പ്ലാസ്റ്റിക്ക് പുഴയോ അതോ പയസ്വിനി പുഴയോ?പ്ലാസ്റ്റിക്ക് ചാക്കുകളിൽ കുരുങ്ങി പയസ്വിനിപ്പുഴ!
Mail This Article
പ്ലാസ്റ്റിക്ക് ചാക്കുകളിൽ കുരുങ്ങി പയസ്വിനിപ്പുഴ ശ്വാസം കിട്ടാതെ പിടയുന്നതു പരിസ്ഥിതി പ്രവർത്തകരും ജില്ലാ ഭരണകൂടവും കാണുന്നില്ലേ? നിരോധനം ഏർപ്പെടുത്തിയ പുതുവർഷത്തിൽ പ്ലാസ്റ്റിക് ദുരന്തത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാവുകയാണ് ഈ പുഴ.
2 കിലോമീറ്റർ നീളത്തിൽ ഓരോ100 മീറ്റർ ദൂരത്തിലും പ്ലാസ്റ്റിക് ചാക്കുകൾ കെട്ടിക്കിടന്ന് പുഴയിലെ ഒഴുക്കു നിലച്ചിരിക്കുകയാണ്. ജല അതോറിറ്റിയുടെ അനാസ്ഥയാണ് പയസ്വിനിപ്പുഴയെ ഈ നിലയിലെത്തിച്ചത്. താൽക്കാലിക തടയണയ്ക്കു വേണ്ടി വർഷങ്ങളായി പുഴയിലിട്ട പ്ലാസ്റ്റിക് ചാക്കുകൾ കൃത്യമായി നീക്കം ചെയ്യാത്തതാണ് പ്രശ്നം.
കാസർകോട് നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കുമുള്ള ജല ലഭ്യത ഉറപ്പു വരുത്താനും ബാവിക്കര സംഭരണിയിൽ ഉപ്പുവെള്ളം കയറാതിരിക്കാനുമാണ് ജല അതോറിറ്റി എല്ലാ വർഷവും ആലൂരിൽ താൽക്കാലിക തടയണ നിർമിക്കുന്നത്. വേനൽക്കാലത്തു നിർമിക്കുന്ന തടയണകൾ മഴക്കാലത്തെ നീരൊഴുക്കിൽ പൊട്ടുകയാണു പതിവ്. പിന്നെ അധികൃതർ അങ്ങോട്ടു തിരിഞ്ഞു നോക്കാറില്ല.
1980 മുതൽ എല്ലാ വർഷവും തടയണ നിർമിക്കാറുണ്ട്. 100 മീറ്റർ മുതൽ 110 മീറ്റർ വരെ നീളത്തിലുള്ള തടയണകൾക്കായി വർഷം തോറും പതിനായിരത്തോളം ചാക്കുകളാണു പുഴയിലിടുന്നത്. തൊട്ടു മുൻവർഷത്തെ ചാക്കുകൾ നീക്കാൻ തടയണയുടെ എസ്റ്റിമേറ്റിനൊപ്പം പണം പ്രത്യേകം വകയിരുത്താറുണ്ട്. എന്നാൽ മുകളിൽ കാണുന്ന കുറച്ചു ചാക്കുകൾ മാത്രമേ നീക്കം ചെയ്യാറുള്ളൂ. ഇതിനു ചില ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നുവെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
40 വർഷത്തെ കണക്കു നോക്കിയാൽ ലക്ഷക്കണക്കിനു ചാക്കുകൾ പുഴയുടെ അടിത്തട്ടിൽ കിടക്കുകയാണ്. വേലിയിറക്ക സമയത്ത് വെള്ളം ഇറങ്ങുമ്പോൾ കഴിഞ്ഞ 10 വർഷത്തെ തടയണകളുടെ ചാക്കുകൾ കൃത്യമായി കാണാം. വലിയ പരിസ്ഥിതി ദുരന്തമാണു പയസ്വിനിയെയും പരിസര പ്രദേശങ്ങളെയും കാത്തിരിക്കുന്നത്.
കരയിടിച്ചിൽ രൂക്ഷമാണ്. മീനുകൾക്കും ഭീഷണിയാണീ പ്ലാസ്റ്റിക് മാലിന്യങ്ങൾ. ചാക്കുകൾ പൊടിഞ്ഞ് അതിന്റെ പ്ലാസ്റ്റിക് കലരുന്നത് പതിനായിരക്കണക്കിനാളുകൾ കുടിക്കുന്ന വെള്ളത്തിലേക്കാണ്. കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് അതു കാരണമാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
English Summary: Plastic litter threatens river life