പത രൂപം കൊള്ളുന്നത് കടലില്‍ അടിയുന്ന മാലിന്യങ്ങളില്‍ നിന്ന്; വിഷപ്പതയില്‍ കുരുങ്ങി മറീന ബീച്ച്!

 Toxic White Foam Washes Up on Marina Beach
Image Credit: Facebook
SHARE

കടലില്‍ സോപ്പ് പൊടി കലക്കിയതു പോലെയുള്ള അവസ്ഥയിലാണ് ഇപ്പോള്‍ ചെന്നൈയിലെ മറീന ബീച്ച്. കടിലിന്‍റെ തിരമാലകള്‍ക്കൊപ്പം  വലിയ അളവില്‍ വെളുത്ത പത കുമിഞ്ഞു കൂടുകയാണ് മറീന തീരത്ത്. കടലിലിന്‍റെ തിരമാലകളില്‍ നിന്നുണ്ടാകുന്ന പതിവ് നുരയില്‍ നിന്ന് വ്യത്യസ്തമാണ് ഈ പതകള്‍. കടലിലേക്ക് വ്യാപകമായെത്തിയ മലിന വസ്തുക്കളാണ് ഈ പതയ്ക്കു പിന്നിലെന്ന് നിരീക്ഷകര്‍ പറയുന്നു.

ഒരാഴ്ചിലേറെയായി വെളുത്തപത ബീച്ചിനെ മൂടിക്കിടക്കുന്നു. അനുദിനം കൂടുതല്‍ പത അടിഞ്ഞു കൂടുന്നതിനാല്‍ എങ്ങനെ ഈ മാലിന്യം നീക്കം ചെയ്യണമെന്ന് അധികൃതര്‍ക്കും ധാരണയില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവിലെ ഏതാനും തടാകങ്ങളിലുണ്ടായ പ്രതിസന്ധിക്ക് സമാനമാണ് ചെന്നൈയിലെ ഇപ്പോഴത്തെ സ്ഥിതിയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

രൂക്ഷ ഗന്ധത്തോടെയാണ് ഈ പത കാണപ്പെടുന്നത്. എന്നാല്‍ ആളുകളെ ഈ പതയുടെ ദോഷവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനോ നിയന്ത്രിക്കാനോ തയ്യാറാകാത്തത് മറ്റ് ചില പ്രശ്നങ്ങള്‍ക്കു കൂടി വഴിവയ്ക്കുന്നുണ്ട്. ബീച്ചിലേയ്ക്ക് സന്ദര്‍ശനത്തിനെത്തുന്ന ആളുകള്‍ ഇതിലിറങ്ങി കളിക്കുകയും സെല്‍ഫിയെടുക്കുകയുമൊക്കെ ചെയ്യുന്നുണ്ട്‌.

പത മൂലം പല തരത്തിലുള്ള  ത്വക്‌രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. ഇതേക്കുറിച്ച് ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായി ധാരണയുണ്ടായിട്ടില്ല.അതുകൊണ്ട് തന്നെ ബീച്ചില്‍ കൂട്ടമായെത്തുന്ന ആളുകള്‍ ബീച്ചിലെ പതയില്‍ കളിക്കാന്‍ മടി കാണിക്കുന്നില്ല. ആളുകളെ ഇതില്‍ നിന്ന് വിലക്കാനുള്ള സംവിധാനങ്ങളും ബീച്ചില്‍ ഇപ്പോഴില്ല. 

സാധാരണ ഗതിയില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ജലത്തില്‍ വർധിക്കുമ്പോഴാണ് കനത്ത പത പോലുള്ള പ്രതിഭാസം ജലാശയങ്ങളില്‍ ഉണ്ടാകുന്നത്. നദികളില്‍ നിന്നോ മറ്റേതെങ്കിലും രീതിയിലോ വലിയ തോതിൽ രാസപദാർധങ്ങള്‍ ചെന്നൈ ബീച്ചിലേക്ക് എത്തിയിട്ടുണ്ടെന്നാണു കരുതുന്നത്. ഇതാകും ബീച്ചിലേക്ക് പത അടിയാന്‍ കാരണമാകുന്നതെന്നും ഇവര്‍ വിലയിരുത്തുന്നു.  

പലപ്പോഴും മണ്‍സൂണ്‍ കാലത്ത്‌ ഇത്തരം പത മറീനയില്‍ രൂപപ്പെടാറുണ്ടെങ്കിലും ഇക്കുറി പതയുടെ അളവും വ്യാസവും വളരരെയേറെ വലുതാണ്. അതുകൊണ്ട് തന്നെ ഈ പത കൂടുതല്‍ ദോഷകരമാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്. നിരവധി കിലോമീറ്ററുകളോളം വ്യാപിച്ചിരിക്കുന്ന പതയുടെ സാമ്പിളുകള്‍ പരിശോധിച്ചു വരികയാണെന്നു തമിഴ്‌നാട്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ അറിയിച്ചു.

അതേ സമയം, കടലില്‍ അടിയുന്ന മാലിന്യങ്ങളില്‍നിന്നാണു പത രൂപം കൊള്ളുന്നതെന്നു ഗവേഷകര്‍ ഏതാണ്ട് ഉറപ്പിച്ചു പറയുന്നു. കനത്ത മഴയില്‍ സംസ്‌കരിക്കാത്ത മാലിന്യവും ഫോസ്‌ഫേറ്റും വലിയ തോതില്‍ കടലിലെത്തിയിട്ടുണ്ട്‌. കടല്‍ത്തീരത്തും കടലിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതു തടഞ്ഞില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന് പതയെക്കുറിച്ച് പഠനം നടത്തി വരുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്‌റ്റല്‍ റിസേര്‍ച്ചിലെ ശാസ്‌ത്രജ്‌ഞനായ പ്രവാകര്‍ മിശ്ര വ്യക്തമാക്കി.

English Summary: Toxic White Foam Washes Up on Indian Beach, And People Don't Know to Stay Away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