ADVERTISEMENT

രാജ്യതലസ്ഥാന നഗരത്തിൽ വായു മലിനീകരണ നിരക്ക് അപകടകരമായ അവസ്ഥയിൽ. ദീപാവലി ആഘോഷങ്ങളിൽ പടക്കത്തിനേർപ്പെടുത്തിയ വിലക്ക് ജനങ്ങൾ ലംഘിച്ചതോടെ പൊടിയും പുകയും നിറഞ്ഞു കറുത്തിരുണ്ട അവസ്ഥയിലായിരുന്നു നഗരത്തിലെ അന്തരീക്ഷം. വായുനിലവാരം നിർണയിക്കുന്ന എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്സ്) ഇന്നലെ 462 എന്ന ഗുരുതരാവസ്ഥയിലെത്തി. പലർക്കും കണ്ണ് എരിയുന്ന അവസ്ഥയും മറ്റും അനുഭവപ്പെട്ടതായി  റിപ്പോർട്ടുണ്ട്. രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയിലെ കാഴ്ചപരിധി 200 മീറ്ററായി കുറഞ്ഞു. നാളെ വരെ ഇതേ നില തുടരുമെന്നാണു വിലയിരുത്തൽ. 

ജൻപഥ്, ഐടിഒ തുടങ്ങിയ പലയിടങ്ങളിലും ഇന്നലെ രാവിലെ 800നു മുകളിലാണ് എക്യുഐ രേഖപ്പെടുത്തിയത്. വായു നില വളരെ മോശമായാൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ നടപ്പാക്കിയിട്ടില്ലെന്നതും  വിമർശനമുയർത്തുന്നുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ,  ദീപാവലിക്കു തൊട്ടടുത്ത ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും മോശം  വായു നിലയായിരുന്നു ഇക്കുറി. ബുധനാഴ്ച 313 ആയിരുന്ന എക്യുഐ വ്യാഴാഴ്ച വൈകിട്ട് 382 എന്ന നിലയിലെത്തിയിരുന്നു. 

ദേശീയതലസ്ഥാന മേഖലയിലെ നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം 400നു മുകളിലാണു എക്യുഐ. വായുനിലവാരം മോശമാകുന്ന സാഹചര്യത്തിൽ അടുത്ത വർഷം ജനുവരി ഒന്നു വരെ പടക്കം നിരോധിച്ചിരുന്നെങ്കിലും  ഇന്നലെ വൈകിട്ട് ജനങ്ങൾ ഇതെല്ലാം മറന്ന് ആഘോഷം നടത്തിയതാണു വായുനില ഇത്രയേറെ മോശമാകാൻ കാരണം. 

ഡൽഹിയിൽ അനധികൃതമായി പലയിടത്തും വിൽപന നടന്നുവെന്നാണു വിലയിരുത്തൽ. അയൽ സംസ്ഥാനങ്ങളിൽ നിന്നും പലരും പടക്കമെത്തിച്ചു. പടക്കം പൊട്ടിക്കാൻ ബിജെപിയാണു  പ്രോത്സാഹനം നൽകിയതെന്നു വിമർശിച്ച് സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായ് രംഗത്തെത്തി. പടക്കം നിരോധിച്ചിട്ടും ബിജെപി പ്രവർത്തകർ മന:പൂർവം ജനങ്ങളെ പടക്കം പൊട്ടിക്കാൻ പ്രേരിപ്പിച്ചുവെന്നു അദ്ദേഹം ആരോപിച്ചു. 

‘വലിയൊരു വിഭാഗം ജനങ്ങൾ ഈ ദീപാവലി സീസണിൽ പടക്കം പൊട്ടിച്ചില്ല. അവർക്കു  നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഷിക വിള അവശിഷ്ടങ്ങൾ കത്തിക്കലും മലിനീകരണം ഉയരാൻ കാരണമായെന്നു വായുനിലവാരം പരിശോധിക്കുന്ന കേന്ദ്ര ഏജൻസിയായ സഫറിലെ ഗവേഷകർ പറഞ്ഞു. നഗരത്തിലെ വായു മലിനീകരണത്തിന്റെ 36 ശതമാനവും വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതു കാരണമെന്ന് ഇവർ വ്യക്തമാക്കി. 

ചീറ്റിപ്പോയ പടക്ക നിരോധനം

Delhi's 'Winter Action Plan' to fight pollution to be ready

ഡൽഹി നഗരം പരിധി ലംഘിച്ചതിന്റെ അനന്തരഫലമായിരുന്നു ഇന്നലെ അനുഭവിച്ചത്. പടക്കം പൊട്ടിക്കൽ നിരോധനം ലംഘിച്ച് ജനങ്ങൾ ദീപാവലി ആഘോഷിച്ചതോടെ  നഗരത്തിൽ ഇന്നലെ രാവിലെ മുതൽ പുക പടർന്നു. പലർക്കും തലവേദനയും ശ്വാസ തടസ്സവും കണ്ണെരിച്ചിലും അനുഭവപ്പെട്ടു. ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ 10 (പിഎം 10)ന്റെ നില ക്യുബിക് മീറ്ററിൽ 500 മൈക്രോഗ്രാം എന്ന നില ഇന്നലെ പുലർച്ചെ 5 മണിക്കു തന്നെ പിന്നിട്ടു. ഇതു രാവിലെ 9 മണിയായപ്പോൾ 511 എന്ന നിലയിലെത്തി. ഇതിന്റെ സുരക്ഷിത നില 60 മൈക്രോഗ്രാമാണ്!

