ചാളയിലും അയലയിലും നെത്തോലിയിലും പ്ലാസ്റ്റിക്കിന്റെ അംശം!

Ayala Fish
SHARE

മലയാളിയുടെ ‘മീൻ മേശ’യിലെ ഇഷ്ടവിഭവങ്ങളായ ചാളയിലും അയലയിലും നെത്തോലിയിലും (കൊഴുവ) പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി! പ്ലാസ്റ്റിക്കിനെതിരെ നാടെങ്ങും പോരാട്ടം നടക്കുമ്പോഴാണു കടലിലെ പ്ലാസ്റ്റിക് ഭീഷണി മീനിനുള്ളിലൂടെ മലയാളിയെ തേടിയെത്തുന്നത്.  കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് (സിഎംഎഫ്ആർഐ) കേരളതീരത്തു നടത്തിയ പഠനത്തിലാണു ഗൗരവമേറിയ കണ്ടെത്തൽ. 

കടലിലെ ഉപരിതല മത്സ്യങ്ങളെന്നറിയപ്പെടുന്നവയാണ് അയല, ചാള, നെത്തോലി തുടങ്ങിയവ. കടലിൽ ഒഴുകി നടക്കുന്ന പ്ലവകങ്ങളിൽ പ്ലാസ്റ്റിക്കിന്റെ അംശം ധാരാളമുണ്ട്. ഉപരിതല മത്സ്യങ്ങളുടെ പ്രധാന ആഹാരമായ പ്ലവകങ്ങൾ കഴിക്കുന്നതു വഴിയാണു പ്ലാസ്റ്റിക്കിന്റെ അംശം മത്സ്യങ്ങളുടെ ഉള്ളിലെത്തുന്നതെന്നു പഠനത്തിനു നേതൃത്വം നൽകിയ സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വി. കൃപ മനോരമയോടു പറഞ്ഞു. 

മത്സ്യബന്ധന വലകൾ, മാലിന്യങ്ങൾക്കൊപ്പം കടലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് സാധനങ്ങൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവയുടെ അതിസൂക്ഷ്മ അംശങ്ങളാണു മീനിന്റെ വയറ്റിലെത്തുന്നത്. രണ്ടുമൂന്നു വർഷമായി ലഭിക്കുന്ന മത്സ്യങ്ങളിൽ നടത്തിയ പഠനത്തിലായിരുന്നു കണ്ടെത്തൽ. മത്സ്യം വേവിച്ചു കഴിക്കുന്നതിനാൽ, കാര്യമായ ദോഷം ഇപ്പോൾ പറയാനാവില്ലെങ്കിലും കൂടുതൽ പഠനം വേണ്ടിവരും. രാസപദാർഥങ്ങൾ മീനിന്റെ കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ടെങ്കിൽ ഇവയുടെ ജനിതക ഘടനയെത്തന്നെ ബാധിച്ചേക്കാമെന്നും ഡോ. കൃപ ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ചു സിഎംഎഫ്ആർഐ പഠനം ആരംഭിച്ചിട്ടുണ്ട്.

English Summary: Fish that you eat may have plastic toxins

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