കൊച്ചി നഗരത്തിൽ മൈനകൾ പെരുകുന്നു; വരാനിരിക്കുന്ന കൊടും ചൂടിന്റെ സൂചനയോ?

HIGHLIGHTS
  • കൊച്ചിയിൽ നിറയെ പലതരം മൈനകൾ.
  • ചൂടു കൂടുന്നതിന്റെയും മാലിന്യമേറുന്നതിന്റെയും ലക്ഷണം
Myna Birds in kochi
SHARE

മെട്രോ നഗരത്തിൽ മൈനയ്ക്കെന്തു കാര്യം എന്നല്ലേ? കാര്യമുണ്ട്. സുരേഷിനെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്ന വെറും ക്ലാ,  ക്ലാ ക്ലീ, ക്ലീ,  മാത്രമല്ല മൈന. നഗരത്തിൽ മൈനകളുടെ എണ്ണം മാത്രമല്ല, ഇനങ്ങളും വർധിക്കുകയാണെന്നു പഠനം വ്യക്തമാക്കുന്നു. അതു ഗംഭീരമല്ലേ എന്നു വിലയിരുത്താൻ വരട്ടെ. മൈനകളുടെ എണ്ണം വർധിക്കുന്നതു നഗരത്തിന്റെ ചൂടു കൂടുന്നതിന്റെയും ജൈവമാലിന്യം വർധിക്കുന്നതിന്റെയും ലക്ഷണമാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. 

കൊച്ചി നഗരത്തിലെ പക്ഷികളെയും ചിത്രശലഭങ്ങളെയും പറ്റി പഠിക്കുന്ന തേവര സേക്രഡ് ഹാർട്ട് കോളജ് സുവോളജി വിഭാഗം ഗവേഷകനായ എബിൻ ജോസ്‌ലിഫ്, ഗവേഷണ മാർഗദർശി ഡോ. സാംസൺ ഡേവിസ് പടയാട്ടി എന്നിവരുടേതാണു മുന്നറിയിപ്പ്. ഒപ്പം ചില ഗുണങ്ങൾ കൂടിയുണ്ട്. പുൽച്ചാടികളെ നിയന്ത്രിക്കുന്നതിനും ജൈവമാലിന്യം കുറയ്ക്കുന്നതിനും മൈനകൾ നഗരത്തെ സഹായിക്കുന്നു.

കൊച്ചിയിലെ മൈനകൾ

എബിൻ ജോസ്‌ലിഫ്, ഡോ. സാംസൺ ഡേവിസ് പടയാട്ടി എന്നിവർ സമീപകാലത്ത് ആറുതരം മൈനകളെ കൊച്ചി നഗര പരിസരങ്ങളിൽ കണ്ടെത്തുകയുണ്ടായി. നാട്ടുമൈന (മാടത്ത) (Common Myna - Acridotheres tristis) , കിന്നരിമൈന (Jungle Myna - Acridotheres fuscus) കരിന്തലച്ചിക്കാളി (Brahminy Starling - Sturnia pagodarum), ചാരത്തലക്കാളി (Chestnut-tailed Starling - Sturnia malabarica malabarica), ഗരുഡൻ ചാരക്കാളി (Malabar Starling / Blyth's Starling - Sturnia malabarica blythii), റോസ് മൈന (Rosy Starling / Rosy Pastor - Pastor roseus) എന്നിവയാണവ.

നാട്ടുമൈന (മാടത്ത)

