ADVERTISEMENT

പ്രാണവായുവിന് പണവും  കരവും കൊടുക്കേണ്ടിവരുമെന്ന് തമാശ പറഞ്ഞിരുന്ന കാലമൊക്കെ എന്നേ പോയിക്കഴിഞ്ഞിരിക്കുന്നു. ലോകജനതയുടെ  92 ശതമാനം  ശുദ്ധവായു ശ്വസിക്കാന്‍ ഭാഗ്യമില്ലാത്തവരായി മാറിക്കഴിഞ്ഞു. ലോകമെമ്പാടുമായി 70 ലക്ഷം മനുഷ്യര്‍ പ്രതിവര്‍ഷം വായു മലിനീകരണത്താല്‍ അകാലചരമമടയുന്നുവെന്നാണ് കണക്ക്. ഇതില്‍ പകുതിയും ഏഷ്യ, പസിഫിക് മേഖലയില്‍ ഉള്ളവരാണ്.

നാം ശ്വസിക്കുന്ന  വായുവിലെ അദൃശ്യനായ അതിഥിയായ  സൂക്ഷ്മകണികകള്‍ (Particulate Matter-PM) എന്ന കൊലയാളിയെക്കുറിച്ചാണ് നാം ഇപ്പോള്‍ ഏറെ ആശങ്കപ്പെടുന്നത്. സൂക്ഷ്മകണികകള്‍, നൈട്രജന്‍ ഓക്‌സൈഡ്, ഓസോണ്‍ എന്നിവയെ ഇന്ത്യയില്‍ വായുവിനെ മലിനമാക്കുന്ന ഉയര്‍ന്നുവരുന്ന പുത്തന്‍ താരങ്ങളായി എണ്ണിത്തുടങ്ങിയിരിക്കുന്നു. ഡല്‍ഹിയിലെയും, ദേശീയ തലസ്ഥാന പ്രദേശത്തേയും അന്തരീക്ഷത്തില്‍ സൂക്ഷ്മ കണികാ പദാര്‍ത്ഥങ്ങളുടെ വര്‍ധനവാണ് മുഖ്യ ഭീഷണിയാകുന്നത്.

സൂക്ഷ്മകണികാ പദാര്‍ത്ഥങ്ങളെ അവയുടെ വ്യാപ്തമനുസരിച്ച് PM 10, PM 2.5, PM 1, PM 0.25 എന്നിങ്ങനെ തരംതിരിക്കുന്നു. ഇവയുടെ വ്യാപ്തം (diameter) മൈക്രോണ്‍ (Micron) അളവിലാണ് പറയുന്നത്. ഒരു മൈക്രോണെന്നാല്‍ ഒരു മീറ്ററിന്റെ ദശലക്ഷത്തിലൊന്നാണ്. നമ്മുടെ ഒരു മുടിനാരിന്റെ വ്യാപ്തം 50 മൈക്രോണാണ്. 40 മൈക്രോണില്‍ താഴെ വലുപ്പമുള്ള  വസ്തുക്കള്‍ നമ്മുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയില്ല. PM 10 എന്നുപറഞ്ഞാല്‍ കണികയുടെ വ്യാപ്തം 10 മൈക്രോണ്‍ എന്നതാണ് അര്‍ത്ഥം.

മോട്ടോര്‍ വാഹനങ്ങളുടെ പുക, ജൈവവസ്തുക്കള്‍ കത്തിക്കുമ്പോഴുണ്ടാക്കുന്ന പുക, കാറ്റിലും മണ്ണിലുമുള്ള പൊടി ഇവയൊക്കെയാണ് സൂക്ഷ്മ കണികകളുടെ പ്രധാന സ്രോതസ്സ്. സിഗരറ്റ്പുകയും, കൊതുകുതിരിയുമൊക്കെ ഇവയുടെ സൃഷ്ടാക്കള്‍ തന്നെ. സൂക്ഷ്മ കണികാപദാര്‍ത്ഥങ്ങളില്‍ PM 10, PM 2.5 എന്നിവയുടെ  സുരക്ഷിതമായ അളവിന് ലോകാരോഗ്യ സംഘടയുടെ മാനദണ്ഡങ്ങളുണ്ട്. പന്ത്രണ്ട് മറ്റ് മലിനീകരണകാരികള്‍ക്കൊപ്പം  PM 2.5 നെ നാം  മലിനീകരണ മാനദണ്ഡങ്ങളില്‍  ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ PM 1 എന്ന ഏറ്റവും കുഞ്ഞന്‍ കണികകള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ നിലവിലില്ലെന്നു മാത്രമല്ല. മധ്യഡല്‍ഹിയിലെ ഒരു സെന്ററില്‍ മാത്രമാണ് PM 1 ന്റെ  അളവറിയാന്‍ ഇന്ത്യയില്‍ സൗകര്യമുള്ളത്. 

