ADVERTISEMENT

വേമ്പനാട്ടു കായൽ; ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം! എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലായി നിറഞ്ഞുകിടക്കുന്ന വേമ്പനാട്ടു കായലാണു കേരളത്തിലെ ഏറ്റവും വലിയ കായലും. വിസ്തീർണം 1512 ചതുരശ്ര കിലോമീറ്റർ. പശ്ചിമഘട്ട മലനിരകളും കടലും തമ്മിലുള്ള ജൈവ ശൃംഖലയുടെ നിർണായക കണ്ണിയാണ് ഈ മനോഹരമായ കായൽ. പെരിയാറും മൂവാറ്റുപുഴയാറും പമ്പാ നദിയും അച്ചൻകോവിലാറും മണിമലയാറും മീനച്ചിലാറുമെല്ലാം ഒഴുകിയലിയുന്നതു വേമ്പനാട് കായലിലാണ്. ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതങ്ങളെ അവർ പോലും അറിയാതെ സ്വാധീനിക്കുന്ന അതിവിശാല തണ്ണീർത്തടം.മൽസ്യത്തൊഴിലാളികൾ മുതൽ ടൂറിസം വ്യവസായ മേഖലയ്ക്കു വരെ വരുമാനം നേടിക്കൊടുക്കുന്നു, ഈ തണ്ണീർത്തടം.

കായലൊന്നു ചിരിച്ചാൽ കരയാകെ നീർമുത്തെന്നാണു കവി പാടിയത്. ചിലപ്പോഴൊക്കെ അതു സങ്കടക്കണ്ണുനീരിലേക്കും വഴിമാറും. ഛർദിയും അതിസാരവും മുതൽ കോളറ വരെ പടർത്താൻ കഴിയുന്ന വിബ്രിയോ ബാക്ടീരിയ ഇനങ്ങളുടെ ആവാസ സ്ഥാനം കൂടിയാണു വേമ്പനാട്ടു കായൽ. പൊതുജനാരോഗ്യത്തെ ബാധിക്കാനിടയുള്ള വിബ്രിയോ ബാക്ടീരിയകളുടെ സാന്നിധ്യം ശാസ്ത്രീയമായി പഠിക്കാനുള്ള ശ്രമത്തിലാണു ഗവേഷകർ. കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫി (എൻഐഒ), നാൻസൻ എൺവയൺമെൻറൽ റിസർച്ച് സെൻറർ ഇന്ത്യ (നെർസി), യുകെയിലെ പ്ലിമത് മറൈൻ ലബോറട്ടറി എന്നിവ ചേർന്നു വേമ്പനാട് കായലിന്റെ ഉപഗ്രഹ മാപ്പിങ് നടത്തുകയാണ്. പൊതുജന പങ്കാളിത്തത്തോടെ രാജ്യത്തു നടക്കുന്ന ഏറ്റവും വിപുലമായ ഗവേഷണമായി ഇതു മാറുകയാണ്.

കരയിക്കാൻ വിബ്രിയോ ബാക്ടീരിയ

വിബ്രിയോ ബാക്ടീരിയകളും വെള്ളത്തിലടങ്ങിയിരിക്കുന്ന മറ്റനേകം ഘടകങ്ങളും കായലിൽ ഏതൊക്കെ ഭാഗങ്ങളിലാണു കൂടിയും കുറഞ്ഞും കാണുതെന്നു മനസിലാക്കുകയാണ് ആദ്യപടി. ഈ സ്ഥലങ്ങൾ ഉപഗ്രഹ മാപ്പിങ് നടത്തും. എവിടെയൊക്കെയാണു ബാക്ടീരിയ സാന്നിധ്യം കൂടുതലുള്ളതെന്നു മനസ്സിലാക്കി പൊതുജനാരോഗ്യ സംരക്ഷണത്തിനു മുന്നറിയിപ്പു നൽകുന്നതിനുള്ള സംവിധാനം വികസിപ്പിക്കാൻ കഴിയും. ഈ ലക്ഷ്യത്തോടെയാണു ഗവേഷണം. 

വെള്ളപ്പൊക്കമുണ്ടാകുമ്പോൾ കായൽ വെള്ളം കുടിവെള്ള സ്രോതസ്സുകളിൽ കലരാൻ സാധ്യതയേറെ. ഏതൊക്കെ മേഖലകളിലാണു കായൽ വെള്ളവും കുടിവെള്ളവും കലരാൻ  സാധ്യതയുള്ളതെന്നും അവിടെ വിബ്രിയോ ബാക്ടീരിയ സാന്നിധ്യമുണ്ടോ എന്നും ഉപഗ്രഹ ചിത്രങ്ങളിലൂടെ മുൻകൂട്ടി അറിയാൻ കഴിയും. കുടിവെള്ള ഉപയോഗം സംബന്ധിച്ചു പൊതുജനങ്ങൾക്കും ആരോഗ്യ വകുപ്പ് അധികൃതർക്കും ശാസ്ത്രീയമായ, കൃത്യമായ വിവരം നൽകാൻ സാധിക്കും. ഉചിതമായ മുൻകരുതലുകളെടുക്കാൻ ഇതു സഹായിക്കും. 