Myna

നാട്ടിലും നഗരത്തിലും ഒരുപോലെ കാണപ്പെടുന്ന നാട്ടുമൈനകൾ വ്യത്യസ്തങ്ങളായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു കൊച്ചി നഗരത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു. ഇണകളായോ വലിയ കൂട്ടങ്ങളായോ ഇവയെ കാണാം. കൊക്കിൽനിന്നു തുടങ്ങി കവിളിലൂടെ പോകുന്ന മഞ്ഞ നഗ്നചർമമാണു മാടത്തയുടെ പ്രത്യേകത. കർഷകരുടെ സഹായികളായി  അറിയപ്പെടുന്ന ഇവ വിളകൾക്കു നാശമുണ്ടാക്കുന്ന പുഴുക്കളെയും പുൽപ്പോന്തുകളെയും (പുൽച്ചാടികൾ) ആഹാരമാക്കി, നഗരത്തിലെ കീടങ്ങളെ നിയന്ത്രിക്കുന്നു. നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങളിൽ  പതിവു സന്ദർശകരായ മാടത്തകൾ ഭക്ഷ്യമാലിന്യ നിർമാർജനത്തിലും പ്രധാന പങ്കുവഹിക്കുന്നു.

കിന്നരിമൈന

Myna
കിന്നരിമൈന

മലകളിലും കാടുകളിലും കാണുന്ന കിന്നരിമൈനകൾ നഗരത്തിൽ ഇന്നു സ്ഥിരതാമസക്കാരാണ്. നാട്ടുമൈനയ്ക്കൊപ്പമോ തനിച്ചോ ഇവയെ കാണാം. കൊക്കിനു മീതെ നെറ്റിയിൽ പൊന്തിനിൽക്കുന്ന ചെറിയ ശിഖയാണ് ഇവയുടെ സവിശേഷത. മേയുന്ന കന്നുകാലികളുടെ പുറകേനടന്നു ചെറുപ്രാണികളെ ആഹാരമാക്കുന്ന ഇവ മാടുമേയ്ക്കുന്നവൻ എന്നത്ഥമുള്ള 'മാടുകാഹറ്' എന്നും അറിയപ്പെടുന്നു. കൊച്ചി നഗരത്തിൽ ഭക്ഷ്യമാലിന്യങ്ങൾക്കരികിലാണു കിന്നരിമൈനയെ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.

കരിന്തലച്ചിക്കാളി

Myna
കരിന്തലച്ചിക്കാളി

വരണ്ട സമതലപ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലുമുള്ള കുറ്റിക്കാടുകളിലും വലിയ മരങ്ങളിലും കാണുന്ന കരിന്തലച്ചിക്കാളി കൊച്ചി നഗരത്തിൽ അപൂർവമായി കണ്ടെത്തിയ മൈനയാണ്. കേരളത്തിലെ വലിയ പട്ടണങ്ങളിൽ വസിക്കാൻ ഇഷ്ടപ്പെടാത്തവയെന്നു പ്രശസ്ത പക്ഷിനിരീക്ഷകനായ ഇന്ദുചൂഡൻ വിശേഷിപ്പിച്ച കരിന്തലച്ചിക്കാളി പക്ഷേ, ഇപ്പോൾ കൊച്ചിയെ ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. കാവിപൂശിയതുപോലെയുള്ള ദേഹവും കറുത്ത തൊപ്പിയുമാണ് ഇവയുടെ പ്രത്യേകത. നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങളിൽ നാട്ടുമൈനകളോടൊപ്പമാണു കരിന്തലച്ചിക്കാളിയെ കണ്ടെത്തിയത്.

ചാരത്തലക്കാളി

Myna
ചാരത്തലക്കാളി

തേനുള്ള പൂവുകളോ പഴങ്ങളോ ധാരാളമുള്ള മരങ്ങളിലും പൊന്തകളിലും ധാരാളമായി കാണുന്ന ചാരത്തലക്കാളി ദേശാടകരാണ്. നരച്ച തവിട്ടുനിറത്തിലുള്ള ഉപരിഭാഗവും ചെമ്പിച്ച തവിട്ടുനിറത്തിലുള്ള അടിഭാഗവുമുള്ള ഇവയുടെ കൊക്ക് ത്രിവർണമാണ്. ശൈത്യകാലം ആരംഭിക്കുമ്പോൾ നഗരത്തിലെ പൂത്തുകായ്ച്ച വലിയ മരങ്ങളിൽ ഇവയെ കൂട്ടമായി കാണാനാകും. നഗരത്തിലുള്ള കാരിലവ് / കരശ് (Wodier - Lannea coromandelica), മഴമരം (Rain Tree - Albizia saman), മാഞ്ചിയം (Manjium - Racosperma mangium) തുടങ്ങിയ മരങ്ങളിലാണ് ഇവയെ നിരീക്ഷിച്ചിട്ടുള്ളത്. ഈ മരങ്ങളുടെ പരാഗവിതരണത്തിന് ഇവ വഹിക്കുന്ന പങ്കു വളരെ വലുതാണ്.

