ADVERTISEMENT

2011ല്‍ സുനാമിയെ തുടര്‍ന്ന് ജപ്പാനിലെ ഫുക്കുഷിമയിലുണ്ടായ ആണവ ദുരന്തം ഇന്നും ലോകം ഭീതിയോടെയാണ് ഓര്‍ക്കുന്നത്. ചോര്‍ന്ന ആണവ ഇന്ധനത്തിന്‍റെ അളവോ, എത്ര ദൂരത്തേക്ക് റേഡിയോ ആക്ടീവ് കണങ്ങളെത്തിയെന്നോ തിട്ടപ്പെടുത്താന്‍ സാധിച്ചത് ദുരന്തം കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷമാണ്. ഇന്ന് ഫുക്കുഷിമ ആണവ ദുരന്തമുണ്ടായ മേഖല ഒരു സൂര്യകാന്തി പാടമാണ്. ആണവമാലിന്യം നീക്കാന്‍ ഉപയോഗിച്ച ആധുനിക സങ്കേതികത വിദ്യകള്‍ക്കൊപ്പം പ്രാധാന്യമുള്ളതാണ് ഈ സൂര്യകാന്തിപ്പാടത്തിന്‍റെ സാന്നിധ്യവും.

ഫുക്കുഷിമയില്‍ മാത്രമല്ല, മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചെര്‍ണോബില്‍ ദുരന്തമുണ്ടായ മേഖലയിലും സമാനമായ സൂര്യകാന്തിപ്പാടം കാണാം. റോക്കറ്റ് വിടും മുന്‍പ് തേങ്ങ ഉടയ്ക്കും പോലെ വിശ്വാസത്തിന്‍റെ പേരില്‍ നട്ടു വളര്‍ത്തിയതല്ല ഈ സൂര്യകാന്തി പൂക്കള്‍. സൂര്യകാന്തിപ്പൂക്കള്‍ മാത്രമല്ല ഇതോടൊപ്പം ഒരു കടുക് പാടവും, അമരാന്തസ്, കോക്സ്കോമ്പ് തുടങ്ങിയ ചീരവര്‍ഗത്തില്‍ പെട്ട ചെടികളുടെ തോട്ടവും ഫുക്കുഷിമയില്‍ കാണാം.

ഫുക്കുഷിമയില്‍ തന്നെയുള്ള ബുദ്ധക്ഷേത്രത്തിലെ അംഗങ്ങളാണ് ആദ്യ ഘട്ടത്തില്‍ രണ്ട് ലക്ഷത്തോളെ സൂര്യകാന്തിച്ചെടികള്‍ ഈ മേഖലയില്‍ നട്ടു പിടിപ്പിച്ചത്. പിന്നീട് ഇതേ ക്ഷേത്രത്തില്‍ നിന്ന് തന്നെയുള്ള വിത്തുകള്‍ ഉപയോഗിച്ച് ഏതാണ്ട് 80 ലക്ഷത്തോളം സൂര്യകാന്തിച്ചെടികള്‍ ഇപ്പോള്‍ ഫുക്കുഷിക ആണവ സ്ഫോടനമുണ്ടായ മേഖലയില്‍ വളര്‍ന്നു നില്‍ക്കുന്നുണ്ട്. സൂര്യകാന്തികള്‍ക്ക് ആണവമാലിന്യം വലിച്ചെടുത്ത് നിര്‍മാര്‍ദജനം ചെയ്യാന്‍ കഴിയുമെന്ന ശാസ്ത്രീയമായ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇവ നട്ടു പിടിപ്പിച്ചിരിക്കുന്നത്. സൂര്യകാന്തിക്കൊപ്പം നട്ട് വളര്‍ത്തിയിട്ടുള്ള മറ്റ് മൂന്ന് ചെടികള്‍ക്കും സമാനമായ കഴിവുണ്ടെന്നും പഠനത്തിലൂടെ കണ്ടെത്തിയിരുന്നു.

ആണവസ്ഫോടനമുണ്ടായ മേഖലയിലെ മണ്ണില്‍ നിന്നാണ് ആണവഘടകങ്ങള്‍ സൂര്യകാന്തികള്‍ വലിച്ചെടുക്കുക. ഇത് ചെർണോബില്‍ ദുരന്തത്തിന് ശേഷം വിജയകരമായി പരീക്ഷിക്കപ്പെട്ട സംഗതിയാണ്. അതുകൊണ്ട് തന്നെയാണ് ചെർണോബിലില്‍ വായുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മണ്ണിലെ റേഡിയോ ആക്ടീവ് കണങ്ങളുടെ അളവ് തുലോം തുച്ഛമായി കാണപ്പെടുന്നതെന്നും ഗവേഷകനായ മൈക്കിള്‍ ബ്ലേലോക്ക് പറയുന്നു. ഫുക്കുഷിമയില്‍ സൂര്യകാന്തിപ്പാടങ്ങള്‍ നിർമിക്കുക എന്ന ആശയത്തിന് നേതൃത്വം കൊടുത്തവരില്‍ ഒരാളും മൈക്കിള്‍ ബ്ലേലോക്ക് ആണ്.

എന്തുകൊണ്ട് സൂര്യകാന്തികള്‍?

വളരെ വേഗം എവിടെയും വളരുന്ന പ്രകൃതമുള്ള ചെടികളാണ് സൂര്യകാന്തികള്‍. കൂടാതെ ഇവ കോശങ്ങളിലും ഇലകളിലുമായി വളരെയധികം ബയോമാസ് സൂക്ഷിയ്ക്കാന്‍ ശേഷിയുള്ളവയാണ്. ഇതിനാല്‍ തന്നെ അധികം സമയമെടുക്കാതെ, വേരുകള്‍ അധികം ആഴത്തിലേക്ക് പോകാതെ തന്നെ ഇവയ്ക്ക് റേഡിയോ ആക്ടീവ് ഘടകങ്ങള്‍ മണ്ണില്‍ നിന്ന് വലിച്ചെടുത്ത് സെല്ലുകളില്‍ സൂക്ഷിക്കാനാകും. ഇതിലൂടെ വലിയൊരു മേഖലയില്‍ സൂര്യകാന്തി പൂക്കള്‍ നടുന്നതിന്‍റെ ഫലമായി ആ മേഖലയിലെ റേഡിയോ ആക്ടീവ് ഘടകങ്ങളും എളുപ്പത്തില്‍ മണ്ണില്‍ നിന്ന് വിഘടിപ്പിക്കാൻ സാധിക്കും.

ഫൈട്ടോറെമെഡിയേഷന്‍ എന്നാണ് ചെടികളെ ഉപയോഗിച്ച് റേഡിയോ ആക്ടീവ് ഘടകങ്ങളെ നേരിടുന്ന രീതിയെ ഗവേഷകര്‍ വിളിക്കുന്നത്. ചെര്‍ണോബിലില്‍ പരീക്ഷിച്ച ഈ രീതി അവിടെ വന്‍ വിജയമാണെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തു. റേഡിയോ ആക്ടീവ് ഘടകങ്ങളായ സീസിയം, സ്ട്രോന്‍റിയം എന്നിവയായിരുന്നു  ചെര്‍ണോബില്‍ മേഖലയില്‍ വ്യപകമായി മണ്ണില്‍ കാണപ്പെട്ടത്. ഈ രണ്ട് ഘടകങ്ങള്‍ സൂര്യകാന്തികള്‍ മണ്ണില്‍ നിന്ന് വലിച്ചെടുക്കുന്ന പൊട്ടാസ്യത്തെയും, കാല്‍സ്യത്തെയും അനുകരിക്കാനുള്ള ശേഷിയുണ്ട്. അതേസമയം തന്നെ പൊട്ടാസ്യവും, കാല്‍സ്യവും നല്‍കുന്ന ഗുണങ്ങള്‍ ഈ രണ്ട് റേഡീയോ ആക്ടീവ് മൂലകങ്ങള്‍ നല്‍കുകയും ചെയ്യും. അതിനാല്‍ തന്നെ ഈ മൂലകങ്ങള്‍ വലിയ തോതില്‍ മണ്ണില്‍ നിന്ന് സൂര്യകാന്തികളും, സമാനമായ മറ്റ് ചെടികളും വലിച്ചെടുക്കും.

ഫുക്കുഷിമയിലെ പഠനങ്ങള്‍

ചെര്‍ണോബിലില്‍ വലിയ വിജയമായിരുന്ന ഈ പരീക്ഷണം പക്ഷേ ഇതുവരെ ഫുക്കുഷിമയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. പൊതുവെ കുറവ് പഠനങ്ങള്‍ നടന്നതെന്നതാകാം ഇതിനുള്ള കാരണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റ് ചിലരാകട്ടെ ഇരു സ്ഥലങ്ങളിലെയും മണ്ണിന്‍റെ ഘടനയിലുള്ള വ്യത്യാസമാകാം സൂര്യകാന്തി പരീക്ഷണം ഇതുവരെ ഫുക്കുഷിമയില്‍ വിജയിച്ചതിന്‍റെ തെളിവുകള്‍ ലഭിക്കാത്തതിനു പിന്നിലെ കാരണമെന്നും വിശദീകരിക്കുന്നു. മൈക്ക എന്ന മൂലകം വലിയ തോതില്‍ അടങ്ങിയിരികികുന്ന മണ്ണാണ് ഫുക്കുഷിമയിലേത്. മൈക്കയുമായി ഇടകലര്‍ന്ന സീസിയം ഇതിൽ നിന്ന് വേര്‍തിരിച്ചെടുക്കുക പ്രയാസമാണ്. ഈ പ്രയാസം സ്വാഭാവികമായും സൂര്യകാന്തികള്‍ക്ക് സീസിയം ആഗിരണം ചെയ്യുന്ന സമയത്തുണ്ടാകുമെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്.

ശാസ്ത്രീയമായി സൂര്യകാന്തിപ്പൂക്കളുടെ സാന്നിധ്യം റേഡിയോ ആക്ടിവിറ്റി കുറയ്ക്കുന്നില്ലെന്ന് തെളിഞ്ഞെങ്കിലും ഫുക്കുഷിമയുടെ വീണ്ടെടുപ്പിനെ സൂര്യകാന്തിപ്പാടങ്ങള്‍ വലിയ അളവില്‍ സഹായിക്കുന്നുണ്ട്. നിരവധി പേരാണ് ഈ പാടങ്ങള്‍ കാണാനും, പൂക്കള്‍ പറിക്കാനുമായി ഈ മേഖലയിലേക്കെത്തുന്നത്. ഫുക്കുഷിമയെ ഏവരും ഭയക്കുന്ന ഒരു പ്രേതഭൂമിയായി മാറ്റാതിരിക്കുന്നതില്‍ ഈ സൂര്യകാന്തി പൂക്കള്‍ ഇപ്പോള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് പ്രദേശവാസികളും പറയുന്നു.

English Summary: Why Scientists Plant Sunflowers After Nuclear Disasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com