ADVERTISEMENT

അതീവ പ്രവർത്തനശേഷിയുള്ള ഹൈഡ്രോട്രൈയോക്സൈഡുകൾ എന്ന രാസവസ്തുക്കൾ അന്തരീക്ഷത്തിൽ താൽകാലികമായെങ്കിലും രൂപപ്പെടുന്നുണ്ടെന്ന് ഗവേഷണം. അനവധി മണിക്കൂറുകൾ ഇവ അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. ലോക കാലാവസ്ഥയെയും മനുഷ്യരുടെ ആരോഗ്യത്തെയും ബാധിക്കുന്ന തരത്തിലുള്ളതാണ് ഈ വസ്തുക്കളെന്ന് ശാസ്ത്രലോകം സംശയിക്കുന്നു. മറ്റു രാസവസ്തുക്കളുമായി ഹൈഡ്രോ ട്രൈയോക്സൈഡുകൾ  പെട്ടെന്നു പ്രവർത്തിക്കുമെന്നും ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിൽ പറയുന്നു.

 

അന്തരീക്ഷപ്രവർത്തനങ്ങളെക്കുറിച്ചുള്ള ധാരണയിൽ പുനർവിചിന്തനം ആവശ്യപ്പെടുന്ന സംഭവമാണ് ഈ  കണ്ടെത്തൽ. അന്തരീക്ഷ സാഹചര്യങ്ങളിൽ നിലനിൽക്കാൻ ഹൈഡ്രോട്രൈയോക്സൈഡുകൾക്ക് കഴിയില്ല എന്നതായിരുന്നു ഇതുവരെയുള്ള പൊതുധാരണ. എന്നാൽ ഹൈഡ്രോട്രൈയോക്സൈഡുകൾ മറ്റു രാസപ്രവർത്തനത്തിൽ ഉടലെടുക്കുന്നുണ്ടെന്നും ഇവയ്ക്ക് അന്തരീക്ഷ സാഹചര്യങ്ങളിൽ നിലനിൽക്കാൻ സാധിക്കുമെന്നും പുതിയ ഗവേഷണം വ്യക്തമാക്കുന്നു. ഡെൻമാർക്കിലെ കോപൻഹേഗൻ സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തൽ നടത്തിയത്. 

 

ഹൈഡ്രോട്രൈയോക്സൈഡുകൾ 20 മിനിറ്റുകൾ വരെ അന്തരീക്ഷത്തിൽ നിലനിൽക്കുന്നതായി തങ്ങൾക്ക് കണ്ടെത്താൻ സാധിച്ചെന്നു ഗവേഷണത്തിനു നേതൃത്വം വഹിച്ച ഹെൻറിക് ഗ്രം എന്ന ശാസ്ത്രജ്ഞൻ പറയുന്നു. ഇതെക്കുറിച്ചുള്ള പഠനഫലങ്ങളും മറ്റു ഗവേഷണവിവരങ്ങളും സയൻസ് എന്ന പ്രശസ്തമായ ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു. ഹൈഡ്രജൻ പോളി ഓക്സൈഡ് എന്ന രാസസംയുക്ത ഗണത്തിൽ പെടുന്നവയാണ് ഹൈഡ്രോട്രൈയോക്സൈഡുകൾ. വെള്ളവും ഹൈഡ്രജൻ പോളി ഓക്സൈഡാണ്. വെള്ളത്തിൽ രണ്ട് ഹൈഡ്രജൻ ആറ്റങ്ങളും ഒരു ഓക്സിജൻ ആറ്റവുമുണ്ട്. ഈ ഗണത്തിൽ വരുന്ന മറ്റൊരു രാസസംയുക്തം ഹൈഡ്രജൻ പെറോക്സൈഡെന്ന സാധാരണയായി കാണപ്പെടുന്ന രാസവസ്തുവാണ്. രണ്ട് ഹൈഡ്രജൻ ആറ്റമുകളും രണ്ട് ഓക്സിജൻ ആറ്റമുകളും അടങ്ങിയതാണ് ഹൈഡ്രജൻ പെറോക്സൈഡിന്റെ തന്മാത്ര.വെള്ളമൊഴിച്ചുള്ള പല ഹൈഡ്രജൻ പോളി ഓക്സൈഡുകളും പെട്ടെന്നു പ്രവർത്തിക്കാനും കത്താനും ശേഷിയുള്ള രാസസംയുക്തങ്ങളാണ്.

 

ഹൈഡ്രോട്രൈയോക്സൈഡുകളിൽ മൂന്ന് ഓക്സിജൻ ആറ്റമുകളുണ്ട്. ഇവയെ അതീവ പ്രവർത്തനശേഷിയുള്ളതാക്കുന്നതും ഈ സവിശേഷതയാണ്. ഐസോപ്രിൻ എന്ന രാസവസ്തുവിൽ ഓക്സിഡേഷൻ പ്രവർത്തനം നടക്കുന്നതാണ് ഇതിന്റെ രൂപീകരണത്തിനു ഹേതുവാകുന്ന പ്രധാന സംഭവം. സസ്യങ്ങളും ജീവികളും ഐസോപ്രിൻ പുറത്തുവിടാറുണ്ട്. സ്വാഭാവിക റബറിലെ പ്രധാന രാസസംയുക്തവും ഇതാണ്. അന്തരീക്ഷത്തിലേക്കു വിടുന്ന ഐസോപ്രിനിൽ ഒരു ശതമാനം ഹൈഡ്രോട്രൈയോക്സൈഡുകളായി മാറുന്നെന്നാണ് ഇപ്പോൾ ഗവേഷണത്തിൽ വെളിപ്പെട്ടിരിക്കുന്നത്.

 

ഹൈഡ്രോട്രൈയോക്സൈഡുകൾ മനുഷ്യരുടെ ആരോഗ്യത്തെയോ പരിസ്ഥിതിയെയോ എങ്ങനെ ബാധിക്കുന്നെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. ചെറിയ തോതിലെങ്കിലും ഇവ അകത്തേക്കു ചെല്ലുന്നത് ശ്വാസകോശത്തെ ബാധിച്ചേക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അന്തരീക്ഷത്തിൽ ഓക്സിഡന്റ് എന്ന രീതിയിൽ പ്രവർത്തിക്കുന്ന ഇവ പരിസ്ഥിതിയിലും കാലാവസ്ഥയിലും എന്തെല്ലാം മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നതും ചോദ്യചിഹ്നമാണ്. ഇതിനും വരും കാലഗവേഷണങ്ങൾ ഉത്തരം നൽകിയേക്കും.

 

English Summary: New, extremely reactive chemical discovered in the atmosphere

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com