നട്ടുച്ചയ്ക്ക് പോലും കറുത്തിരുണ്ട് ഡൽഹി നഗരം; വായുനിലവാരം അപകടകരമായ നിലയിൽ!

Air pollution in Delhi worsens to 'severe' category
SHARE

നട്ടുച്ചനേരത്തു പോലും കറുത്തിരുണ്ട നിലയിലായിരുന്നു ഡൽഹി നഗരം. തണുപ്പുമെത്തിയതോടെ പലർക്കും  ശാരീരിക അസ്വസ്ഥതകൾ വർധിച്ചു.  അന്തരീക്ഷം നിറയെ ഇരുണ്ട പുക മൂടിക്കെട്ടി നിൽക്കുന്നു. ഇന്നലെ ഇവിടെ രേഖപ്പെടുത്തിയ വായു നിലവാരം 470 ആയിരുന്നു. ഇന്നലെ ഡൽഹിയിലെ പലയിടങ്ങളിലും വായു നിലവാരം 400ന് മുകളിലായിരുന്നു. അതീവ ഗുരുതരമായ അവസ്ഥയിലേക്കാണ് ‍ഡൽഹി നീങ്ങുന്നത്. ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്തവിധം വായു നിലവാരം അതീവ രൂക്ഷമായി. വായു നിലവാരം തകർന്നടിഞ്ഞതോടെ മൂന്നാമതും പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിലവിൽ മുഖംമൂടി അണിയാതെ പുറത്തിറങ്ങാൻ കഴിയാത്ത നിലയിലാണ് ജനങ്ങൾ. ഇങ്ങനെ പോയാൽ എന്താകും ഡൽഹിയുടെ സ്ഥിതി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കാണ് കനത്ത അന്തരീക്ഷ മലിനീകരണം വഴിതുറക്കുന്നത്. 

അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിലെ വായു മലിനീകരണത്തിനു പിന്നിലെന്നു കേജ്‍രിവാൾ ആവർത്തിച്ചു.കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറയുന്നതും കാറ്റിനു വേഗം കൂടുന്നതും കാരണം വരും ദിവസങ്ങളിൽ വായു മലിനീകരണം കുറയാൻ സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാനുള്ള നടപടികൾ ഫലംകണ്ടാൽ മലിനീകരണം കുറഞ്ഞേക്കും. കാറ്റിനു വേഗം കൂടുന്നതും ഗുണംചെയ്യും.

സ്ഥലങ്ങളിലെ എക്യുഐ ഇങ്ങനെ‌‌

‌∙ ഫരീദാബാദ്– 441‌

∙ ഗാസിയാബാദ്– 490‌

∙ ഗ്രേറ്റർ നോയിഡ–470‌

∙ ഗുരുഗ്രാം– 414‌

∙ നോയിഡ–486‌

∙ ജവഹർലാൽ നെഹ്റു സ്റ്റേഡിയം–490‌

‌‌മലിനീകരണത്തെ നേരിടാൻ‌‌

‌∙ വായുനില മോശമായ ദിവസങ്ങളിൽ ഫുൾ സ്ലീവ് വസ്ത്രങ്ങളും തലയും മുഖവും മൂടാൻ സ്കാർഫും ഉപയോഗിക്കാം. ‌

∙വാക്വം ക്ലീനറോ മറ്റു സംവിധാനമോ ഉപയോഗിച്ചു വീട്ടിലെ പൊടിപടലങ്ങൾ ദിവസവും നീക്കുക. ‌

∙ എയർ കണ്ടീഷനിങ് സംവിധാനത്തിന്റെ ഫിൽട്ടർ എപ്പോഴും ശുചിയാക്കുക. ‌

‌∙ വീടിനു പുറത്തു പോകുന്ന ഘട്ടങ്ങളിൽ സൺ സ്ക്രീൻ ക്രീം ഉപയോഗിക്കുക. ‌

∙ പ്രഭാത സവാരിക്കാർ നടത്തം രാവിലെ 8നു ശേഷമാക്കുക. വൈകുന്നേരങ്ങളിൽ നടക്കുന്നതാണ് കൂടുതൽ ഉചിതം. ‌

∙ വൈറ്റമിൻ ഇ ഉൾപ്പെടുന്ന ആന്റി ഓക്സിഡന്റുകൾ ഉപയോഗിക്കുക. ത്വക്കിന്റെ പ്രതിരോധ ശക്തി വർധിപ്പിക്കും. ‌

English Summary: Air pollution in Delhi worsens to 'severe' category

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