ഗരുഡൻ ചാരക്കാളി

Myna
ഗരുഡൻ ചാരക്കാളി

ചാരത്തലക്കാളിയുടെ സ്പീഷീസിന്റെ മറ്റൊരു ഉപജാതിയാണു ഗരുഡൻ ചാരക്കാളി. നെറ്റി, താടി, കഴുത്ത് എന്നിവ വെളുത്തതാണെന്നൊഴിച്ചാൽ ചാരത്തലക്കാളിയിൽനിന്നു പറയത്തക്ക വ്യത്യാസമില്ല. കേരളത്തിൽ സ്ഥിരവാസിയായ ഇവ മലയോരഗ്രാമങ്ങളിലാണു സാധാരണയായി കാണുന്നത്. മിക്കസമയവും വലിയ കൂട്ടമായാണു സഞ്ചാരം. കൊച്ചി നഗരത്തിൽ മഴമരം (Rain Tree - Albizia saman), മാഞ്ചിയം (Manjium - Racosperma mangium), പഞ്ചാരപ്പഴം (Jam Tree - Muntingia calabura) തുടങ്ങിയ മരങ്ങളിലും മാലിന്യക്കൂനകളിലുമാണ് ഇവയെ കണ്ടെത്തിയത്.

Myna
റോസ് മൈന

ദേശാടകനായ റോസ് മൈന, ഇന്ദുചൂഡന്റെ  പുസ്തകത്തിൽ കേരളത്തിൽ കാണുന്ന പക്ഷിയായി വിവരിച്ചിട്ടില്ല. അതിനാൽ അവ ഒരുകാലത്ത് കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നുവേണം കരുതാൻ. എന്നാൽ ഇപ്പോൾ അവ കൊച്ചിയിൽ പതിവു സന്ദർശകരായിരിക്കുന്നു. നഗരമധ്യത്തിൽ ഇപ്പോൾ ഇവയുടെ വലിയ കൂട്ടങ്ങളെ കാണുന്നതായി എബിനും ഡോ. സാംസണും പറഞ്ഞു. റോസ് മൈനയെ 2013ൽ തന്നെ േതവരയിൽ ഇവർ നിരീക്ഷിച്ചിരുന്നു. ശൈത്യകാലത്തു വിരുന്നെത്തുന്ന ഇവയെ ചിലപ്പോഴൊക്കെ ചാരത്തലക്കാളിയുടെ കൂടെയും കാണാം.

കാണാൻ ഏറെ അഴകുള്ള ഇവയുടെ ഉടൽ റോസ്-പിങ്ക് നിറവും  തല, കഴുത്ത്, മാറിടം, വാൽ എന്നിവ കറുത്തതുമാണ്. കൊച്ചി നഗരമധ്യത്തിലുള്ള പഴങ്ങൾ നിറഞ്ഞ വെള്ളാൽ (Weeping Fig - Ficus benjamina), കാരിലവ് / കരശ് (Wodier - Lannea coromandelica), മഴമരം (Rain Tree - Albizia saman), പഞ്ചാരപ്പഴം (Jam Tree - Muntingia calabura) എന്നീ മരങ്ങളാണ് ഇവയുടെ വിഹാരകേന്ദ്രം. റോസ് മൈനകൾ ചേക്കേറിയ ഇലപൊഴിഞ്ഞ കാരിലവിന്റെ ശിഖരങ്ങൾ റോസ് പൂക്കൾ നിറഞ്ഞ പൂങ്കൊമ്പുകളെപ്പോലെ കാണപ്പെടുന്നു. കീടനാശിനികൾ ഉപയോഗത്തിൽ വരുന്നതിനുമുൻപ് മധ്യേഷ്യയിലും ഏഷ്യ, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും വെട്ടുകിളികളുടെ (പുൽച്ചാടികൾ) ആക്രമണമുണ്ടാകുമ്പോൾ അവയെ നിയന്ത്രിക്കുന്നതിൽ റോസ് മൈനകൾ വലിയ പങ്കുവഹിച്ചിരുന്നു. വൃക്ഷങ്ങളുടെ പരാഗവിതരണത്തിലും കീടങ്ങളെ കുറയ്ക്കുന്നതിലും ഈ മൈനകൾ കൊച്ചി നഗരത്തിനു  മുതൽക്കൂട്ടാണ്.

