കാറ്റുമില്ല മഴയുമില്ല, തണുപ്പും കൂടി; ഡൽഹിയിൽ വീണ്ടും അന്തരീക്ഷ മലിനീകരണം രൂക്ഷം!

Pollution
SHARE

ചെറിയൊരു ഇടവേളയ്ക്കു ശേഷം ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വീണ്ടും ശക്തമാകുന്നു. കാറ്റിന്റെ ശക്തി കുറഞ്ഞതും തണുപ്പു പിടിമുറുക്കിയതുമെല്ലാമാണു കാരണം. പുകമഞ്ഞിനെ നേരിടാൻ 15 ദിവസത്തെ കർമ പരിപാടികൾ ഉന്നതതല സമിതിയുടെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്. 23 മുതൽ 15–20 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.26 ന് നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവിഭാഗം വ്യക്തമാക്കി. കാറ്റും മഴയും ശക്തമാകുന്നതോടെ മലിനീകരണത്തിനു ശമനമുണ്ടാകുമെന്നാണ് നിഗമനം.

ഡൽഹി, ഹരിയാന, യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയാണു പദ്ധതിക്കു രൂപം നൽകിയത്. ഡൽഹിയിലെയും അയൽ സംസ്ഥാനങ്ങളിലെയും വ്യവസായശാലകളിലെ മാലിന്യം, പൊടി, വാഹനങ്ങളിൽ നിന്നുള്ള പുക എന്നിവയെല്ലാമാണു മലിനീകരണം  വർധിക്കാൻ കാരണമെന്നു യോഗം വിലയിരുത്തി. ഗതാഗത കുരുക്കുള്ള സ്ഥലങ്ങൾ കണ്ടെത്തി കുരുക്കഴിക്കാൻ പരിഹാരം കാണാൻ തീരുമാനിച്ചു. 

വെള്ളം തളിക്കലും വരും ദിവസങ്ങളിൽ ശക്തമാക്കും. മലിനീകരണ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരുന്ന 15 ദിവസങ്ങളിൽ കർശന നടപടി സ്വീകരിക്കും. അനധികൃത നിർമാണം, ഇടിച്ചുനിരത്തൽ, മാലിന്യ സംസ്കരണം, വ്യവസായശാലകളിലെ മാലിന്യ സംസ്കരണം എന്നിവയെല്ലാം  കർശനമായി നിരീക്ഷിക്കുകയും  നടപടി സ്വീകരിക്കുകയും ചെയ്തു. എല്ലാ റോഡുകളെയും അടുത്ത ഓഗസ്റ്റിനുള്ളിൽ പൊടി വിമുക്തമാക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്.

English Summary: Air quality in Delhi remains very poor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