അയൽ സംസ്ഥാനങ്ങളിൽ നിന്നു വീണ്ടും പുക; തല പുകഞ്ഞ് ഡൽഹി

smog
SHARE

അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പുക വീണ്ടും ഡൽഹിക്കു ഭീഷണി.കഴിഞ്ഞ 3 മാസമായി മെച്ചപ്പെട്ടിരുന്ന ഡൽഹിയിലെ വായു നിലവാരം വീണ്ടും മോശമായതോടെ സ്ഥിതി നേരിടാനുള്ള നീക്കങ്ങളിലാണു സംസ്ഥാന സർക്കാർ. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കാൻ തുടങ്ങിയതോടെ ഡൽഹിയിലെ വായു നിലവാരം വീണ്ടും മോശമാകാൻ തുടങ്ങിയതായി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു.‌

‌സുപ്രീംകോടതി, ദേശീയ ഹരിത ട്രൈബ്യൂണൽ ഉൾപ്പെടെയുള്ളവ ഇക്കാര്യത്തിൽ ശക്തമായി ഇടപെട്ട് മലിനീകരണം ഇല്ലാതാക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഒക്ടോബർ– നവംബർ മാസങ്ങളിൽ ഡൽഹിയിലെ വായു മലനീകരണം രൂക്ഷമാകുന്നതു പഞ്ചാബിലും ഹരിയാനയിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമൂലമാണ്.‌

ഇത് ഇരുസംസ്ഥാനങ്ങളും നിരോധിച്ചിട്ടുണ്ടെങ്കിലും ആധുനിക രീതിയിൽ അവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിനുള്ള ചെലവു താങ്ങാനാവാത്തതിനാൽ കർഷകർ പരമ്പരാഗത രീതി തന്നെ തുടരുകയാണ്.ദേശീയ ഹരിത ട്രൈബ്യൂണലിന്റെ 2015 ലെ വിധിയുടെ അടിസ്ഥാനത്തിൽ നിയമം ലംഘിക്കുന്ന കർഷകരിൽ നിന്നു പിഴ ഈടാക്കുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രിക്കാൻ സാധിക്കുന്നില്ല.

ആധുനിക സംസ്കരണ യന്ത്രങ്ങൾ വാങ്ങുന്നതിനു കർഷകർക്കും സഹകരണ സംഘങ്ങൾക്കും 50 മുതൽ 80 ശതമാനംവരെ സബ്സിഡി ഇരുസംസ്ഥാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.‌ ‌എന്നാൽ യന്ത്രത്തിനു വേണ്ടിവരുന്ന ബാക്കി തുക ചെലവഴിക്കാൻ കർഷകർ തയാറാവുന്നില്ല.മൂന്നു മാസത്തിനിടെ ആദ്യമായി ഡൽഹിയിലെ വായു മലിനീകരണത്തോത് കഴിഞ്ഞ ദിവസം 211 ലേക്ക് ഉയർന്നു. 200 കടന്നാൽ സ്ഥിതി മോശമാകുന്നു എന്നാണു സൂചന. അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതു മൂലമുള്ള പുക അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതാണു ഡൽഹിയിലെ വായു മലിനീകരണത്തിനുള്ള പ്രധാന കാരണം. കാറ്റിന്റെ ശക്തി കുറഞ്ഞതും സ്ഥിതി കൂടുതൽ വഷളാക്കുന്നു.‌

നവംബർ 4 മുതൽ വാഹന നിയന്ത്രണം

‌വായു മലിനീകരണ സാധ്യത മുൻകൂട്ടിക്കണ്ടു നവംബർ 4 മുതൽ 15 വരെ ഡൽഹിയിൽ ഒറ്റ–ഇരട്ട നമ്പർ വാഹന നിയന്ത്രണനിയമം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, വായു മലിനീകരണം നിയന്ത്രിക്കാൻ ഇതുകൊണ്ടുമാത്രം സാധിക്കില്ലെന്ന വാദവുമുയർന്നിട്ടുണ്ട്.‌

കത്തിക്കരുതേ.. കാർഷിക അവശിഷ്ടങ്ങൾ

‌അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതു മൂലമുള്ള പുക അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതാണു ഡൽഹിയിലെ വായു മലിനീകരണത്തിനുള്ള പ്രധാന കാരണം.‌

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA