ADVERTISEMENT

പരിസ്ഥിതി സൗഹൃദ വിഗ്രഹങ്ങൾക്ക് പ്രിയം വർധിച്ചതോടെ മുള, ചാണകം, പെൻസിൽ തുടങ്ങി ഉപയോഗം കഴി‍ഞ്ഞ പേപ്പറുകൾ വരെ വിനായക വിഗ്രഹമാകുന്നു. അടുത്ത തിങ്കളാഴ്ചയാണ് മുംബൈയിൽ  10 നാൾ നീളുന്ന ഗണേശോൽസവം ആരംഭിക്കുന്നത്.‌

ചാണക വിഗ്രഹവുമായി ഡോക്ടർ

‌ചാണകം കൊണ്ട് ഗണേശ് വിഗ്രഹം നിർമിക്കുക വഴി പേരെടുത്ത ശിൽപിയാണ് നവിമുംബൈ ഖാർഘറിലെ ഡോ. നവ്നാഥ് ദുധാൽ. പ്രശസ്തമായ ടാറ്റാ മെമ്മോറിൽ ആശുപത്രിയിൽ 25 വർഷം സേവനം അനുഷ്ഠിച്ച ഡോ. നവ്നാഥ്, ജോലി രാജിവച്ചാണ് വിഗ്രഹനിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.   പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നു ഡോക്ടർ പറയുന്നു.   വീടുകളിൽ വയ്ക്കുന്ന വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ ജലാശയങ്ങളിൽ കൊണ്ടു പോകേണ്ട ആവശ്യമില്ല. ബക്കറ്റിൽ ഇവ നിമജ്ജനം ചെയ്യാനാവും.

‌തുടർന്ന് ഇത് വളമായി ഉപയോഗിക്കാം. കടലിൽ നിമജ്ജനം ചെയ്താൽ കടൽ ജീവികൾക്കും ഗുണം ചെയ്യുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. മുംബൈയ്ക്കു പുറമേ, പുണെ, ബംഗളുരു, ഗുജറാത്ത് തുടങ്ങി വിവിധ മേഖലകളിൽ വിഗ്രഹത്തിന് ധാരാളം ആവശ്യക്കാരുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഖാർഘറിലെ ഡോക്ടറുടെ ആയുർവേദ ഷോപ്പിൽ വിഗ്രഹങ്ങൾ പ്രദർശിപ്പിട്ടുണ്ട്.‌

പെൻസിൽ മുതൽ ചോളം വരെ

‌പെൻസിൽ കൊണ്ടാണ് മലാഡ് സപുർപാഡ കോളനിയിൽ 14 അടി ഉയരമുള്ള വിഗ്രഹം തീർക്കുന്നത്. 15,000 ൽ പരം പെൻസിലുകളാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നതെന്നും ശിൽപി ഉമേഷ് ചവാൻ.4 പതിറ്റാണ്ടായി കാന്തിവ്‌ലിയിൽ വിഗ്രഹനിർമാണം നടത്തിവരുന്ന ശിൽപികളുടെ സംഘം ഈ വർഷം ചോളമാണ് ഉപയോഗിക്കുന്നത്. മേഖലയിലെ 8 ശിൽപികൾ ചേർന്നാണ് ഇവ നിർമിക്കുന്നത്. 51 കിലോ ചോളം ഇതിനുവേണ്ടി വന്നതെന്നും സംഘാടക കമ്മിറ്റി അംഗം മഹേന്ദ്ര പോട്ടെ അറിയിച്ചു.‌

മുളവടിയെടുത്ത് ഗണേശരൂപം

‌മലാഡ് ഈസ്റ്റ് യുവഗ്രൂപ്പ് മിത്രമണ്ഡൽ മുളവടി കൊണ്ടാണ് വിഗ്രഹം നിർമിക്കുന്നത്. 9 അടി ഉയരമുള്ള വിഗ്രഹനിർമാണം 25 ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ചെന്നു മണ്ഡൽ കമ്മിറ്റി ഡയറക്ടർ വിപുൽ സാഗർ പറഞ്ഞു. ഗുജറാത്തിൽ നിന്നുള്ള ശിൽപി അർജുൻ സോളങ്കിയാണ് വിഗ്രഹം നിർമിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം 6 അംഗ കുടുംബാംഗങ്ങളുമുണ്ട്. മുളയുടെ ഉപയോഗത്തെപ്പറ്റി ഇന്നത്തെ തലമുറയെ ബോധവൽക്കരിക്കാൻ കൂടിയാണ് ഇതുപയോഗിച്ചത്. മുള ഉപയോഗിച്ച് വീടുവരെ നിർമിച്ച കാലമുണ്ടായിരുന്നു- സാഗർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com