വരാനിരിക്കുന്ന ചൂടിന്റെ സൂചന

ഡോ. സാംസൺ ഡേവിസ് പടയാട്ടി, എബിൻ ജോസ്‌ലിഫ്,</b> പൊതുവെ ചൂടുകൂടിയ പ്രദേശങ്ങളിൽ കാണുന്ന റോസ് മൈനയോടൊപ്പം കൊച്ചി നഗരത്തിൽ വർണക്കൊക്ക് (Painted Stork - Mycteria leucocephala)‌, ഉപ്പൂപ്പൻ (Common Hoopoe - Upupa epops) എന്നീ ദേശാടനപ്പക്ഷികളെയും ഗവേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്. വരണ്ട പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന പീതനീലി (Yellow Pansy - Junonia hierta),  നീലനീലി (Blue Pansy - Junonia orithya) എന്നീ ചിത്രശലഭങ്ങളുടെ എണ്ണം  ഈ വർഷം വർധിച്ചിട്ടുണ്ട്. കൊടുംചൂടുകാലം വരാനിരിക്കുന്നു എന്നതിന്റെ സൂചനയാണോ ഇതെല്ലാം എന്ന് സംശയിക്കണം.

നാട്ടുമാവിലെ മൈന

നമുക്ക് ഏറ്റവും പരിചിതമായതും ഏറ്റവുമധികം കാണുന്നതും നാട്ടുമൈന തന്നെ. മൈന ഉൾപ്പെടുന്ന  സ്ടർണിഡെ അഥവാ സ്റ്റാർലിങ് കുടുംബത്തിൽ (Sturnidae – Starling family) ഏകദേശം നൂറ്റിഇരുപതോളം അംഗങ്ങളുണ്ട്. ഏഷ്യൻ പ്രദേശങ്ങളിൽ വിശേഷിച്ച്‌ ഇന്ത്യൻ ഉപദ്വീപിൽപ്പെടുന്ന രാജ്യങ്ങളിൽ ഇവ ധാരാളമായുണ്ട്. ആഫ്രിക്കൻ പ്രദേശങ്ങളിലും യൂറോപ്പിലും ഈ വിഭാഗത്തിൽപ്പെടുന്ന പക്ഷികളുണ്ട്. വടക്കെ അമേരിക്കയുടെയും ആസ്ട്രേലിയയുടെയും ചില ഭാഗങ്ങളിലും മൈനകൾ കാണപ്പെടുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് അവിടെ എത്തിയതാണവ.

കടന്നുകയറ്റക്കാരായ വിദേശ ഇനങ്ങൾ (Invasive alien species)

മറ്റൊരു നാട്ടിലേക്കു മനുഷ്യൻ വഴിയായോ അവിചാരിതമായോ എത്തി, ചുവടുറപ്പിച്ചു വ്യാപിക്കുന്ന സസ്യങ്ങളെയും ജന്തുക്കളെയുമാണ്‌ കടന്നുകയറ്റക്കാരായ വിദേശ ഇനങ്ങൾ (Invasive alien species) എന്നു വിശേഷിപ്പിക്കുന്നത്. പലപ്പോഴും അവ തദ്ദേശീയരായ സസ്യജന്തു ജാലങ്ങളുടെ നിലനിൽപ്പിനു ഭീഷിണിയാകാറുണ്ട്. മനുഷ്യനും അവ പലതരത്തിൽ ശല്യക്കാരാകാറുണ്ട്. 

