ADVERTISEMENT

വേമ്പനാട്ടു കായൽ അധികം വൈകാതെ ചതുപ്പുനിലമായി മാറുമെന്നു വിദഗ്ധർ. കഴിഞ്ഞ പ്രളയത്തിൽ വന്നടിഞ്ഞ എക്കൽ കായലിന്റെ ആഴം കുറച്ച പലയിടങ്ങളിലും ചെടികൾ വളർന്നു തുടങ്ങിയതായി രാജ്യാന്തര കായൽനില ഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണത്തിൽ കണ്ടെത്തി. കായലിന് ഒരാൾപ്പൊക്കം പോലും ആഴമില്ലാത്ത സ്ഥലങ്ങളിൽ സൂര്യപ്രകാശം നേരിട്ട് അടിത്തട്ടുവരെ ലഭിച്ചതോടെയാണ് മണ്ണിലുണ്ടായിരുന്ന വിത്തുകൾ മുളച്ചതെന്നു ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി.പത്മകുമാർ പറഞ്ഞു.

ഈ ചെടികൾ വളർന്നു തുടങ്ങുന്നതോടെ കായൽ നികന്ന് ചതുപ്പ് നിലമാകും. കയ്യേറ്റം മൂലം ചെറുതാകുന്ന കായൽ കൃത്യമായ പരിചരണം ഇല്ലാതെ കൂടുതൽ നാശത്തിലേക്കു പോകുകയാണെന്നു ഗവേഷകർ പറയുന്നു.മുൻപു കുട്ടനാട്ടിലെ കൃഷിക്കാർ കായലിൽ വന്നടിയുന്ന എക്കൽ കുത്തിയെടുത്ത് മട കെട്ടുകയും പറമ്പുകളിൽ നിറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, അടുത്തകാലത്ത് എക്കൽ കുത്തിയെടുക്കുന്നത് കുറഞ്ഞു. എക്കൽ വന്നടിഞ്ഞ് കായലിന്റെ ആഴം വളരെ കുറഞ്ഞു. കുട്ടനാട്ടിലെ പല പറമ്പുകളുടെയും അടിത്തട്ട് വെള്ളത്ത‍ാൽ നിറഞ്ഞിരിക്കുകയാണെന്നും പരിശോധനയിൽ കണ്ടെത്തി.

അടിക്കടി കായലിൽ നിന്നു കുത്തിയെടുക്കുന്ന എക്കൽ ഇടാത്തതു കാരണം പറമ്പുകൾ താഴുന്നു. ഇതു കെട്ടിടങ്ങളെയും ബാധിക്കും.കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണെങ്കിലും വേമ്പനാട്ടു കായലിന്റെ ജലനിർഗമന മാർഗങ്ങളിൽ വെള്ളം എത്തുന്നില്ല. തോട്ടപ്പള്ളി സ്പിൽവേയിൽ പുറത്തേക്ക് ഒഴുകാനുള്ള വെള്ളം ഇല്ല. പുറത്തേക്കു വെള്ളം ഒഴുകുന്ന വഴികളിൽ എക്കലും പോളയും മറ്റു മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടു കിടക്കുന്നതാണ് കുട്ടനാട്ടിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണമെന്നു മുൻപു പല പഠന സംഘങ്ങളും സർക്കാരിനു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Vembanad Lake

കുട്ടനാട്ടിൽ ഓരുജലം

വേമ്പനാട്ടു കായലിലെ വെള്ളത്തിൽ ഉപ്പിന്റെ അളവ് മുൻപെങ്ങുമില്ലാത്തവിധം ഉയരുകയുമാണ്. മുൻപ് പരമാവധി 11 പിപിടി (പാർട്സ് പെർ തൗസന്റ്) അളവു വരെയാണ് വൈക്കം ഭാഗങ്ങളിൽ ഉപ്പിന്റെ അളവ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞ ഫെബ്രുവരി, മാർച്ച് കാലങ്ങളിൽ ഇത് 23 പിപിടി വരെ ഉയർന്നതായി റിപ്പോർട്ടുണ്ട്. കടൽ ജലത്തിലെ ഉപ്പിന്റെ അളവ് 33 പിപിടി ആണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com