പടക്കം പൊട്ടിച്ച് ചെന്നൈ നഗരം, ആഘോഷം കളറായി; കലങ്ങിമറിഞ്ഞ് ആകാശവും ഭൂമിയും

 Deepavali celebrations leave Chennai suffocated, Air Quality Index drops to severe in several localities
Image Credit: Twitter/ goa_man
SHARE

പടക്കം പൊട്ടിച്ച് ചെന്നൈ നഗരം ദീപാവലി ആഘോഷിച്ചപ്പോൾ ബാക്കിയായത് മാലിന്യവും അന്തരീക്ഷ മലിനീകരണവും. ശബ്ദ മലിനീകരണത്തോതും അപകടകരമായ നിലയിലേക്ക് ഉയർന്നതായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ തെളിയിക്കുന്നു. നിയന്ത്രണങ്ങൾ മറികടന്നും നഗരവാസികൾ പടക്കം പൊട്ടിച്ചപ്പോൾ പൊലീസ് സംഘങ്ങൾക്ക് പിടിപ്പതു പണിയായിരുന്നു. 500 ടണ്ണിലേറെ മാലിന്യമാണു പ്രത്യേക വാഹനങ്ങളിൽ നീക്കം ചെയ്യുന്നത്.

സംസ്ഥാനത്ത് 284 തീപിടിത്തങ്ങളും റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രി മുതൽ ‍ചൊവ്വാഴ്ച രാവിലെ വരെ ചെന്നൈയിൽ ‍മാത്രം 180 തീപിടിത്തങ്ങളുണ്ടായി. ഇതിൽ കീഴ്കട്ടിളെയിൽ ഹാർഡ്‌വെയർ കടയിലും അശോക് നഗറിലെ മരുന്നു സംഭരണ കേന്ദ്രത്തിലും എണ്ണൂർ കാർഗിൽ നഗറിലും ഉണ്ടായ തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിരക്ഷാസേനയ്ക്ക് മണിക്കൂറുകൾ അധ്വാനിക്കേണ്ടി വന്നു.

നിയന്ത്രണങ്ങൾ ലംഘിച്ചതിന് 354 കേസുകൾ

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങൾ പൊട്ടിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലംഘിച്ചതിനു നഗരത്തിൽ റജിസ്റ്റർ ചെയ്തത് 354 കേസുകൾ. ഇതിൽ ‍271 എണ്ണം സമയ പരിധി ലംഘിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ്. തമിഴ്നാട് സർക്കാർ നിർദേശിച്ചിട്ടുള്ള മാർഗരേഖകൾ ‍ലംഘിച്ചു പടക്കക്കടകൾ സ്ഥാപിച്ചതിന് 14 കേസുകളും അനുവദനീയമായതിലും ഉയർന്ന ഡെസിബൽ നിലയിലുള്ള പടക്കങ്ങൾ പൊട്ടിച്ചതിന് 69 കേസുകളും റജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. സുപ്രീം കോടതി നിർദേശാനുസരണം രാവിലെ 6 മുതൽ 7 വരെയും വൈകിട്ട് 7 മുതൽ 8 വരെയുമായിരുന്നു പടക്കങ്ങൾ പൊട്ടിക്കാൻ അനുവദിച്ച സമയം. 125 ഡെസിബല്ലിൽ കൂടുതൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങളുടെയും ചൈനീസ് പടക്കങ്ങളുടെയും ഉപയോഗം നിരോധിച്ചിരുന്നു.

പടക്കമാലിന്യം മാത്രം 500 ടണ്ണിലേറെ

ചെന്നൈ കോർപറേഷന്റെ 15 മേഖലകളിലും നിന്ന് പടക്കമാലിന്യം നീക്കാനായി 20,000ൽ കൂടുതൽ തൊഴിലാളികളെ നിയോഗിച്ചു നഗരസഭ. തിങ്കളാഴ്ച രാത്രി തന്നെ മിക്ക മേഖലകളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സാധാരണ ദിവസങ്ങളിൽ 5,100 ടൺ മാലിന്യമാണു നഗരത്തിൽ നിന്നു നീക്കം ചെയ്യുന്നത്. ദീപാവലി ദിനങ്ങളിലെ പടക്കമാലിന്യം മാത്രം 500 ടണ്ണിലേറെ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപകട സാധ്യതയുള്ളതിനാൽ പടക്ക മാലിന്യം പ്രത്യേകം കൈകാര്യം ചെയ്യേണ്ടതുമുണ്ട്. ഗുമ്മിഡിപൂണ്ടി സിപ്കോട്ട് ക്യാംപസിലെ തമിഴ്നാട് വേസ്റ്റ് മാനേജ്മെന്റ് കേന്ദ്രത്തിലേക്കാണ് പടക്കമാലിന്യം നീക്കം ചെയ്യുന്നത്. ഇതിനായി മാത്രം 33 വാഹനങ്ങൾ ഏർപ്പെടുത്തിയതായി കോർപറേഷൻ അധികൃതർ പറഞ്ഞു.

English Summary: Deepavali celebrations leave Chennai suffocated, Air Quality Index drops to severe in several localities

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA