വായു ഗുണനിലവാര സൂചിക പുതുക്കി ലോകാരോഗ്യ സംഘടന; ഇന്ത്യയ്ക്കു കടുത്ത വെല്ലുവിളി!

WHO tightens air quality norms over health hazard
Image Crdit: Shutterstock
SHARE

വായുഗുണനിലവാരം സംബന്ധിച്ച മാനദണ്ഡം പുതുക്കി ലോകാരോഗ്യ സംഘടന. 2005 ൽ നിലവിൽ വന്നശേഷം ഇതാദ്യമായാണ് ഇതു പുതുക്കുന്നത്. വായുവിലെ കാർബൺ, സൾഫർ പൊടികളുടെ അളവ് എത്രത്തോളമാകാമെന്നതു സംബന്ധിച്ച കണക്കാണിത്. ഈ പരിധിക്കപ്പുറത്തേക്കു കടന്നാൽ ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ മിക്ക രാജ്യങ്ങളും ലോകാരോഗ്യസംഘടന നിഷ്കർഷിക്കുന്ന നിലയിലേക്ക് വായു ഗുണനിലവാരത്തെ അടുപ്പിച്ചുനിർത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വായുഗുണനിലവാരം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുംവിധം രൂക്ഷമാണ്. 

പുതുക്കിയ മാനദണ്ഡങ്ങൾ കർശന നടപടികൾ എടുക്കാൻ രാജ്യങ്ങളെ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ദക്ഷിണേഷ്യയിലെ ഒരു രാജ്യവും ഡബ്ലിയു എച്ച് എ നിലവാരം പുലർത്തുന്നില്ല എന്നതും ഭാവിയിലെ വെല്ലുവിളിയാകും. 2009ലാണ് ഇന്ത്യ വായുഗുണനിലവാര മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചത്. നാഷനൽ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്സ് മാനദണ്ഡങ്ങൾ അടുത്ത വർഷം പുതുക്കാനിരിക്കെ ഈ അളവുകോൽ രാജ്യത്തിനു വഴികാട്ടും. 

2021ലെ പുതുക്കിയ മാനദമണ്ഡ‍മനുസരിച്ച് 24 മണിക്കൂർ തുടർച്ചയായ പരിശോധനയ്ക്കിടെ ഒരു ഘനയടി വായുവിലെ 2.5 മൈകോൺ ധൂളികളുടെ (പിഎം 2.5 അഥവാ പർട്ടിക്കുലേറ്റ് മാറ്റർ) അളവ് 15 മൈക്രോഗ്രാമിൽ അധികമാകാൻ പാടില്ല. നേരത്തെ 25 മൈക്രോഗ്രാം വരെ അനുവദനീയം ആയിരുന്നു. വാർഷിക ശരാശരി  5 മൈക്രോഗ്രാമായി നിജപ്പെടുത്തി. നേരത്തെ ഇത് 10 വരെ ആയിരുന്നു. പിഎം 10 ധൂളികളുടെ അളവ് 24 മണിക്കൂറിൽ 45 വരെ സുരക്ഷിതം. നേരത്തെ ഇത് 50 വരെ ആകാമായിരുന്നു. വാർഷിക ശരാശരി ഇനി മുതൽ 15 മൈക്രോഗ്രാമാണ്. നേരത്തെ ഇത് 20 ആയിരുന്നു. വായുവിലെ മറ്റൊരു മാലിന്യവാതകമായ ഓസോണിന്റെ അളവും ഡബ്ലിയുഎച്ച്ഒ നിശ്ചയിച്ചു. 

8 മണിക്കൂറിനുള്ളിൽ 100 മൈക്രോഗ്രാം വരെയും ഗതാഗത തിരക്കേറിയ വേളകളിൽ 60 മൈക്രോഗ്രാം വരെയുമാണ് അനുവദനീയ അളവ്. നൈട്രജൻ  ഡയോക്സൈഡിന്റെ  ശരാശരി വാർഷിക അളവ് 2005 ൽ നിശ്ചയിച്ച 40 മൈക്രോഗ്രാം എന്നത് പുതിയ മാനദണ്ഡത്തിൽ 10 ആക്കി കുറച്ചു. 24 മണിക്കൂറിൽ പരമാവധി 25 മൈക്രോഗ്രാമിൽ കൂടുന്നത് ആരോഗ്യത്തിന് ഹാനികരമാകും. വായുവിലെ സൾഫർ ഡൈയോക്സൈഡിന്റെ അളവിനു മാത്രമാണ്  ഇളവ് അനുവദിച്ചത്.  24 മണിക്കൂറിൽ 20 മൈക്രോഗ്രാം ആയിരുന്നത് ഇനി 40 വരെ ആകാമെന്ന് സംഘടന പറയുന്നു. കാർബൺ  മോണോക്സൈഡ് 24 മണിക്കൂറിനുള്ളിൽ  20 മൈക്രോഗ്രാം ആയിരുന്നത് 4 ആക്കി കുറച്ചു. 

ഇന്ത്യയിലെ 1.6 ലക്ഷം ശിശുമരണവും വായുമലിനീകരണം മൂലം 

Air pollution can cut 8 yrs off lives of 250 mln north Indians: Report
Image Crdit: Shutterstock

2019 ൽ ഇന്ത്യയിലുണ്ടായ 1.16 ലക്ഷം ശിശുമരണം വായുമലിനീകരണം മൂലമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വായുമലിനീകരണം മൂലം മരണമടഞ്ഞ ഇന്ത്യക്കാരുടെ എണ്ണം 16.7 ലക്ഷമാണെന്നും പഠനത്തിൽ പറയുന്നു. 2018 ൽ ലോകത്തുണ്ടായ 87 ലക്ഷം മരണങ്ങളുടെ കാരണം വായുമലിനീകരണമായിരുന്നു. ഫോസിൽ ഇന്ധനങ്ങൾ പുറന്തള്ളുന്ന വിഷവാതകങ്ങളാണ് ലോകത്തെ അഞ്ചിൽ ഒന്നു മരണങ്ങൾക്കു കാരണമെന്ന് ഹാവാഡ് സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു. ലോകത്തെ 15 ശതമാനം  കോവിഡ് മരണത്തിനും കാരണം വായുമലിനീകരണം (പിഎം 2.5 ധൂളികൾ)  മൂലം ശ്വാസകോശത്തിന്റെ ആരോഗ്യം നഷ്ടപ്പെട്ടതാണെന്നും കണ്ടെത്തി. 

2024 ആകുന്നതോടെ അന്തരീക്ഷ വായുവിലെ  പിഎം 2.5, പിഎം 10 ധൂളികളുടെ അളവ് 20– 30 ശതമാനം കുറയ്ക്കുകയാണ് ഇന്ത്യയുടെ ദേശീയ ശുദ്ധവായു പദ്ധതിയുടെ (എൻസിഎപി)  ലക്ഷ്യം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നാഷനൽ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്സ് നിശ്ചയിച്ചിരിക്കുന്നതും ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പുതുക്കിയ മാനദണ്ഡമനുസരിച്ച് ഡൽഹിയിലെ വാർഷിക മലിനീകരണ തോത് (പിഎം 2.5) സാധാരണയിൽ നിന്നു 16.8 മടങ്ങ് കൂടുതലാണ്. 

അഹമ്മദാബാദിലേത് 9.8 മടങ്ങും  കൊൽക്കത്തയിലേത് 9.4 മടങ്ങും മുംബൈയിലേത് 8 മടങ്ങും ഹൈദരാബാദിലേത് 7 മടങ്ങും ചൈന്നൈയിലേത് 5.4മടങ്ങും അധികമാണ്. 2020 ൽ ഡൽഹിയിൽ മാത്രം പൂർണവളർച്ചയെത്താതെ 57000 കുട്ടികൾ മരിച്ചു. ജിഡിപിയിൽ  14 ശതമാനം നഷ്ടമുണ്ടായി. ആഗോള താപനത്തെ  നേരിടാനും വായുമലിനീകരണം തടയാനും ഘട്ടംഘട്ടമായി പെട്രോളിയത്തിൽ നിന്നു മോചനം നേടണമെന്ന് ലോകത്തെ ആരോഗ്യ പ്രവർത്തകരുടെ ഏഷ്യൻ സംഗമം ആവശ്യപ്പെട്ടു. 

English Summary: WHO tightens air quality norms over health hazard

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS