വായു നിലവാരം ‘മെച്ചപ്പെട്ട’ സാഹചര്യത്തിൽ 29 മുതൽ സ്കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമെന്ന് മന്ത്രി ഗോപാൽ റായ് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ ഓഫിസുകളിലും എല്ലാ ജീവനക്കാരും 29 മുതൽ നേരിട്ടു ജോലിക്കു ഹാജരാകണമെന്നും മന്ത്രി പറഞ്ഞു. വായു നിലവാരം മെച്ചപ്പെട്ടതിന്റെ സാഹചര്യത്തിലാണു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വായു മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി കെട്ടിട നിർമാണം, കെട്ടിടം പൊളിക്കൽ എന്നിവയ്ക്കു സർക്കാർ ഏർപ്പെടുത്തിയ നിരോധനം ഈയിടെ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണു വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനുള്ള തീരുമാനം.
എന്നാൽ, ലോറികൾക്കുള്ള നിരോധനം തുടരും. അവശ്യ സാധനങ്ങളുമായി സർവീസ് നടത്തുന്ന ലോറികൾക്കു മാത്രമേ ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഡിസംബർ 3 വരെയാണ് ട്രക്കുകൾക്കു നിരോധനം. സിഎൻജി, ഇലക്ട്രിക് ട്രക്കുകൾക്കു പ്രവേശനം അനുവദിക്കുമെന്നു മന്ത്രി വ്യക്തമാക്കി. വായു മലിനീകരണം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണു പ്രഖ്യാപനം. സർക്കാർ വാടകയ്ക്കെടുത്ത സിഎൻജി ബസുകൾ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന സർക്കാർ ജീവനക്കാരെ ഓഫിസുകളിലെത്തിക്കാൻ ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.
പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനാണു ജീവനക്കാരെ ബസുകളിൽ കൊണ്ടുവരുന്നത്. ഡൽഹി സെക്രട്ടേറിയറ്റിൽ നിന്ന് ഐടിഒയിലേക്കും ഇന്ദ്രപ്രസ്ഥ മെട്രോ സ്റ്റേഷനിലേക്കും സർക്കാർ ജീവനക്കാർക്കു മാത്രമായി ബസ് സർവീസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. വായു നിലവാരം മെച്ചപ്പെട്ടെന്ന് അവകാശപ്പെട്ടാണു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചതെങ്കിലും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പു പ്രകാരം വായുനിലവാരം വീണ്ടും അതീവ മോശം സ്ഥിതിയിലേക്കു നീങ്ങുകയാണ്. കാറ്റിന്റെ വേഗം കുറഞ്ഞതാണ് വായു നിലവാരം മോശമാകാൻ കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
എക്യുഐ 361
വായു നിലവാരം വീണ്ടും തീരെ മോശം അവസ്ഥയിലെന്നു കാലാവസ്ഥ വകുപ്പ്. ഡൽഹിയിലെ വായു നിലവാര സൂചികയിൽ ഇന്നലെ 361 രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇത് 300നു താഴെപ്പോയിരുന്നെങ്കിലും കാറ്റിന്റെ വേഗം കുറഞ്ഞതോടെ വീണ്ടും സ്ഥിതി വഷളായി. ഡൽഹിയുടെ സമീപ പ്രദേശങ്ങളിലും വായു നിലവാരം മോശം അവസ്ഥയിലാണ്. ഫരീദാബാദ് (367), ഗാസിയാബാദ് (366), ഗ്രേറ്റർ നോയിഡ (312), ഗുരുഗ്രാം (305), നോയിഡ (325) എന്നിവിടങ്ങളിലും വായു നിലവാര സൂചികയിൽ 300നു മുകളിലാണ് രേഖപ്പെടുത്തിയത്.
English Summary: Delhi air quality likely to improve from today