1937 ലാണ് പസിഫിക് സമുദ്രത്തിലെ ഹെന്‍ഡേഴ്സണ്‍ ദ്വീപ് ബ്രിട്ടിഷ് റോയല്‍ നേവി കണ്ടെത്തുന്നത്. ദക്ഷിണ അമേരിക്കയാണ് ഈ ദ്വീപിനോട് ഏറ്റവും അടുത്തുകിടക്കുന്ന വന്‍കര. ദക്ഷിണ അമേരിക്കയിലെ ചിലെയില്‍ നിന്ന് ഏതാണ്ട് 5800 കിലോമീറ്റര്‍ അകലെയാണ് ഹെന്‍ഡേഴ്സണ്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇപ്പോഴും ആള്‍ത്താമസമില്ലാതെ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപ് പക്ഷേ അറിയപ്പെടുന്നത് ലോകത്തെ ഏറ്റവും മലിനമായ ദ്വീപ് എന്നാണ്. ഇതിനു കാരണം ഈ ദ്വീപിലേക്ക് വന്നടിയുന്ന മനുഷ്യനിര്‍മിത മലിന വസ്തുക്കള്‍ തന്നെയാണ്. ഒരു ദിവസത്തില്‍ ശരാശരി 270 മനുഷ്യനിര്‍മിത വസ്തുക്കളാണ് ഈ ദ്വീപിലേക്ക് കടല്‍ത്തിരയില്‍ പെട്ടെത്തുന്നത്.
37.3 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവ് മാത്രമാണ് ഈ ദ്വീപിന്‍റെ വലുപ്പം. കേരളത്തില്‍ കൊച്ചി നഗരത്തിന്‍റെ തന്നെ വലുപ്പം 98.2 ചതുരശ്ര കിലോമീറ്ററാണെന്ന് പറയുമ്പോള്‍ ഈ ദ്വീപ് എത്ര ചെറുതാണെന്ന് ഊഹിക്കാവുന്നതേയുള്ളു. എന്നാല്‍ ഏതാണ്ട് 40 ദശലക്ഷം പ്ലാസ്റ്റിക്ക് വസ്തുക്കളാണ് ഈ ദ്വീപില്‍ കുമിഞ്ഞുകൂടി കിടക്കുന്നതെന്നാണ് കണക്കുകൂട്ടുന്നത്. പസിഫിക്കിന്‍റെ ഏതാണ് ഒത്ത മധ്യത്തിലായുള്ള കിടപ്പാണ് ഇത്രയധികം പ്ലാസ്റ്റിക് ഈ ദ്വീപിലേക്കെത്താനുള്ള കാരണമെന്നാണ് കരുതുന്നത്. പസിഫിക്കിലെ എല്ലാ മേഖലയില്‍ നിന്നുമുള്ള ഒഴുക്ക് ഈ ദ്വീപിലേക്കെത്തിച്ചേരാറുണ്ട്. ഇതുകൊണ്ട് തന്നെയാണ് പസിഫിക്കിലെക്കെത്തുന്ന മാലിന്യത്തിന്‍റെ ചെറുതല്ലാത്ത പങ്ക് ഈ ദ്വീപിലേക്ക് വന്നടിയുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
തെറ്റായി രേഖപ്പെടുത്തിയ ലൊക്കേഷന്‍
അതേസമയം മലിനീകരണത്തിന്‍റെ പേരില്‍ ഇത്രയധികം ശ്രദ്ധ പിടിച്ചു പറ്റിയ ഈ കുഞ്ഞന്‍ ദ്വീപ് എവിടെയാണെന്ന കാര്യത്തില്‍ അടുത്ത കാലത്ത് സംശയം ഉണ്ടായിരുന്നു. പസിഫിക്കിലെ കാലാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ ഈ ദ്വീപിനെ ഉപയോഗപ്പെടുത്താന്‍ ഗവേഷകര്‍ ശ്രമിച്ചതോടെയാണ് ഈ സംശയം ഉയര്‍ന്നത്. തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ 1937 ല്‍ ബ്രിട്ടിഷ് നേവിയാണ് ഇത് കണ്ടെത്തിയത്. അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ദ്വീപിന്‍റെ സ്ഥീനവും ഘടനയും എല്ലാം നിര്‍ണ്ണയിച്ചത്. ഇവ രണ്ടും ഇന്ന് സാറ്റലൈറ്റിന്‍റെ ഉപയോഗിച്ച് പുനര്‍നിര്‍ണയിച്ചപ്പോഴാണ് ലൊക്കേഷന്‍ രേഖപ്പെടുത്തിയതിലെ തെറ്റ് തിരിച്ചറിഞ്ഞത്.
മുന്‍പ് രേഖപ്പെടുത്തിയ മേഖലയില്‍ നിന്ന് ഏതാണ്ട് 1 മൈല്‍ മാറിയാണ് ദ്വീപിന്‍റെ യഥാർഥ ലൊക്കേഷന്‍ എന്ന് ഗവേഷകര്‍ പറയുന്നു. ഈ മേഖലയില്‍ പട്രോളിങ്ങിനായി ഉപയോഗിച്ചിട്ടുള്ള ബ്രിട്ടിഷ് കപ്പല്‍ എച്ച്എംഎസ് സ്പേയുടെ സഹായത്തോടെയാണ് ലൊക്കേഷന്‍ നിര്‍ണയം പൂര്‍ത്തിയാക്കിയത്. കപ്പലിലെ റഡാറുപയോഗിച്ചാണ് സാറ്റ്‌ലെറ്റിന് ദ്വീപിലേക്കുള്ള യഥാർഥ ദിശ കാട്ടിക്കൊടുത്തത്. തുടര്‍ന്ന് ദ്വീപിന്‍റെ കൃത്യമായ സ്ഥാനം നിര്‍ണയിക്കുകയായിരുന്നു.
ദ്വീപിനെ കേന്ദ്രമാക്കി കാലാവസ്ഥാ പഠനം ആരംഭിക്കുന്നത് ദ്വീപിന് എത്രത്തോളം ഗുണകരമാകുമെന്നതില്‍ വ്യക്തതയില്ല. ഇവിടെ അടിഞ്ഞ് കൂടിയിരിക്കുന്ന പ്ലാസ്റ്റിക്, ദ്വീപിന്‍റെ ജൈവഘടനയെ ബാധിക്കുന്നുണ്ടെന്ന് നിസ്സംശയം പറയാന്‍ കഴിയും. എന്നാല്‍ ഇവിടെ നിന്ന് ഈ മാലിന്യ നീക്കം ചെയ്യുകയെന്നത് പ്രായോഗികമാകാനും സാധ്യതയില്ല. കടല്‍പക്ഷികളെയും ദ്വീപിനോട് ചേര്‍ന്ന് ജീവിക്കുന്ന ചെറു ജീവികളെയുമാകും ഈ മാലിന്യക്കൂമ്പാരം ഏറ്റവും പ്രതികൂലമായി ബാധിക്കുക.
English Summary: "World's Most Polluted Island" Is Mapped In The Wrong Place, Finds British Royal Navy