ഡൽഹി നഗരത്തിലെ 39 വായു നിരീക്ഷണ കേന്ദ്രത്തിൽ 33 എണ്ണത്തിലും ഇന്നലെ വായുനില അപകടകരമായ നിലയിലാണു രേഖപ്പെടുത്തിയത്.  പടക്ക നിരോധനം ഏർപ്പെടുത്തിയെങ്കിലും ഇതു നടപ്പാക്കുന്നതിൽ പൊലീസും അധികൃതരും പരാജയപ്പെട്ടതിന്റെ തെളിവാണ് ദീപാവലി ദിവസം കണ്ടത്. ഡ‍ൽഹിയിലുൾപ്പെടെ രാത്രി വൈകിയും പടക്കം പൊട്ടിക്കൽ തുടർന്നു. ഡൽഹിക്കു ചേർന്നുള്ള 14 ജില്ലകളിൽ ഹരിയാന സർക്കാർ പടക്ക നിരോധനം ഏർപ്പെടുത്തിയിരുന്നു. യുപി സർക്കാരാകട്ടെ 2 മണിക്കൂർ ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ മാത്രമാണ് അനുമതി നൽകിയിരുന്നത്. 

മറ്റിടങ്ങളിലെ എക്യുഐ:

∙ ഫരീദാബാദ്– 454

∙ ഗ്രേറ്റർ നോയിഡ– 410

∙ ഗാസിയാബാദ്– 438

∙ ഗുരുഗ്രാം– 473

∙ നോയിഡ– 456

ആശങ്കപ്പെട്ട് ജസ്റ്റിസ് രവീന്ദ്ര ഭട്ട്

delhi-air-pollution
Image Credit: Shutterstock

‘പുറത്തെ വായു ഒട്ടും നല്ലതല്ല’ സുപ്രീം കോടതി ജഡ്ജി എസ്.രവീന്ദ്ര ഭട്ട് ആശങ്കപ്പെട്ടു. ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണു സുപ്രീം കോടതി ജഡ്ജി ഇക്കാര്യം പറഞ്ഞത്. ‘ഇന്നു രാവിലെ ആകെയുള്ള നല്ല കാര്യം ഈ ചടങ്ങ് മാത്രമാണ്. പുറത്തേക്കു നോക്കൂ എത്ര മോശമാണ് വായുനില’ അസീം ചൗളയെഴുതിയ ‘ഫൈൻഡിങ് എ സ്ട്രെയിറ്റ് ലൈൻ ബിറ്റ്‍വീൻ ട്വിസ്റ്റ് ആൻഡ് ടേൺസ്’ എന്ന പുസ്തകം പ്രകാശനം ചെയ്ത് അദ്ദേഹം പറഞ്ഞു. ദീപാവലിക്കു ശേഷം നഗരത്തിലെ വായുനില വളരെ മോശമായ സാഹചര്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 

92 കേന്ദ്രങ്ങളിലെ നിർമാണം നിർത്തി

വായു മലിനീകരണം ഗുരുതരമായതോടെ 92 നിർമാണ കേന്ദ്രങ്ങളിലെ ജോലികൾ ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി (ഡിപിസിസി) നിരോധിച്ചു. പൊടി നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചുവെന്നു കാട്ടിയാണു നടപടി. പരിശോധന കർശനമാക്കാനും ചട്ടലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്. 37 നിർമാണ കേന്ദ്രങ്ങൾ നോർത്ത് ഡൽഹി ജില്ലയിലാണ്. പരിസ്ഥിതി ആഘാത പിഴയായി 9 ലക്ഷം രൂപ ഇവരിൽ നിന്ന് ഈടാക്കാനും നിർദേശിച്ചിട്ടുണ്ട്. ന്യൂഡൽഹി ജില്ലയിൽ 33 ജോലികൾക്കാണു വിലക്ക്. സെൻട്രൽ ഡൽഹിയിൽ 12 പദ്ധതികളും നോർത്ത് വെസ്റ്റ് ഡൽഹിയിൽ 10 പദ്ധതികളും വിലക്കി.

കാഴ്ചമറച്ച്....

ദീപാവലിക്കു ശേഷം രാജ്യതലസ്ഥാന നഗരിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായപ്പോൾ. രാജ്പഥിൽ നിന്നു രാഷ്ട്രപതി ഭവൻ കാണാൻ കഴിയാത്ത വിധം നഗരം പൊടിയിൽ മുങ്ങി. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടിയും സ്ഥിതി വഷളാക്കി.

English Summary: Air quality in Delhi remains 'severe'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com