മനുഷ്യന്റെ മുടിയേക്കാള്‍ 50-70  മടങ്ങില്‍ താഴെ മാത്രം വലിപ്പമുള്ള   PM 1 ആര്‍ക്കും പിടികൊടുക്കാതെ ശ്വാസകോശത്തിന്റെ സൂക്ഷ്മകോശങ്ങളിലെത്തി കനത്ത നാശമുണ്ടാക്കുന്നു. മൂക്കിലൂടെ മാത്രമല്ല ത്വക്കിലെ ചെറുദ്വാരങ്ങളിലൂടെ ശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഇവര്‍ക്ക് അതുവഴിയും ശ്വാസകോശം, ഹൃദയം, തലച്ചോര്‍ എന്നിവിടങ്ങളിലെത്തി നാശം വിതയ്ക്കാം. ബ്രോങ്കൈറ്റിസ്, ആസ്തമ, ഹൃദ്രോഗം, ക്രോണിക്ക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (CoPD), ചുമ, സൈനസൈറ്റിസ്, ഓട്ടൈറ്റിസ്, ഫാരിന്‍ജൈറ്റിസ് തുടങ്ങി അര്‍ബുദത്തിന് വരെ ഇവ  ദീര്‍ഘനാളത്തെ സാന്നിധ്യത്തിലൂടെ കാരണമാകാമെന്നു പറയപ്പെടുന്നു. വായുമലിനീകരണത്തിനെതിരായ പുത്തന്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ PM 1 എന്ന തീര്‍ത്തും കുഞ്ഞനായ അദൃശ്യ കൊലയാളിയെ അവഗണിക്കാനാവില്ലെന്ന് ചുരുക്കം. 

വായു മലിനീകരണം - ഒറ്റനോട്ടത്തില്‍ 

ഇന്ത്യയില്‍ 13 ശതമാനം മരണങ്ങള്‍ക്ക് കാരണം വായു മലിനീകരണമാണ്.

ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഈ ദുരിതത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

നമ്മുടെ വായുവിനെ  ശുദ്ധമാക്കാന്‍ കഴിഞ്ഞാല്‍ ഒരു  ഇന്ത്യക്കാരന്റെ  ആയുര്‍ ദൈര്‍ഘ്യം  1.7 വര്‍ഷമായി വർധിക്കും.

2017-ല്‍  ഇന്ത്യയിലെ  മരണങ്ങളുടെ 12.5 ശതമാനവും  മലിനവായു മൂലമാണ്.  ഇതില്‍  51.4 ശതമാനവും എഴുപതു വയസ്സില്‍ താഴെയുള്ളവരാണ്. 76.8 ശതമാനം ആളുകളും ശ്വസിക്കുന്നത് നിര്‍ദ്ദേശിച്ചിരിക്കുന്ന ഗുണമേന്മ മാനദണ്ഡത്തിന്  താഴെ മാത്രം ശുദ്ധമായ വായുവും.

വായു മലിനീകരണം  മൂലമുള്ള  മരണങ്ങൾ

29.3% - ശ്വാസകോശ അണുബാധ

29.2% - ക്രോണിക്  ഒബ്‌സ്ട്രക്ടീവ്പള്‍മണറി ഡിസീസ് (CPOD)

23.8% - ഹൃദയ സംബന്ധമായ  രോഗം

7.5% - മസ്തിഷ്‌കാഘാതം 

6.9% - പ്രമേഹം

1.8% - ശ്വാസകോശ അര്‍ബുദം

1.5% - കാറ്ററാക്റ്റ് (Cataract)

 2017-ല്‍  വായുമലിനീകരണം മൂലമുള്ള മരണങ്ങളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ്. 

പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള 46 നഗരങ്ങളിലെ  അന്തരീക്ഷ സൂക്ഷ്മകണികാ പദാര്‍ത്ഥങ്ങളുടെ (particulate matter) അളവനുസരിച്ച് ഗാസിയാബാദ്,  ലക്‌നൗ, വാരണാസി, ഡല്‍ഹി, ധന്‍ബാദ്, കാണ്‍പൂര്‍, ആഗ്ര, ജോധ്പൂര്‍ എന്നീ നഗരങ്ങള്‍ വായു മലിനീകരണത്തില്‍ മുന്‍പില്‍

ഇനി BS-VI മാനദണ്ഡം

2020 ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ വാഹനങ്ങളും Bharat Stage (BS)-IV മാനദണ്ഡങ്ങളില്‍ നിന്ന്  BS-VI മാനദണ്ഡത്തിലേക്ക് മാറ്റുകയാണ്. വായു മലിനീകരണം കുറയ്ക്കാനുള്ള  അടിയന്തിര നടപടിയെന്ന നിലയിലാണ് നാലില്‍ നിന്ന് ആറിലേക്കുള്ള ഈ എടുത്തുചാട്ടം.  BS-IV നേക്കാള്‍ 82-93 ശതമാനം കുറവായിരിക്കും സൂക്ഷ്മ കണികാ പദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ BS-VI ന്. അതുപോലെ നൈട്രജന്‍ ഓക്‌സൈഡിന്റെ   കാര്യത്തില്‍ 50-67% കുറവുണ്ടാകും. 

English Summary: Deadly particles the worldwide problem of air pollution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com