നമ്മുടെ നാട്ടിലെ ജലാശയങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ആഫ്രിക്കൻ പായൽ (Salvinia), കുളവാഴ (Eichhornia– water hyacinth) എന്നിവ ഇത്തരത്തിൽ പെട്ട സസ്യങ്ങളാണ്. ഭീമൻ ആഫ്രിക്കൻ ഒച്ച് (Giant African Snail) ഏറ്റവും ഉപദ്രവകാരിയായ കടന്നുകയറ്റക്കാരനാണ്.  ലോകത്ത്, കടന്നുകയറ്റക്കാരിൽ ഏറ്റവും ശല്യക്കാരായ 100 ഇനങ്ങളിൽ വെറും 3 ഇനം പക്ഷികളാണുള്ളത്. അവയിൽ ഒന്നാണു നമ്മുടെ നാട്ടുമൈന. നമ്മുടെ നാട്ടിൽ നിരുപദ്രവകാരിയും കീടനിയന്ത്രണത്തിനും ജൈവമാലിന്യ നിർമാർജനത്തിനും സഹായിയാണെങ്കിലും ഹവായ് ദ്വീപുകളിലും ഓസ്ട്രേലിയയയുടെ ചില ഭാഗങ്ങളിലും അവ വലിയ ശല്യക്കാരാണ്. 

ശല്യക്കാരായി തീർന്ന മൈനകൾ

മൈനകൾ ഇന്നു വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലുമുണ്ട്. പലതും ഈ രാജ്യങ്ങളിലേക്കു കുടിയേറിയവയോ കീടനിയത്രണത്തിനായി ഇറക്കുമതി ചെയ്തവയോ ആണ്. വടക്കേ അമേരിക്കൻ വൻകരയോടു ചേർന്നുകിടക്കുന്ന ഹവായ് ദ്വീപുകളിൽ നാട്ടുമൈനയെ കീടനിയന്ത്രണത്തിനായി 1865ൽ ഇറക്കുമതി ചെയ്തു. 15 കൊല്ലം കഴിഞ്ഞപ്പോഴേക്കും അവ ഹവായ് ദ്വീപുസമൂഹങ്ങളിലെ മനുഷ്യവാസമുള്ള എല്ലാ ദ്വീപുകളിലേക്കും ചേക്കേറുകയും ഏറ്റവും സാധാരണ പക്ഷികളിലൊന്നാവുകയും ചെയ്തു. വടക്കേ അമേരിക്കൻ വൻകരയിലെ ഫ്ലോറിഡ സംസ്ഥാനത്തു 1980കളിൽ അവ കാണപ്പെടാൻ തുടങ്ങി.

ഇന്നു നമ്മുടെ നാട്ടുമൈന അവരുടെയും നാട്ടുമൈനയാണിപ്പോൾ. പക്ഷേ, ശല്യക്കാരനായ അതിഥിയാണെന്നു മാത്രം. 1883ൽ ആണു കരിമ്പിൻ തോട്ടങ്ങളിലെ കീടനിയന്ത്രണത്തിനായി നാട്ടുമൈനയെ ഓസ്‌ട്രേലിയ വൻകരയിലെ ക്വീൻസ്‌ലാൻഡിൽ ഇറക്കിയത്. അവിടെ വ്യാപിച്ച നാട്ടുമൈന, പഴത്തോട്ടങ്ങളിൽ വ്യാപകമായി പഴങ്ങൾ തിന്നു നശിപ്പിക്കുന്നു. നമ്മുടെ നാട്ടിലെ ഇനത്തിൽ നിന്നു വ്യത്യസ്തമായി കൂടൊരുക്കാൻ ഇഷ്ടപ്പെടുന്നതു മനുഷ്യവാസ സ്ഥലങ്ങളിലാണ്. അങ്ങനെ മനുഷ്യർക്കു നേരിട്ടും ശല്യമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