ADVERTISEMENT

വേമ്പനാട് കായലിൽ വഞ്ചിവീടുകളുടെ എണ്ണം പെരുകിയതും അവയിൽ നിന്നുള്ള മാലിന്യം കായലിലേക്കു നേരിട്ടു തള്ളുന്നതുമാണു കായലിനെ ഏറ്റവും മലിനമാക്കുന്നതെന്നു ഹൈക്കോടതിയിൽ റിപ്പോർട്ട്. സർക്കാരും തദ്ദേശ അധികാരികളും കായൽ തീരത്തെ റിസോർട്ടുകളുടെ പ്രവർത്തനം നിരീക്ഷിക്കണമെന്നും മാലിന്യം തള്ളുന്നതു നിയന്ത്രിക്കണമെന്നും  അമിക്കസ്ക്യൂറി (കോടതിയെ സഹായിക്കുന്ന അഭിഭാഷകൻ)  സി. ആർ. ശ്യാംകുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.‌

‌സർക്കാർ കായലും പരിസരങ്ങളും കൈകാര്യം ചെയ്യുന്നതു തികഞ്ഞ അലംഭാവത്തിലാണ്. കുമരകത്തു ടൂറിസം വകുപ്പിന്റെ സൂവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉണ്ടെങ്കിലും വഞ്ചിവീടുകളിൽ നിന്നുള്ള മാലിന്യ സംസ്കരണാവശ്യം നിറവേറ്റാൻ അതു പോരാ. ‌

‌ലൈസൻസ് പുതുക്കാൻ വഞ്ചിവീടുകൾ പ്ലാന്റിന്റെ സേവനം വിനിയോഗിക്കുന്നുണ്ടെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയെങ്കിലും പുതുക്കാൻ നേരം ബോട്ടുകൾ ചടങ്ങിനു വന്നുപോകുകയാണു പതിവ്. ആലപ്പുഴ ഡിടിപിസിയുടെ കീഴിലുള്ള ഏക സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിൽ മലിനീകരണം ഭീതിദമായ തോതിൽ വർധിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. ‌

റിപ്പോർട്ടിന്റെ വിശദാംശങ്ങൾ:

‌∙ റിസോർട്ടുകൾ പെരുകുന്നു

‌വേമ്പനാട് കായൽ പരിസരങ്ങൾ മികച്ച വിനോദ സഞ്ചാര കേന്ദ്രമായതിനാൽ തീരത്തെങ്ങും റിസോർട്ടുകൾ പെരുകുന്നു. വീടു നിർമിക്കാൻ നൽകുന്ന പെർമിറ്റിൽ റിസോർട്ട് പണിയുന്നതും വീടു പണിത് ഹോം സ്റ്റേയാക്കി മാറ്റുന്നതും പതിവാണ്. മാലിന്യം നേരിട്ടു കായലിൽ തള്ളുന്നുണ്ടോ എന്നു പോലും അധികൃതർ പരിശോധിക്കുന്നില്ല. ‌

‌∙ മൽസ്യ സമ്പത്ത്

‌സർക്കാർ കുമരകത്ത് റംസാർ മേഖലയിൽ, മൽസ്യ സങ്കേതത്തിനു സമീപം പുഴയിലേക്ക് ഇറക്കി ഹൗസ്ബോട്ട് ടെർമിനൽ പണിതു. തിരദേശപരിപാലന നിയമം ലംഘിച്ചും കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയുമായിരുന്നു നിർമാണം. ‌‌ടെർമിനൽ ഉദ്ഘാടനം ചെയ്തെങ്കിലും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. മാത്രമല്ല, അനുമതിയില്ലാതെ ടെർമിനലിന്റെ സമീപം സ്വകാര്യ റിസോർട്ട് പണിതിട്ടുമുണ്ട്. ‌

‌സംസ്ഥാന തണ്ണീർത്തട അതോറിറ്റി നിർമാണം പൊളിച്ചുനീക്കാൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. മൽസ്യ സമ്പത്തിനെക്കുറിച്ചു പഠിച്ച് കോട്ടയം നേച്ചർ സൊസൈറ്റി സർക്കാരിനു നൽകിയ റിപ്പോർട്ട് അവഗണിച്ചു. സൊസൈറ്റിയെ കൂടി കക്ഷിചേർക്കണം. ‌

‌∙ നടപടിയില്ലാതെ സർക്കാർ

‌വേമ്പനാട്ട് കായലിന്റെ കയ്യേറ്റവും മലിനീകരണവും നിയന്ത്രിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സമഗ്ര പദ്ധതിവേണമെന്ന് അമിക്കസ്ക്യൂറിയുടെ മുൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വേലിയേറ്റ, വേലിയിറക്ക രേഖകൾ നിർണയിച്ചിട്ടില്ല. തീര കൈകാര്യ ഭൂപടം തയാറാക്കിയിട്ടില്ലെന്നും പറഞ്ഞിരുന്നു. ‌‌വേമ്പനാട് കായൽ മേഖലയിൽ അനധികൃതമായി നികത്തിയ ഭാഗങ്ങൾ പുനഃസ്ഥാപിക്കണമെന്നും തിരദേശപരിപാലന നിയമം നടപ്പാക്കാനുള്ള നടപടി അറിയിക്കണമെന്നും 2013 ലും 2016 ലും സുപ്രീം കോടതി പറഞ്ഞിരുന്നു. സർക്കാർ അനങ്ങിയില്ല. വേമ്പനാട് ഇക്കോ ഡവലപ്മെന്റ് അതോറിറ്റി രൂപീകരിച്ചെങ്കിലും കൃത്യമായി യോഗം ചേരുന്നില്ല. ‌

റിപ്പോർട്ടിലെ ശുപാർശകൾ

‌1. വേമ്പനാട് കായലിലെ വഞ്ചിവീടുകളുടെ ലൈസൻസിങ്, മാലിന്യ സംസ്കരണ വിഷയങ്ങളിൽ കോട്ടയം, ആലപ്പുഴ കലക്ടർമാരുടെ റിപ്പോർട്ട് തേടണം. മാലിന്യം കായലിൽ തള്ളുന്നതു തടയണം. ‌

‌2. തീരത്തെ റിസോർട്ട്, ഹോം സ്റ്റേ നിർമാണവും പരിശോധനകളും മാലിന്യസംസ്കരണവും സംബന്ധിച്ചു കലക്ടർമാരുടെ റിപ്പോർട്ട് തേടണം. ‌

‌3. കുമരകം മൽസ്യ സങ്കേതത്തിനടുത്ത് റംസാർ മേഖലയിൽ ഹൗസ് ബോട്ട് ടെർമിനൽ പണയാൻ കേന്ദ്രത്തിന്റെയും തണ്ണീർത്തട അതോറിറ്റിയുടെയും അനുമതിയുണ്ടായിരുന്നോ എന്നു കോട്ടയം കലക്ടറുടെ റിപ്പോർട്ട് തേടണം. ‌

‌4. വേമ്പനാട് ഇക്കോ ഡവലപ്മെന്റ് അതോറിറ്റിയുടെ രൂപീകരണവും പ്രവർത്തനവും കായൽ പരിസ്ഥിതി സംരക്ഷണത്തിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളും സംബന്ധിച്ചു സർക്കാരിന്റെ റിപ്പോർട്ട് തേടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com