ADVERTISEMENT

ഫ്ലാറ്റ് പൊളിക്കൽ മൂലം കൊച്ചി മരടിലെ സസ്യങ്ങൾ സമ്മർ‌ദത്തിലാണോ? ഫ്ലാറ്റ് പൊളിക്കൽ സസ്യങ്ങളിലുണ്ടാക്കിയ സമ്മർദത്തെക്കുറിച്ചു പഠനം നടത്തുകയാണു പത്തനംതിട്ട തുരുത്തിക്കാട് ബിഎഎം കോളജിലെ ബോട്ടണി വിദ്യാർഥികൾ. എംഎസ്‌സി ബോട്ടണി വിദ്യാർഥിയായ കൊല്ലം സ്വദേശി കെ. സിബി തന്റെ ഈ വർഷത്തെ പ്രോജക്ടായി പഠിക്കുന്നതു മരടിലെ സസ്യങ്ങൾ നേരിട്ട സമ്മർദത്തെക്കുറിച്ചാണ്. സിബിയും എംഎസ്‌സി ബോട്ടണി വിദ്യാർഥിയായ മലപ്പുറം സ്വദേശി അഞ്ജു നായരും മരടിലെത്തി സസ്യങ്ങളുടെ സാംപിളുകൾ ശേഖരിച്ചു. പൊളിച്ച ഫ്ലാറ്റുകളുടെ 100 മീറ്റർ ചുറ്റളവിലുള്ള സസ്യങ്ങളുടെ ഇലകളാണു പ്രധാനമായും ശേഖരിക്കുന്നത്. ഇവ പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കും.

ഓരോന്നും ലാബുകളിൽ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി സസ്യങ്ങളിലെ മലിനീകരണ തോത് കണ്ടെത്തുകയാണു ലക്ഷ്യം.ഏതെങ്കിലും തരത്തിലുള്ള ബാഹ്യ സമ്മർദമുണ്ടാകുമ്പോൾ സസ്യങ്ങൾ ചില രാസ പദാർഥങ്ങൾ കൂടുതലായി ഉൽപാദിപ്പിക്കും. പ്രതികൂല സാഹചര്യങ്ങളിൽ നിലനിൽക്കാൻ വേണ്ടി കൂടിയാണ് ഇത്. ആബ്സിസിക് ആസിഡ്, ഫീനോൾ, പ്രോലൈൻ തുടങ്ങിയ രാസവസ്തുക്കളുടെ ഉൽപാദനം മരടിലെ സസ്യങ്ങളിൽ കൂടിയിരിക്കാൻ സാധ്യതയുണ്ടെന്നു സിബി പറഞ്ഞു. സസ്യങ്ങൾക്ക് ഹരിത നിറം നൽകുന്ന വർണകമായ ക്ലോറോഫില്ലിന്റെ അളവ് മരടിലെ സസ്യങ്ങളിൽ കുറവാകാനും സാധ്യതയുണ്ട്. സസ്യങ്ങളിലെ പ്രകാശ സംശ്ലേഷണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണു ക്ലോറോഫില്ലിന്റെ സാന്നിധ്യം. ഒരു മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

പഠനങ്ങൾ ഇങ്ങനെ

മരടിലെ ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനങ്ങൾ നടക്കുന്നുണ്ട്. വായു, ജല മലിനീകരണത്തെക്കുറിച്ചും സ്ഫോടനം ഭൂമിയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ചുമെല്ലാം പഠനങ്ങൾ നടക്കുന്നു.‌

∙ വായു, ജല മലിനീകരണത്തെക്കുറിച്ച് എംജി സർവകലാശാലയിലെ എൻവയൺമെന്റൽ സയൻസസ് വിഭാഗം പഠനം നടത്തുന്നുണ്ട്. ഫ്ലാറ്റിൽ നിയന്ത്രിത സ്ഫോടനത്തിനു മുൻപും ശേഷവുമുള്ള വായുവിന്റെയും ജലത്തിന്റെയും സാംപിളുകൾ ശേഖരിച്ചാണു പഠനം.

∙ ജല മലിനീകരണത്തെക്കുറിച്ചും അതുമൂലം മത്സ്യങ്ങൾക്കുണ്ടാകാൻ ഇടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും തേവര എസ്എച്ച് കോളജിലെ എൻവയൺമെന്റൽ സയൻസസ് വിഭാഗം പഠിക്കുന്നുണ്ട്.

∙ നിയന്ത്രിത സ്ഫോടനം മൂലം ഭൂമിയിലുണ്ടായ പ്രകമ്പനത്തെ കുറിച്ച് മദ്രാസ് ഐഐടിയിലെ സിവിൽ‌ എൻജിനീയറിങ് വിഭാഗമാണു പഠിക്കുന്നത്. സ്ഫോടന സമയത്ത് 200 മീറ്റർ ചുറ്റളവിൽ ആക്‌സിലറോമീറ്ററുകൾ സ്ഥാപിച്ച് ഐഐടി സംഘം പ്രകമ്പന തോത് അളന്നിരുന്നു.

English Summary: Environment impact study on demolition of Maradu flats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com