മൊബൈൽ ആപ്പും  വെള്ളത്തിന്റെ നിറവും

മിനി സെക്കി ഡിസ്ക് (ത്രീഡി പേപ്പറും മീറ്ററും ഉൾപ്പെട്ട ഉപകരണം) ഉപയോഗിച്ചു കായലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വെള്ളത്തിന്റെ നിറം ശേഖരിക്കും. വെള്ളത്തിലെ കലക്കൽ, പ്ലവകങ്ങൾ, സൂക്ഷ്മ ജീവികൾ തുടങ്ങിയവയുടെ സാന്നിധ്യത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ചു വ്യത്യസ്ത നിറങ്ങളാണു ലഭിക്കുക. നിറങ്ങളുടെ അടിസ്ഥാനത്തിലാണ് ഉപഗ്രഹങ്ങൾ സെൻസ് ചെയ്യുന്നത്. പുതിയ ഡേറ്റ നിലവിൽ ലഭ്യമായ ഉപഗ്രഹ ഡേറ്റയുമായി ഒത്തുനോക്കുകയും കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും.

നിലവിലുള്ള ഡേറ്റ പരിമിതമാണ്. എന്നാൽ, പൊതുജന സഹായത്തോടെ ഡേറ്റ സമ്പുഷ്ടമാകുന്നതോടെ കൃത്യമായ വിവരങ്ങൾ മനസ്സിലാക്കാൻ കഴിയും. ഡേറ്റ പുതുക്കി മോഡലിങ് ചെയ്യുന്നതോടെ ഉപഗ്രഹ ചിത്രങ്ങളിൽ നിന്നു കായലിൽ ഏതൊക്കെ ഭാഗത്താണു ബാക്ടീരിയ സാന്നിധ്യം കൂടുതലെന്നും കുറവെന്നും മറ്റും മനസ്സിലാക്കാൻ കഴിയും. എവിടെയൊക്കെയാണു കുടിവെള്ളവുമായി കലരാൻ സാധ്യതയെന്നു മനസ്സിലാക്കി ആരോഗ്യരക്ഷാ മുൻകരുതൽ സ്വീകരിക്കാം. ശേഖരിക്കുന്ന ഡേറ്റയും മൊബൈൽ ക്യാമറയിൽ പകർത്തുന്ന ചിത്രവും ഗവേഷകരുമായി പങ്കുവയ്ക്കാൻ മൊബൈൽ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. 

പൊതുജന പങ്കാളിത്തം

വേമ്പനാട്ടു കായലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മിനി സെക്കി ഡിസ്കുകളും മൊബൈൽ ആപ്പും ഉപയോഗിച്ചു വിവരശേഖരണം നടത്തുന്നതു ഗവേഷകർ മാത്രമല്ല, വിദ്യാർഥികളും പൊതുജനങ്ങളും കൂടി സഹകരിച്ചാണ്. പരിസ്ഥിതി സംരക്ഷണത്തിലും ശാസ്ത്ര പ്രവർത്തനങ്ങളിലും താൽപര്യമുള്ള ആർക്കും ഭാഗമാകാൻ കഴിയുന്ന ഗവേഷണ പദ്ധതി. കോളജ് വിദ്യാർഥികൾക്കും വേമ്പനാട്ടു കായലിന്റെ തീരങ്ങളിൽ താമസിക്കുന്നവർക്കുമാണു മുൻഗണന നൽകുന്നത്.

പങ്കാളികളാകുന്നവർക്കു പ്രത്യേക സർട്ടിഫിക്കറ്റ് നൽകും. ആദ്യ ഘട്ടത്തിൽ കോളജ് വിദ്യാർഥികൾക്കാണു മുൻഗണന. ‘‘അടുത്ത ഘട്ടത്തിൽ, കായലിനു സമീപമുള്ള നാട്ടുകാരെയും സന്നദ്ധ പ്രവർത്തകരെയും പഠനത്തിന്റെ ഭാഗമാക്കും. മത്സ്യ, സമുദ്ര പഠന മേഖലയിൽ ഇത്തരത്തിൽ പൊതുജന പങ്കാളിത്തത്തോടെ ഗവേഷണങ്ങൾ നടത്തുന്നത് ഇന്ത്യയിൽ തന്നെ വളരെ അപൂർവമാണ്’’ – സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണന്റെ വാക്കുകൾ. 

വിദ്യാർഥികൾ ഡേറ്റ ശേഖരണത്തിന്

ഉപഗ്രഹ മാപ്പിങ്ങുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ പങ്കാളികളായ വിദ്യാർഥികൾ ഇന്നലെ മുതൽ കായലിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. അവർക്കു സിഎംഎഫ്ആർഐയിൽ പരിശീലനം നൽകി. ഡോ.എം.എസ്. സുനിൽ ഉദ്ഘാടനം ചെയ്തു. ഡോ.എ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.പി.കെ.ദിനേഷ്‌കുമാർ, ഡോ.അജിത് ജോസഫ്, ഡോ.ടി.വി.സത്യാനന്ദൻ, ഡോ.ശ്യാം കുമാർ, ഡോ.അനസ് അബ്ദുൽ അസീസ്, ഡോ. ഗ്രിൻസൻ ജോർജ് എന്നിവർ പങ്കെടുത്തു. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 16 കോളജുകളിൽ നിന്നുള്ള 250 വിദ്യാർഥികളാണ് ആദ്യഘട്ടത്തിൽ പങ്കാളികളാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com