വായുവിനു പിന്നാലെ വെള്ളവും മോശം; മറ്റൊരു ചീത്തപ്പേരും കൂടി ഡൽഹിക്ക്!

Pollution
SHARE

അന്തരീക്ഷ മലനീകരണം ഏറ്റവും ശക്തമായ നഗരമെന്നതിനു പുറമേ മറ്റൊരു ചീത്തപ്പേരും ഡൽഹിക്ക്. രാജ്യത്തെ ഏറ്റവും മോശം പൈപ്പ് വെളളം ലഭിക്കുന്നതു നഗരത്തിലാണ്. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിനു വേണ്ടി ബ്യൂറോ ഓഫ് സ്റ്റാൻഡേഡ് (ബിഐഎസ്) നടത്തിയ പഠനത്തിൽ ഡൽഹി ഏറ്റവും പിന്നിൽ.‌

‌രാജ്യത്തെ 21 തലസ്ഥാന നഗരങ്ങളിലെ പൈപ്പ് വെളളമാണു പഠനത്തിനു വിധേയമാക്കിയത്. മുംബൈയാണു പട്ടികയിൽ ഒന്നാം സ്ഥാനത്ത്. പരിശോധന നടത്തിയ മുഴുവൻ സാംപിളുകളും പരാജയപ്പെട്ടതു 13 നഗരങ്ങളിൽ. കൊൽക്കത്ത, ചെന്നൈ, ജയ്പുർ, ലക്നൗ, തിരുവനന്തപുരം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കുടിവെള്ളവുമായി ബന്ധപ്പെട്ട ബിഐഎസിന്റെ 10500 : 2012 എന്ന മാർഗരേഖയാണു പഠനത്തിനായി ഉപയോഗിച്ചത്.‌

‌2024 നുള്ളിൽ രാജ്യത്തെ എല്ലാ വീടുകളിലും ഉപയോഗ ക്ഷമമായ വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച ജൽ ജീവൻ മിഷന്റെ ഭാഗമായാണു വെ‌ള്ളം പഠനവിധേയമാക്കിയത്. പദ്ധതിക്കായി 3.5 ലക്ഷം കോടി രൂപ മുതൽ മുടക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.‌

‌ഡൽഹിയിൽ ഗ്രാമങ്ങളിൽ മാത്രമല്ല, നഗരമേഖലയിലും മോശം വെള്ളമാണു ലഭിക്കുന്നതെന്നതിനു തെളിവാണു ബിഐഎസിന്റെ പഠനം. കുപ്പിവെള്ള നിർമാതാക്കൾക്കു ബിഐഎസ് നിലവാരം ഉറപ്പാക്കേണ്ടതുണ്ടെങ്കിലും പൈപ്പ് വെള്ളമെത്തിക്കുന്ന ഏജൻസികൾ ഇതൊന്നും പാലിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.‌

കുടിക്കും മുൻപ് കൂടൂതലറിയാൻ

‌പിഎച്ച് ഘടകം,രാസവസ്തുക്കളുടെ അളവ്, കീടനാശിനിയുടെ പങ്ക്,മെറ്റൽ ഘടകങ്ങൾ, ബാക്ടീരിയ വൈറസ്, കോളിഫോം തുടങ്ങിയവയെല്ലാം പരിശോധിച്ചു.‌

ഡൽഹി നേരിട്ടത് സമ്പൂർണ പരാജയം

ഡൽഹിയിൽ നിന്നു ശേഖരിച്ചതു 11 സാംപിളുകൾ. ഇതു മുഴുവൻ പരാജയപ്പെട്ടു. 28 ഘടങ്ങളാണു പരിശോധിച്ചത് ഇതിൽ 19 എണ്ണത്തിലും നഗരം പിന്നിലായി. 48 ഘടകങ്ങൾ അടിസ്ഥാനമാക്കിയാണു പൈപ്പ് വെള്ളത്തിന്റെ നിലവാരം നിശ്ചയിക്കുന്നതെങ്കിലും നിലവിലെ പഠനത്തിൽ 28 എണ്ണം മാത്രമാണു പരിശോധിച്ചത്.‌

പരാജയപ്പെട്ട വിഷയങ്ങൾ

‌അലുമിനിയം, അമോണിയ, അനിയോണിക്, ഡിറ്റർജന്റ് കാൽസ്യം, ക്ലോറൈഡ്, കോളിഫോം, കളർ, ഇ–കോളി, അയൺ, മാംഗനീസ്, നൈട്രേറ്റ്, പിഎച്ച്, ടിഡിഎസ്, സൾഫൈഡ്, ആൽക്കലൈൻ ഘടകം, ദൃഢത, ട്യൂറബിലിറ്റി.‌‌ഫലം കണ്ടിട്ടും നാണമില്ലാതെ അധികാരികൾ ജനങ്ങളോട്  ചോദിക്കുന്നു..?അമോണിയ കലക്കിയ വെള്ളമുണ്ട് അൽപം എടുക്കട്ടേ...?

Water Pollution In Delhi Supply Water Too Dirty

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