു അവർ. നീർവിളാകം പുഞ്ചയിൽ നിന്നാരംഭിക്കുന്ന എഴിക്കാട് തോട്, ആദിപമ്പയിലെ പുത്തൻതോട്, പമ്പയുടെ കൈവഴിയായ ഇല്ലിമലത്തോട് എന്നിവിടങ്ങളിലൊക്കെ മാലിന്യം തള്ളൽ  അതിരുകടന്നിരിക്കുന്നു. തോടുകൾ നദിയിലേക്കു ചേരുന്ന ഭാഗത്തു നിറവ്യത്യാസം പ്രകടമാണെന്ന് ഒ.എസ്.ഉണ്ണിക്കൃഷ്ണൻ പറയുന്നു.  ഇപ്പോഴുണ്ടായ നിറവ്യത്യാസം മാലിന്യം കലരുന്നതു കൊണ്ടു മാത്രമാണെന്നു കരുതാനാവില്ല. 

വർഷകാലത്തു വെള്ളം കയറി കിടക്കുന്ന ഭാഗത്തെ കളകൾ ചീ‍ഞ്ഞ്, പിന്നീട് വെള്ളം കുറയുമ്പോൾ മാലിന്യമായി നദിയിലേക്കു തിരികെ ഒഴുകുമെന്നു നാട്ടുകാർ പറയുന്നു. എന്നാൽ ഇത്തരത്തിലുണ്ടാകുന്ന നിറവ്യത്യാസമല്ല ഇപ്പോഴുണ്ടായിരിക്കുന്നതെന്നും പറയുന്നു. പുത്തൻകാവ് അത്തിമൂട് കയത്തിനു സമീപം വീടുകളിൽ  കിണറുകൾ കുഴിച്ചപ്പോൾ കറുത്ത ചെളിയും ദുർഗന്ധവും ഉയർന്നതും ആശങ്കയ്ക്കു വഴി തെളിക്കുന്നതായി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഈ പ്രദേശത്തും വിശദമായ പഠനം വേണം.  മലിനീകരണ നിയന്ത്രണ ബോർഡിനു നൽകിയ പരാതിയെത്തുടർന്നു പലയിടത്തു നിന്നായി വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. 

വരട്ടാറ്റിലും ദുർഗന്ധം

വരട്ടാറിലും വെള്ളത്തിനു നിറംമാറ്റവും ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. മത്സ്യങ്ങൾ ചത്തു പൊങ്ങി. വഞ്ചിമൂട്ടിൽ കടവു മുതൽ ഇരമല്ലിക്കര വാളത്തോടു വരെ വെള്ളം മലിനമാണെന്നു നാട്ടുകാർ പറയുന്നു. 

പരിഹാരം: യാത്ര ആദിപമ്പ മുഖം വരെ

നദിയുടെ നിറവ്യത്യാസം സംബന്ധിച്ച് അന്വേഷണത്തിനായി എംഎൽഎമാരായ സജി ചെറിയാൻ, വീണ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ മുണ്ടൻകാവ് ആറാട്ടുകടവു മുതൽ ആദിപമ്പ മുഖം വരെ നദിയിൽ നാളെ  യാത്ര നടത്തും. ആലപ്പുഴ - പത്തനംതിട്ട ജില്ലകളിലെ  വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥരും വിവിധ പരിസ്ഥിതി സംഘടനകളും അനുഗമിക്കും. ‌പുത്തൻകാവിൽ യാത്ര സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com