ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ആശ്ചര്യമുളവാക്കിക്കൊണ്ട് അർജന്റീനയിൽ ഒരു തടാകത്തിലെ ജലം കടും പിങ്ക് നിറത്തിലായി. അർജന്റീനിയൻ പരിസ്ഥിതി മേഖലയായ പാറ്റഗോണിയയിലുള്ള കോർഫോ ലഗൂൺ എന്ന തടാകമാണ് നിറം മാറിയത്. ഗുരുതരമായ മലിനീകരണത്തിന്റെ ബാക്കിപത്രമാണ് ഈ മാറ്റമെന്ന് പരിസ്ഥിതി വിദഗ്ധർ ശക്തമായ മുന്നറിയിപ്പ് നൽകുന്നു. സോഡിയം സൾഫൈറ്റ് എന്ന രാസവസ്തുവിന്റെ അളവ് ക്രമാതീതമായി വർധിച്ചതാണ് ഈ നിറംമാറ്റത്തിനു കാരണം. ചെമ്മീന്റെ സംസ്‌കരണത്തിനായി അർജന്‌റീനയിൽ ഈ രാസവസ്തു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തടാകത്തിൽ മാത്രമല്ല, മേഖലയിലെ പ്രധാന നദിയായ ചുബെറ്റിലും, തൊട്ടടുത്ത നഗരമായ റോസണിലെ വെള്ളത്തിലുമെല്ലാം ഇതിന്റെ തോത് വൻതോതിൽ വർധിച്ചിട്ടുണ്ട്.

ചുബെറ്റ് നദിയുമായി ബന്ധപ്പെട്ട് വലിയ തോതിൽ മത്സ്യസംസ്‌കരണ വ്യവസായമുണ്ട്. ഇതിൽ പല വൻകിട കമ്പനികളും പങ്കാളികളുമാണ്. എന്നാൽ മാലിന്യസംസ്‌കരണം ഫലവത്തായി ഇവിടെ നടക്കുന്നില്ലെന്നത് പണ്ടു മുതൽ തന്നെയുള്ള ആരോപണമാണ്. പ്യൂർട്ടോ മാഡ്രിൻ എന്നു പേരുള്ള സ്ഥലത്താണ് മാലിന്യസംസ്‌കരണ പ്ലാന്റ്. ഇങ്ങോട്ടേക്ക് അവശിഷ്ടങ്ങൾ എത്തിച്ച് സംസ്‌കരണം നടത്തുന്നത് വലിയ ചെലവുള്ള പ്രക്രിയയാണ്. ഇതിനു മിനക്കെടാതെ നദിയിലേക്ക് രാസമാലിന്യങ്ങൾ തള്ളുന്നതാണ് ഇപ്പോഴുള്ള അവസ്ഥയ്ക്ക് വഴിവച്ചതെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ റോസൺ നഗരത്തിൽ കഴിഞ്ഞ കുറച്ചു കാലമായി ഇടതടവില്ലാതെ നടക്കുന്നുണ്ട്. ദിദേന ഡസൺകണക്കിനു ട്രക്കുകളാണ് മാലിന്യവുമായി കോർഫോ ലഗൂൺ തടാകക്കരയിലെത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

എന്നാൽ സംഭവം താൽകാലികമാണെന്നും ദിവസങ്ങൾക്കുള്ളിൽ നിറം മാറി പഴയപടിയാകുമെന്നും ചുബെറ്റ് മേഖലയുടെ പരിസ്ഥിതി സംരക്ഷണ ചുമതലയുള്ള അധികൃതർ പറയുന്നു. എന്നാൽ സോഡിയം സൾഫൈറ്റ് പുറന്തള്ളുന്നതിനു മുൻപ് യഥാവിധി സംസ്‌കരിക്കണമെന്ന് ഇവർക്ക് അഭിപ്രായമുണ്ട്. ലോകത്ത് പല ജലാശയങ്ങളിലും മാലിന്യം പുറന്തള്ളൽ വലിയ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അടുത്തിടെ മാലിന്യത്തിന്റെ അളവ് കൂടിയതു മൂലം ബൊളീവിയയിൽ ഒരു തടാകം നിറഞ്ഞത് വാർത്തയായിരുന്നു. രാസപ്ലാന്റിൽ നിന്നു വൻതോതിൽ മാലിന്യം പുറന്തള്ളിയതുമൂലമുണ്ടായ റെഡ് ടൈഡ് എന്ന പ്രതിഭാസം മൂലം എട്ടുലക്ഷം കിലോയോളം വരുന്ന മത്സ്യസമ്പത്ത് ഫ്‌ളോറിഡയിൽ നശിച്ചതും അടുത്തിടെയാണ്.

 Pollution Turns an Argentinian Lake Bright Pink
Image Credit: AFP

ലോകത്ത് പല സ്ഥലങ്ങളിലും പ്രകൃതി തന്നെ പിങ്ക് നിറമുള്ള ജലത്തോട് കൂടിയ തടാകങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ പിങ്ക് ലേക്കുകൾ ലോകപ്രശസ്തമാണ്. എന്നാൽ അർജന്റീനയിലേതു പോലെ മാലിന്യത്തിന്റെ അതിപ്രസരം മൂലമല്ല ഇവ പിങ്ക് നിറത്തിലായത്. ഡൂണലില സലീന എന്ന ആൽഗെ ഇവയിൽ അധിവസിക്കുന്നതാണു നിറത്തിന്റെ കാരണം. ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന ഈ ആൽഗകൾ സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ബീറ്റ കരോട്ടിൻ എന്ന പിഗ്മെന്‌റ് പുറപ്പെടുവിക്കും. ഇതാണ് പിങ്ക് ലേക്കുകളുടെ പിങ്ക് നിറത്തിനു കാരണമാകുന്നത്.

എന്നാൽ ഓസ്‌ട്രേലിയയിൽ അടുത്തകാലത്തായി ഇത്തരം തടാകങ്ങളിൽ നിന്നു വൻതോതിൽ ഉപ്പ് സംസ്‌കരിച്ചെടുക്കുന്നുണ്ട്. ഇതു മൂലം വെള്ളത്തിലെ ഉപ്പിന്റെ അളവ് ധാരാളമായി കുറയുകയും ആൽഗെ സമ്പത്ത് നശിക്കുകയും ചെയ്തു. പിങ്ക് ലേക്കുകളിലെ വെള്ളം സാധാരണ നിറത്തിലാകാൻ ഇത് വഴിയൊരുക്കിയെന്നത് മറ്റൊരു വസ്തുത.

English Summary: Pollution Turns an Argentinian Lake Bright Pink

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com